മുത്തശ്ശി തന്ന മൂവായിരം രൂപയ്ക്ക് വാങ്ങിയ വില്ലുമായി അമ്പെയ്ത്തിന്റെ വലിയ ലോകത്തേക്ക് ചുവടുവെക്കുമ്പോൾ കുങ്കും അനിൽ മൊഹോദെന്ന കൗമാരക്കാരി ഇതുപോലൊരു നിമിഷം സ്വപ്‌നം കണ്ടിട്ടുണ്ടാകുമോ. എയ്തുവീഴ്ത്താൻ മുന്നിലുള്ള ലക്ഷ്യത്തേക്കാൾ ഒരുപക്ഷേ പ്രതിസന്ധികളുടെ വലിയ ഭാരമായിരിക്കണം അലട്ടിയിരുന്നിട്ടുണ്ടാവുക. എന്നാൽ തളർന്നില്ല. മുന്നോട്ടുതന്നെ കുതിച്ചു. ആ കുതിപ്പ് ഇന്ന് ഏഷ്യൻ ഗെയിംസിന്റെ വേദിയിൽ വരെയെത്തി. വനിതകളുടെ അമ്പെയ്ത്തിൽ റിക്കർവ് ഇനത്തിൽ ചരിത്രമെഴുതിയാണ് ഇന്ത്യയുടെ കുങ്കും അനിൽ മൊഹോദ് തിളങ്ങിയത്. പതിനേഴുകാരി സ്വർണമണിഞ്ഞത് ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടത്തോടെയാണ്. സമാനതകളില്ലാത്ത തുടക്കം.
2018-ൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നാണ് മൊഹോദിയുടെ അമ്പെയ്ത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഒരു ബന്ധുവിന്റെ മകൾ പരിശീലിക്കുന്നത് കണ്ട് മൊഹോദിയുടെ അമ്മയാണ് അമ്പെയ്ത്തിന്റെ ലോകത്തേക്ക് മൊഹോദിയേയും കൊണ്ടുപോകുന്നത്. പ്രഫുൽ ഡാംഗെയുടെ രാധേ ആർച്ചറി അക്കാദമിയിലായിരുന്നു പരിശീലനം. അമ്പെയ്ത്തിൽ ഭാഗ്യം പരീക്ഷിക്കാൻ അമ്മ രൂപാലിയുടെ പ്രോത്സാഹനത്തോടെ മുന്നോട്ടേക്ക്. അക്കാദമിയിൽ മൊഹോദിയുടെ കഴിവ് ഡാംഗെ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. പഠിക്കാനുള്ള താത്പര്യവും കണക്കിലെടുത്തതോടെ ഡാംഗെയുമൊത്ത് ആ കൗമാരക്കാരി അമ്പെയ്ത്തിന്റെ ലോകത്തേക്ക് കടന്നു.
മരത്തിന്റെ വില്ലുമായാണ് മഹോദ് അമ്പെയ്തുതുടങ്ങിയത്. ഏകദേശം 3,000 രൂപയോളമായിരുന്നു ഇതിന്റെ വില. അത് വാങ്ങാൻ പണം നൽകിയത് അവളുടെ മുത്തശ്ശിയായിരുന്നു. പിന്നീട് ലക്ഷ്യങ്ങളിൽ പിഴയ്ക്കാതെ അമ്പെയ്ത കുങ്കും രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെട്ടു. അമ്പെയ്ത്ത് തുടങ്ങി ആറുമാസത്തിനകം തന്നെ മൊഹോദ് മെഡലും നേടി. സബ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലോടെയായിരുന്നു തുടക്കം. പിന്നീട് മുടങ്ങാത്ത പരിശീലനവും. കോവിഡ് കാലത്ത് അമ്പെയ്ത്തിൽ മാത്രമല്ല, ഷൂട്ടിങ്ങിലും താരം കൈവെച്ചു. പരിശീലനത്തിൽ ചെറിയ ദൂരങ്ങളിലേക്കുള്ള ഷൂട്ടിങ്ങും ഉൾപ്പെട്ടിരുന്നു. ഇത് മുന്നോട്ടുള്ള കരിയറിൽ നിർണായകവുമായി. സാങ്കേതികത്തികവോടെ മുന്നേറുന്നതിന് ഇത് സഹായകമായി.
കുടുംബത്തിൽ നിന്നുള്ള വലിയ പിന്തുണയും കരിയറിലെ മുന്നോട്ടുപോക്കിനെ തുണച്ചു. പിതാവ് അനിൽ മനോഹർ മൊഹോദ് അമരാവതിയിലെ പലഹാരക്കടകൾക്കായി കാർഡ്ബോർഡ് പെട്ടികൾ നിർമിക്കുന്നയാളാണ്. കുടുംബത്തിൽ നിന്ന് കിട്ടിയ പിന്തുണയും ചേർന്നതോടെ മൊഹോദ് അമ്പെയ്ത്ത് ടൂർണമെന്റുകളിൽ പോരാടാനിറങ്ങി. ഖേലോ ഇന്ത്യയുടെ പദ്ധതിയുടെ ഭാഗമായപ്പോൾ മൊഹോദ് പരിശീലനത്തിന് പോയതാകട്ടെ അച്ഛന്റെ മോട്ടോർ സൈക്കിളിലായിരുന്നു. ഷെയർ ഓട്ടോ സംവിധാനത്തിന് വൻ ചെലവ് വന്നതോടുകൂടിയാണ് ഈ മാർഗം തിരഞ്ഞെടുത്തത്. മാത്രമല്ല, 2026-ലെ ആർച്ചറി ലോകകപ്പിൽ ഉപയോഗിച്ച വില്ല്, അഞ്ചു വർഷത്തോളമായി ഉപയോഗിച്ചുവരുന്ന സെക്കൻഡ് ഹാൻഡ് വില്ലായിരുന്നു. അങ്ങനെ പ്രതിസന്ധികൾ തരണം ചെയ്താണ് മൊഹോദ് അമ്പെയ്ത്തിൽ തിളങ്ങുന്നത്.
2026 ലാണ് പതിനേഴുകാരിയുടെ കരിയറിലെ വഴിത്തിരിവ്. ആർച്ചറി ലോകകപ്പ് സ്റ്റേജ് 2-ൽ സ്വർണം നേടിയ ഇന്ത്യയുടെ വനിതാ റിക്കർവ് ടീമിൽ മൊഹോദ് അംഗമായിരുന്നു. തുടർന്ന് സോണിപത്തിൽ നടന്ന സെലക്ഷൻ ട്രയൽസിലൂടെ അവൾ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ടീമിൽ സ്ഥാനം ഉറപ്പിച്ചു. കീർത്തി ശർമ്മ, അങ്കിത ഭക്ത എന്നിവർക്കൊപ്പം ട്രയൽസിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ വനിതാ റിക്കർവ് ആർച്ചർമാരിൽ ഒരാളാണ് മഹോദ്. നാല് തവണ ഒളിമ്പ്യനായ ദീപിക കുമാരി നാലാം സ്ഥാനത്തെത്തിയതോടെ ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് ദീപിക പുറത്താകുകയും ചെയ്തു.
സെലക്ഷൻ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിൽ മഹോദ് യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തുകയും ആറ് മത്സരങ്ങൾ വിജയിക്കുകയും ചെയ്തു. മഹോദ് ട്രയൽസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഒടുവിൽ കീർത്തി ശർമ്മയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി മിന്നും പ്രകടനം പുറത്തെടുത്താണ് മഹോദ് റിക്കർവ് ഇനത്തിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചത്. അതിന്റെ ഫലം ഗെയിംസിലും കണ്ടു. വനിതകളുടെ റിക്കർവ് ഇനത്തിലെ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയാണ് കുങ്കും മടങ്ങുന്നത്.
Content Highlights: Kumkum Anil Mohod became the first Indian woman to win a recurve gold medal at the Asian Games., Started her journey in 2018 with a wooden bow worth Rs 3,000 bought by her grandmother
Published: 03 Oct 2026, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented