ചിക്കാഗോ: സ്‌ക്വാഷിലെ ഇതിഹാസ താരം നൂർ എൽ ഷെർബിനിയെ തോൽപ്പിച്ച് ഇന്ത്യയുടെ യുവതാരം അനാഹത് സിങ്. ചിക്കാഗോ ഓപ്പണിന്റെ പ്രീ ക്വാർട്ടറിലായിരുന്നു അനാഹതിന്റെ അട്ടിമറി വിജയം. മൂന്ന് ഗെയിമിനുള്ളിൽതന്നെ മത്സരം അവസാനിച്ചു.

To advertise here,

ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ നേട്ടവുമായാണ് ലോക റാങ്കിങ്ങിൽ 15-ാമതുള്ള അനാഹത് ചിക്കാഗോ ഓപ്പണിനെത്തിയത്. ലോക മൂന്നാം റാങ്കുകാരിയായ ഈജിപ്ഷ്യൻ താരത്തിനെതിരെ വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ 11-8, 11-8, 11-7ന് വിജയം സ്വന്തമാക്കി അനാഹത് എല്ലാവരേയും ഞെട്ടിച്ചു.

നൂർ എൽ ഷെർബിനി തന്റെ റോൾ മോഡലാണെന്നും അവരുടെ ഓരോ മത്സരവും കണ്ടാണ് താൻ വളർന്നതെന്നും അനാഹത് മത്സരശേഷം പ്രതികരിച്ചു. ഇങ്ങനെയൊരു അട്ടിമറി വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

30-കാരിയായ നൂർ എൽ ഷെർബിനി എട്ട് തവണ ലോകചാമ്പ്യനായിട്ടുണ്ട്. നാല് തവണ വെള്ളിയും നേടി. ലോക ടീം ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണവും നേടിയിട്ടുണ്ട് ഈ മുൻ ലോക ഒന്നാം നമ്പർ താരം.