ഓസ്റ്റിൻ: ഫോർമുല വൺ യുഎസ് ഗ്രാൻപ്രി നടക്കുന്ന ഓസ്റ്റിനിലെ സർക്യൂട്ട് ഓഫ് ദി അമേരിക്കാസ് ട്രാക്കിനെ അവിശ്വസനീയമെന്ന് വിശേഷിപ്പിച്ച് ഏഴുതവണ ഫോർമുല വൺ ചാമ്പ്യനായ ലൂയി ഹാമിൽട്ടൺ. മറ്റ് ഫോർമുല വൺ സംഘാടകർക്ക് മാതൃകയാക്കാവുന്ന രീതിയിലാണ് ഓസ്റ്റിനിലെ സർക്യൂട്ട് സജ്ജീകരിച്ചിരിക്കുന്നതെന്ന് ഹാമിൽട്ടൺ പറഞ്ഞു. ട്രാക്കിലെ പ്രശസ്തമായ 'ടേൺ 1' കുന്നിൻ മുകളിൽ പുതുതായി നിർമിച്ച കോർപ്പറേറ്റ് കെട്ടിടത്തിനെതിരെ ഉയർന്ന വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.
ട്രാക്കിലെ ആദ്യ വളവിനു മുകളിലായി നിർമ്മിച്ച പുതിയ ഹോസ്പിറ്റാലിറ്റി കെട്ടിടത്തിലേക്ക് പാഡോക്കിൽ നിന്ന് കേബിൾ കാർ വഴിയാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകർ ഇതിനെതിരെ വിമർശനം ഉന്നയിച്ചെങ്കിലും ക്വാളിഫയിംഗിനുശേഷം ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ഹാമിൽട്ടൺ സർക്യൂട്ട് അധികൃതരെ പിന്തുണച്ചു.
Also Read: യു.എസ് ഗ്രാൻപ്രി: അന്റോനെല്ലിക്ക് പോൾ പൊസിഷൻ, കിരീടം ഒരു ജയം അകലെ
'എല്ലാ കാര്യങ്ങളിലും എപ്പോഴും കുറ്റംമാത്രം കാണാൻ എളുപ്പമാണ്, വാസ്തവത്തിൽ ഇതൊരു മികച്ച നിർമിതിയാണ്. അതിലേക്കുള്ള കേബിൾ കാർ യാത്ര പോലും വളരെ ആകർഷകമാണ്. സർക്യൂട്ട് ഉടമ ബോബി എപ്സ്റ്റീനും സംഘവും ഈ ട്രാക്കിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ-അത് സ്റ്റേജ് പ്രകടനങ്ങളാകട്ടെ, മറ്റ് വിനോദ പരിപാടികളാകട്ടെ-അവിശ്വസനീയമാണ്. വൃത്തി, പ്രവേശന സൗകര്യം, ഗാലറികൾ, പാഡോക്ക് തുടങ്ങി എല്ലാ മേഖലകളിലും ഇത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സർക്യൂട്ടുകളിലൊന്നാണ്.'
മത്സരം കാണാൻ എത്തുന്നവർക്ക് ഏറ്റവും മനോഹരമായ കാഴ്ചാനുഭവം സമ്മാനിക്കുന്ന ഇടങ്ങളിലൊന്നാണിതെന്നും ഈ കെട്ടിടത്തിലെ ഒരു സ്യൂട്ടിൽ നിന്ന് താനും മത്സരം കാണുമെന്നും ഹാമിൽട്ടൺ കൂട്ടിച്ചേർത്തു.
മക്ലാറൻ ഡ്രൈവർ ഓസ്കാർ പിയാസ്ട്രിയും പുതിയ മാറ്റങ്ങളെക്കുറിച്ച് പ്രതികരിച്ചു. ആദ്യ ലാപ്പിൽ ട്രാക്കിന് മുകളിലൂടെയുള്ള കേബിൾ കാറുകളുടെ ചലനം തന്നെ അദ്ഭുതപ്പെടുത്തിയെന്നും എന്നാൽ അത് ട്രാക്കിലെ അന്തരീക്ഷം കൂടുതൽ ഊർജസ്വലമാക്കുന്നുണ്ടെന്നും പിയാസ്ട്രി പറഞ്ഞു.
താൻ രൂപീകരിച്ച 'മിഷൻ 44' ചാരിറ്റിയുമായി സഹകരിക്കുന്നതിനും കുട്ടികൾക്ക് ഫോർമുല വൺ എഞ്ചിനീയർമാരുമായി സംവദിക്കാൻ അവസരമൊരുക്കുന്നതിനും ഓസ്റ്റിൻ ട്രാക്ക് അധികൃതർ നൽകുന്ന പിന്തുണയെയും ഹാമിൽട്ടൺ പ്രശംസിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി നിരവധി കുട്ടികൾക്കാണ് ഈ പദ്ധതി വഴി സർക്യൂട്ടിൽ എത്താൻ സാധിച്ചത്. മറ്റ് ഫോർമുല വൺ ട്രാക്കുകളും ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
Published: 25 Oct 2026, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented