അത്യാധുനിക ദീർഘദൂര സൂയ്സൈഡ് ഡ്രോൺ ആയ 'ഗാർപ്പിയ-A1E' (Garpia-A1E) വിദേശരാജ്യങ്ങൾക്ക് വിൽക്കാനൊരുങ്ങി റഷ്യ. അടുത്തിടെ നടന്ന തത്സമയ പരീക്ഷണങ്ങൾക്കുശേഷം നിരവധി വിദേശരാജ്യങ്ങൾ ഈ അത്യാധുനിക ആയുധത്തിൽ വലിയ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതിപദ്ധതികൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഏതൊക്കെ രാജ്യങ്ങളാണ് ഇതിനായി താത്പര്യം അറിയിച്ച് രംഗത്തുവന്നതെന്ന് വെളിപ്പെടുത്താൻ റഷ്യൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
ലക്ഷ്യം തകർത്ത് സ്വയം നശിക്കുന്ന ആയുധം
മറ്റു സാധാരണ ഡ്രോണുകളിൽനിന്നും വ്യത്യസ്തമായി, ഒരിക്കൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഡ്രോണുകളാണ് ഗാർപ്പിയ-എ1ഇ. മുൻകൂട്ടി നിശ്ചയിച്ച മാർഗത്തിൽ പറക്കുകയും ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ സ്വയം പൊട്ടിത്തെറിച്ച് ശത്രുവിനെ പൂർണമായി നശിപ്പിക്കുകയും ചെയ്യുന്നു. ദൗത്യം പൂർത്തിയാക്കുന്നതിനൊപ്പം സ്വയം നശിക്കുക കൂടി ചെയ്യുന്നതിനാലാണ് ഇതിനെ സൂയ്സൈഡ് ഡ്രോൺ എന്ന് വിളിക്കുന്നത്.
3.4 മീറ്റർ നീളമുള്ള ഈ ഡ്രോണിന് മൂന്നുമീറ്റർ നീളമുള്ള ചിറകുകളുണ്ട്. 250 കിലോഗ്രാം ആണ് ഇതിന്റെ ടേക്ക് ഓഫ് ഭാരം. പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ആയുധത്തെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ എയർഫ്രെയിം നിർമിച്ചിരിക്കുന്നത്. വാലില്ലാത്ത രൂപകല്പനയും പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന പ്രൊപ്പല്ലറുമാണ് ഇതിന്റെ പ്രത്യേകത.
മണിക്കൂറിൽ പരമാവധി 170 കിലോമീറ്റർ വേഗതയിൽ പറക്കാൻ ഇതിനാകും. സമുദ്രനിരപ്പിൽനിന്നും 50 മീറ്റർമുതൽ 2,500 മീറ്റർവരെ ഉയരത്തിൽ ഇതിന് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും. ആറുമണിക്കൂറിലധികം തുടർച്ചയായി ആകാശത്ത് തുടരാൻ ഗാർപ്പിയ-A1E-ക്ക് കഴിയും.
1,000 കിലോമീറ്റർവരെ ദൂരപരിധിയുള്ള ഗാർപ്പിയ-A1E, നിലവിലുള്ള ലോയിറ്ററിങ് മ്യുണിഷനുകളിൽ ഈയൊരു ദൂരപരിധിയുള്ള ഒരേയൊരു ആയുധമാണെന്ന് റഷ്യൻ സർക്കാർ ആയുധ കയറ്റുമതി ഏജൻസിയായ റോസോബോറോൺ എക്സ്പോർട്ട് ജനറൽ ഡയറക്ടർ അലക്സാണ്ടർ മിഖീവ് അവകാശപ്പെടുന്നു.
50 കിലോഗ്രാമിലധികം യുദ്ധോപകരണങ്ങൾ വഹിക്കാൻ ഈ ഡ്രോണിന് കഴിയും. ലക്ഷ്യസ്ഥാനത്തുനിന്നും വെറും നാലുമീറ്റർ പരിധിക്കുള്ളിൽ കൃത്യമായി പതിക്കാൻ ഇതിന് സാധിക്കും.
വിദേശരാജ്യങ്ങളുമായുള്ള കരാർ എങ്ങനെ?
അൽമാസ്-ആന്റേയ് എന്ന കമ്പനിയാണ് ഗാർപ്പിയ-A1E വികസിപ്പിച്ചത്. അന്താരാഷ്ട്ര കരാറുകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിർമാണ സൗകര്യങ്ങൾ കമ്പനി വിപുലീകരിച്ചിട്ടുണ്ട്. റഷ്യയുടെ തന്നെ ആഭ്യന്തര ആവശ്യങ്ങൾക്ക് പരിഗണന നൽകിയതിനുശേഷം മാത്രമേ മറ്റ് രാജ്യങ്ങൾക്ക് ഈ ഡ്രോണുകൾ നൽകുകയുള്ളൂ. വിദേശരാജ്യങ്ങൾക്ക് നേരിട്ട് വിൽക്കുന്നതിന് പുറമെ റഷ്യയോട് സൗഹൃദം പുലർത്തുന്ന രാജ്യങ്ങളിൽ പ്രാദേശികമായി ഈ ഡ്രോൺ നിർമിക്കുന്നതിനുള്ള കരാറുകൾക്കും റോസോബോറോൺ എക്സ്പോർട്ട് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഗാർപ്പിയ-A1E-യുടെ വില വിവരങ്ങളോ എന്നുമുതൽ വിതരണം ആരംഭിക്കുമെന്നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: Russia is preparing to export its highly advanced 'Garpia-A1E' suicide drone, which boasts a remarkable 1,000 km range and a 50 kg payload, attracting significant interest from several unnamed foreign nations following successful live trials.
Published: 30 Aug 2026, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented