പാരീസ്: 2022 ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം ഫൈനല്‍ ലൈനപ്പായി. കലാശപ്പോരാട്ടത്തില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരമായ പോളണ്ടിന്റെ ഇഗ സ്വിയാടെക് 18-ാം സീഡായ അമേരിക്കന്‍ കൗമാരതാരം കോക്കോ ഗൗഫിനെ നേരിടും. 

To advertise here,

2020-ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടജേതാവായ സ്വിയാടെക് റഷ്യയുടെ ഡാരിന കസറ്റ്കിനയെ തകര്‍ത്താണ് ഫൈനലിലേക്ക് പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിയാടെക്കിന്റെ വിജയം. സ്‌കോര്‍: 6-2, 6-1. മുന്‍ ചാമ്പ്യനെതിരേ ഒന്നു പൊരുതാന്‍ പോലുമാകാതെ സീഡില്ലാതാരമായ ഡാരിന വിയര്‍ത്തു. 

ടൂര്‍ണമെന്റിലുടനീളം അട്ടിമറികളുമായി തിളങ്ങിയ ഡാരിനയ്ക്ക് ആ മികവ് സെമിയില്‍ പുറത്തെടുക്കാനായില്ല. കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് സ്വിയാടെക് ലക്ഷ്യം വെയ്ക്കുന്നത്. ഈ സീസണില്‍ താരം ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്. 

രണ്ടാം സെമിയില്‍ 18-ാം സീഡായ ഗൗഫ് ഇറ്റലിയുടെ മാര്‍ട്ടിന് ട്രെവിസനെ തകര്‍ത്ത് ഫൈനലിലെത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അമേരിക്കന്‍ താരം വിജയം നേടിയത്. സ്‌കോര്‍: 6-3, 6-1. കരിയറിലാദ്യമായാണ് ഗൗഫ് ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 2019 വിംബിള്‍ഡണില്‍ നാലാം റൗണ്ടിലെത്തി ഗൗഫ് ടെന്നീസ് ആരാധകരുടെ മനം കീഴടക്കിയിരുന്നു. അന്ന് വെറും 15 വയസ്സ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. 

വനിതാ വിഭാഗം ഫൈനല്‍ ജൂണ്‍ നാലിന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് നടക്കും.