പാരിസ്: കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ സ്‌പെയ്‌നിന്റെ റാഫേല്‍ നദാലിന് 14-ാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍. സെമി ഫൈനല്‍ പോരാട്ടത്തില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് പരിക്കേറ്റ് പിന്മാറിയതോടെ നദാല്‍ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. 13 തവണ റോളണ്ട് ഗാരോസില്‍ കിരീടത്തില്‍ മുത്തമിട്ട റാഫയ്ക്ക് 14-ാം കിരീടത്തിനുള്ള അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്. 

To advertise here,

വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടെ രണ്ടാം സെറ്റിലാണ് സ്വരേവിന്റെ കാല്‍ക്കുഴയ്ക്ക് പരിക്കേല്‍ക്കുന്നത്. ഇതോടെ താരം പിന്മാറുകയായിരുന്നു.

ടൈബ്രേക്കറിലേക്കുനീണ്ട ആദ്യസെറ്റ് നഡാല്‍ നേടിയിരുന്നു 7-6 (10/8). രണ്ടാം സെറ്റില്‍ 6-6 എന്നനിലയില്‍നില്‍ക്കെ നഡാലിന്റെ ഷോട്ട് റിട്ടേണ്‍ ചെയ്യുന്നതിനിടെയാണ് ജര്‍മന്‍താരം പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണത്. വേദനകൊണ്ട് പുളഞ്ഞ സ്വരേവ് വീല്‍ച്ചെയറിലാണ് കളംവിട്ടത്. അല്‍പസമയത്തിനകം ഊന്നുവടികളുടെ സഹായത്തോടെ ഗ്രൗണ്ടിലെത്തിയശേഷം മത്സരത്തില്‍നിന്ന് പിന്മാറുന്നതായി അറിയിച്ച് മടങ്ങി.

നഡാലിന്റെ 36-ാം പിറന്നാളായിരുന്നു വെള്ളിയാഴ്ച. പിറന്നാളിന് വിജയമധുരം പകരാന്‍ ഗ്രൗണ്ടിലെത്തിയ നഡാലും സ്വരേവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.

ആദ്യസെറ്റിലെ ആദ്യ രണ്ടു ഗെയിമുകളും നേടിക്കൊണ്ട് സ്വരേവ് ഗംഭീരമായി തുടങ്ങി. പിന്നീട് 4-2 ലീഡിലേക്ക് കയറിയെങ്കിലും പിന്നില്‍നിന്ന് കയറിവന്ന നഡാല്‍ 4-4 എന്നനിലയിലാക്കി. പിന്നീട് ഒപ്പത്തിനൊപ്പമായിരുന്നു. ടൈബ്രേക്കറിലും 2-6ന് പിന്നിലായശേഷം നഡാല്‍ കയറിവന്നു. ഒടുവില്‍ 10-8ന് ആദ്യസെറ്റ് പിടിച്ചെടുത്തു. ആദ്യസെറ്റ് 98 മിനിറ്റ് നീണ്ടുനിന്നു.

രണ്ടാം സെറ്റിലും 5-3ന് പിന്നില്‍നിന്നശേഷം നഡാല്‍ തിരിച്ചുവന്നു. സ്വരേവ് 6-5ന് മുന്നിലെത്തിയെങ്കിലും വീണ്ടും നഡാല്‍ ഒപ്പമെത്തി. ആ ഗെയിമിനൊടുവിലാണ് സ്വരേവ് വീണത്.

ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചും നോര്‍വേയുടെ കാസ്പര്‍ റൂഡും തമ്മിലുള്ള രണ്ടാം സെമിഫൈനല്‍ വിജയിയാണു ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നദാലിന്റെ എതിരാളി. ഫൈനലില്‍ വിജയിച്ചാല്‍ നഡാലിന് 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാകും.