
യൂജീന്‍ അഡ്രിയന്‍ റോളണ്ട് ജോര്‍ജസ് ഗാരോസ് വിഖ്യാതനായ ഒരു വൈമാനികനാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഫ്രാന്‍സിനായി യുദ്ധവിമാനത്തിന്റെ കടിഞ്ഞാണ്‍ പിടിച്ച വീരന്‍. അദ്ദേഹവും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസും തമ്മിലൊരു ബന്ധമുണ്ട്. ടെന്നീസ് കളിക്കാരനല്ലെങ്കിലും ഈ വൈമാനികനോടുള്ള ആദരസൂചകമായാണ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് നടക്കുന്ന സ്റ്റേഡിയത്തിന് റോളണ്ട് ഗാരോസ് എന്ന പേര് നല്‍കിയത്. ഫ്രഞ്ച് ഓപ്പണ്‍ ഇന്നറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരിലാണ്.
എന്നെങ്കിലും റോളണ്ട് ഗാരോസ് എന്ന പേര് മാറ്റാന്‍ അധികൃതര്‍ തീരുമാനമെടുക്കുകയാണെങ്കില്‍ അവര്‍ക്ക് അതിനായി അധികം തലപുകയ്‌ക്കേണ്ടി വരില്ല. 'റാഫേല്‍ നദാല്‍' എന്ന പേര് തന്നെയാകും അവര്‍ സ്വീകരിക്കുക. പാരീസിലെ കളിമണ്‍ കോര്‍ട്ടില്‍ വിസ്മയം തീര്‍ക്കുന്ന ഈ അതുല്യപ്രതിഭയുടെ പേരല്ലാതെ മറ്റെന്താണ് പകരമായി നല്‍കുക? നദാല്‍, നിങ്ങളിലെ പോരാളിയ്ക്ക് മുന്നില്‍ ലോകം വീണ്ടും കുമ്പിടുന്നു. 22 ഗ്രാന്‍ഡ്സ്ലാം നേടിയ 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ നിങ്ങള്‍ ഒരു ലോകമായി മാറുകയാണ്.
2022 ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ 23 കാരനായ നോര്‍വീജിയന്‍ താരം കാസ്പര്‍ റൂഡിനെ പൊരുതാന്‍ പോലും അനുവദിക്കാതെ നദാല്‍ കരിയറിലെ 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഉയര്‍ത്തുമ്പോള്‍ ലോകം ഒട്ടും അത്ഭുതപ്പെട്ടില്ല. കാരണം നിലവില്‍ കളിമണ്‍ കോര്‍ട്ടില്‍ നദാലിനെ വീഴ്ത്താന്‍ മാത്രം പോന്ന ഒരു കളിക്കാരനും ടെന്നീസിലില്ല. കളിമണ്‍ കോര്‍ട്ടില്‍ മാന്ത്രികത തീര്‍ക്കുന്ന ഈ സ്വര്‍ണ മുടിക്കാരന്‍ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തം നാടായ സ്‌പെയിനിലേക്ക് കൊണ്ടുപോയി. ഏറ്റവുമധികം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ താരം എന്ന റെക്കോഡ് ഇപ്പോഴും ആ ഇടംകൈയില്‍ ഭദ്രം.
കുട്ടിക്കാലം തൊട്ട് നദാലിന്റെ കളികണ്ട് ടെന്നീസിലേക്ക് കടന്നുവന്ന കാസ്പര്‍ റൂഡ് ഫൈനലില്‍ തോറ്റപ്പോഴും വിഷമിച്ചില്ല, നിരാശപ്പെട്ടില്ല. ആരാധനാപുരുഷന് മുന്നില്‍ അടിയറവ് പറയുമ്പോഴും റൂഡിന്റെ കണ്ണിലുള്ള നദാലിനോടുള്ള അടങ്ങാത്ത ആരാധന ജ്വലിച്ചുനിന്നു. ഒരു ജനതയെ ടെന്നീസിലേക്ക് ആകര്‍ഷിച്ച നദാല്‍ ഇന്നും അവര്‍ക്ക് മാതൃകയായി മുന്നില്‍ നില്‍ക്കുന്നു. 36 വയസ്സ് കടന്നിട്ടും പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ച് കളിമണ്‍ കോര്‍ട്ടിലെ രാജാവ് അജയ്യനായി മുന്നേറുന്നു. ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കി നദാല്‍ എന്ന പോരാളി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു.
2005-ലാണ് നദാല്‍ ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുന്നത്. അന്ന് അര്‍ജന്റീനയുടെ മരിയാനോ പ്യൂര്‍ട്ടയായിരുന്നു എതിരാളി. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം ശക്തമായി തിരിച്ചടിച്ച നദാല്‍ 6-7, 6-3, 6-1, 7-5 എന്ന സ്‌കോറിന് മത്സരം സ്വന്തമാക്കി ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ ചുംബിച്ചു.
അടുത്ത വര്‍ഷം സാക്ഷാല്‍ റോജര്‍ ഫെഡററായിരുന്നു നദാലിന്റെ എതിരാളി. ഫെഡററുടെ മികവിന് മുന്നില്‍ നദാല്‍ കിരീടം നേടുമെന്ന് ആരുംതന്നെ പ്രതീക്ഷിച്ചില്ല. പക്ഷേ കളിമണ്‍ കോര്‍ട്ടിലെ നദാലിന്റെ ആധിപത്യം കണ്ട് ഫെഡറര്‍ വിയര്‍ത്തു. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ നദാല്‍ ഫെഡററെ വീഴ്ത്തി. അതും ആദ്യ സെറ്റ് നഷ്ടപ്പെട്ടതിനുശേഷം. സ്‌കോര്‍: 1-6, 6-1, 6-4, 7-6.

നദാലിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു അത്. പക്ഷേ നദാലിനുള്ളിലെ പോരാളിയെ ലോകം കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 2010 ഫൈനലില്‍ കഴിഞ്ഞ തവണ തന്നെ അട്ടിമറിച്ച സോഡര്‍ലിങ്ങിനെ തന്നെ നദാലിന് ലഭിച്ചു. 2009-ല്‍ പരാജയമേറ്റുവാങ്ങിയ നദാല്‍ പലിശസഹിതം അത് സോഡര്‍ലിങ്ങിന് തിരിച്ചുകൊടുത്തു. ഫൈനലില്‍ ഒരു സെറ്റ് പോലും നേടാനാകാതെ സോഡര്‍ലിങ് നദാലിന്റെ പ്രതിഭയ്ക്ക് മുന്നില്‍ പകച്ചുനിന്നു. 2011-ല്‍ ഫെഡറര്‍ വീണ്ടും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ എതിരാളിയായി എത്തിയെങ്കിലും നദാലിനായിരുന്നു വിജയം.
പിന്നീട് ലോകം കണ്ടത് ജോക്കോവിച്ച്-നദാല്‍ പോരിനായിരുന്നു. മിക്ക ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിലും നദാലിന്റെ മുഖ്യ എതിരാളിയായി ജോക്കോവിച്ച് മാറി. 2012 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാല്‍-ജോക്കോവിച്ച് പോരാട്ടം നടന്നു. ജോക്കോവിച്ച് നദാലിനെ അട്ടിമറിച്ചേക്കുമെന്ന് ടെന്നീസ് പണ്ഡിതന്മാര്‍ വിലയിരുത്തിയെങ്കിലും അത്തരം അത്ഭുതങ്ങള്‍ക്കൊന്നും സ്പാനിഷ് ഇതിഹാസം വഴികൊടുത്തില്ല. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ നദാല്‍ കിരീടത്തില്‍ ഏഴാമതും മുത്തമിട്ടു. അടുത്ത വര്‍ഷം നാട്ടുകാരനായ ഡേവിഡ് ഫെറര്‍ അട്ടിമറിയിലൂടെ ഫൈനലിലെത്തിയെങ്കിലും നദാലിന്റെ പ്രതിഭയ്ക്ക് മുന്നില്‍ അടിയറവുപറഞ്ഞു.
2014 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ വീണ്ടും ജോക്കോവിച്ച്-നദാല്‍ പോരാട്ടം വന്നു. അന്ന് ജോക്കോവിച്ച് അതിശക്തനായി മാറിയിരുന്നു. പ്രായം കൂടുന്തോറും ഫോം നഷ്ടപ്പെടുന്ന ടെന്നീസില്‍ നദാലിന് തോല്‍വിയുടെ കയ്പ്പുനീര്‍ കുടിക്കേണ്ടിവരുമെന്ന് പലരും കണക്കുകൂട്ടി. നദാല്‍ ഫൈനലില്‍ തോല്‍ക്കുന്നത് കാണണമെന്ന് പോലും പലരും ചിന്തിച്ചു. പക്ഷേ റോളണ്ട് ഗാരോസിലെ കളിമണ്ണില്‍ നദാലിന്റെ കാല്‍പ്പാദം പതിയാത്ത ഒരു സ്ഥലം പോലുമില്ലായിരുന്നു. അത്രമേല്‍ കോര്‍ട്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന സ്പാനിഷ് താരം വീണ്ടും ജോക്കോവിച്ചിനെ നിഷ്പ്രഭനാക്കി വിജയം നേടി. ഒന്‍പതാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടി.
പക്ഷേ അവിടുന്നങ്ങോട്ട് പരിക്ക് നദാലിന്റെ കരിയറില്‍ വില്ലനായി അവതരിക്കുകയായിരുന്നു. സര്‍വം മറന്ന് ടെന്നീസ് കോര്‍ട്ടില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച നദാലിനെ പരിക്കിന്റെ വേദന വരിഞ്ഞുമുറുക്കി. 2015-ലും 2016-ലും പരിക്ക് മൂലം നദാലിന് ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടാനായില്ല. 2016 ഫ്രഞ്ച് ഓപ്പണില്‍ കൈക്കുഴയ്‌ക്കേറ്റ പരിക്കുമൂലം നദാലിന് മത്സരത്തിന്റെ നാലാം റൗണ്ടില്‍ നിന്ന് പിന്മാറേണ്ടിവന്നു. ഇതോടെ നദാലിന്റെ കരിയര്‍ അവസാനിക്കാറായി എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്നു.
പരിക്ക് തുടര്‍ച്ചയായി വന്നതോടെ നദാലിന്റെ പോരാട്ടവീര്യം ചോര്‍ന്നു.2016-ല്‍ നദാല്‍ മത്സരരംഗത്തുനിന്ന് വിടവാങ്ങുമെന്ന് വരെ ചിന്തിച്ചവരുണ്ട്. ആ വര്‍ഷം വിംബിള്‍ഡണില്‍ നിന്നും താരം വിട്ടുനിന്നു. 2016 ഒളിമ്പിക്‌സില്‍ ഡബിള്‍സില്‍ സ്വര്‍ണം നേടിയെങ്കിലും സിംഗിള്‍സില്‍ മെഡല്‍ നേടാനായില്ല. നദാലിനെ സംബന്ധിച്ചിടത്തോളം ഏറെ യാതനകള്‍ നല്‍കിയ വര്‍ഷമായിരുന്നു 2016. ആ വര്‍ഷത്തെ യു.എസ്.ഓപ്പണില്‍ പങ്കെടുത്തെങ്കിലും താരം നാലാം റൗണ്ടില്‍ പുറത്തായി. എന്തിനേറെ പറയുന്നു എതിരാളികള്‍ താരതമ്യേന ദുര്‍ബലരായ ഷാങ്ഹായി ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ വരെ തോറ്റ് മടങ്ങേണ്ട ഗതികേടിലായി നദാല്‍.
നദാലിന്റെ കാലം കഴിഞ്ഞെന്ന് ഏവരും വിധിയെഴുതി. എന്നാല്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഏവരെയും അത്ഭുതപ്പെടുത്തി. എതിരെ നില്‍ക്കുന്നവരെ വരെ കളിയുടെ മായികത കൊണ്ട് ആരാധകരാക്കി മാറ്റാന്‍ നദാലിന് സാധിച്ചു. 2017-ല്‍ ശക്തമായി തിരിച്ചുവന്ന നദാല്‍ ഫൈനലില്‍ സ്റ്റആന്‍ വാവ്‌റിങ്കയെ തകര്‍ത്ത് വീണ്ടും കിരീടത്തില്‍ മുത്തമിട്ടു. പിന്നീട് 2018, 2019, 2020 വര്‍ഷങ്ങളില്‍ ഹാട്രിക്ക് കിരീടം നേടിക്കൊണ്ട് നദാല്‍ കൊടുങ്കാറ്റായി.
എന്നാല്‍ 2021 ഫ്രഞ്ച് ഓപ്പണില്‍ നദാലിന് തിരിച്ചടി കിട്ടി. സെമി ഫൈനലില്‍ ലോക ഒന്നാംനമ്പറായ നൊവാക്ക് ജോക്കോവിച്ചിനോട് തോറ്റ് നദാല്‍ പുറത്തായി. ഇതോടെ നദാലിന്റെ ഫ്രഞ്ച് ഓപ്പണിലെ ആധിപത്യം നിലച്ചേക്കുമെന്ന പ്രതീതി ഉണര്‍ന്നു. എന്നാല്‍ 2022-ല്‍ സ്ഥിതി മറിച്ചായി. അഞ്ചാം സീഡായി മത്സരത്തിനിറങ്ങിയ നദാല്‍ തോംപ്‌സണ്‍, മൗടെറ്റ്, സാന്‍ഡ്ഷല്‍പ്, ഓഗര്‍ അലിയാസിമെ എന്നിവരെ കീഴടക്കിക്കൊണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തു.
ക്വാര്‍ട്ടറില്‍ ലോക ഒന്നാംനമ്പറായ ജോക്കോവിച്ചാണ് എതിരാളി. 2021 ആവര്‍ത്തിക്കുമോ എന്നായിരുന്നു ഏവരും കാത്തിരുന്നത്. എന്നാല്‍ 37-ാം വയസ്സില്‍ തന്നേക്കാള്‍ കരുത്തും ശേഷിയുമുള്ള ജോക്കോവിച്ചിനെ തകര്‍ത്ത് തരിപ്പണമാക്കി നദാല്‍ സെമിയിലേക്ക് മുന്നേറി. നദാലിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ ജോക്കോവിച്ച് എന്ന വമ്പന്‍ നിലംപൊത്തിവീണു. നദാലിന്റെ ഓരോ ഫോര്‍ഹാന്‍ഡിലും എയ്‌സിലും ബാക്ക് ഹാന്‍ഡിലും ജോക്കോവിച്ച് പതറി. ഒടുവില്‍ മത്സരം സ്വന്തമാക്കി പിരിയുമ്പോള്‍ നിരാശനായ ജോക്കോവിച്ചിനെ പുഞ്ചിരിച്ചുകൊണ്ട് സമാധാനിപ്പിക്കാനും സ്പാനിഷ് ഇതിഹാസം മറന്നില്ല.
സെമിയില്‍ മൂന്നാം സീഡ് അലക്‌സാണ്ടര്‍ സ്വെരേവായിരുന്നു എതിരാളി. ആദ്യ സെറ്റില്‍ തന്നെ നദാലിനെ വിറപ്പിച്ചാണ് സ്വെരേവ് കീഴടക്കിയത്. ടൈബ്രേക്കര്‍ വരെ നീണ്ട മത്സരത്തില്‍ നദാല്‍ കഷ്ടിച്ചാണ് ആദ്യ സെറ്റ് നേടിയെടുത്തത്. രണ്ടാം സെറ്റിലും സ്വെരേവ് നദാലിനെ ഞെട്ടിച്ചു. സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. എന്നാല്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ സ്വെരേവ് കളിമണ്‍ കോര്‍ട്ടില്‍ വീണു. വേദന താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു. സ്വെരേവിന്റെ അടുത്തേക്ക് ആദ്യം ഓടിയെത്തിയ നദാല്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. പിന്നീട് നടക്കാനാവാന്‍ കഷ്ടപ്പെട്ട സ്വെരേവിനെ തോളില്‍ ചുമന്ന് യാത്രയാക്കാനും നദാല്‍ മുന്നില്‍ നിന്നു.
ഫൈനലിലെത്തിയാല്‍ നദാല്‍ ആരാണെന്ന് ചരിത്രം പറയും. കഴിഞ്ഞ 13 തവണയും ഫൈനല്‍ നദാലിന്റെ റാക്കറ്റിനുള്ളിലേക്ക് കയറി. ഇത്തവണയും സ്ഥിതി മറിച്ചായിരുന്നില്ല. മത്സരം തുടങ്ങും മുന്‍പ് തോല്‍വി ഉറപ്പിച്ച രീതിയിലാണ് കാസ്പര്‍ റൂഡ് കളിച്ചത്. നദാലിനെ സംബന്ധിച്ചിടത്തോളം റൂഡ് കളിമണ്‍ കോര്‍ട്ടില്‍ ശിശുവാണ്. ആദ്യമായി ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കളിക്കുന്ന റെക്കോഡ് നേട്ടവുമായി കളിമണ്‍ കോര്‍ട്ടിലെത്തിയ നോര്‍വീജിയക്കാരനെ നദാല്‍ അനായാസം മറികടന്നു.
മാച്ച് പോയന്റിനായി നദാല്‍ റൂഡിന്റെ സര്‍വിനായി കാത്തിരിക്കുന്നു. നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയം മുഴുവന്‍ നിശബ്ദതയുടെ ആഴങ്ങളിലേക്ക് വീണു. റൂഡിന്റെ സര്‍വില്‍ നദാലിന്റെ തകര്‍പ്പന്‍ ബാക്ക് ഹാന്‍ഡ്... സ്റ്റേഡിയത്തിലെ നിശബ്ദത പൊട്ടിയൊലിച്ച് കളിമണ്‍ കോര്‍ട്ടില്‍ ലയിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് ഇതിഹാസം കളിമണ്‍കോര്‍ട്ടില്‍ നിന്നു. നദാലിന്റെ കണ്ണില്‍ നിന്ന് സന്തോഷത്തിന്റെ ചുടുകണം റോളണ്ട് ഗാരോസിന്റെ കളിമണ്ണില്‍ വീണു. റാഫയ്ക്ക് 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം, 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടം. റാഫ... നിങ്ങളിലെ പോരാളിയെ വര്‍ണിക്കാന്‍ ഈ ലോകത്തിന് പുതിയ വാക്കുകള്‍ കണ്ടെത്തേണ്ടിവരും....
Content Highlights: rafael nadal, french open 2022, french open winner, life of nadal, nadal feature, nadal malayalam
Published: 06 Jun 2022, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented