ഒളിമ്പിക്‌സില്‍ മെഡല്‍ നേടുക എന്നത് ഏതൊരു കായികതാരത്തിന്റെയും ജീവിതാഭിലാഷമായിരിക്കും. ലോകത്തെ ഏറ്റവും മികച്ച കായിക മാമാങ്കത്തില്‍ പങ്കെടുക്കാനാവുക എന്നതുതന്നെ വലിയ കാര്യമാണ്. അതില്‍ മെഡല്‍ നേടി എന്നു പറഞ്ഞാല്‍ ആ കായികതാരം ലോകതലത്തില്‍ തന്റേതായ അടയാളപ്പെടുത്തല്‍ നടത്തിക്കഴിഞ്ഞു എന്നാണര്‍ഥം. അതുകൊണ്ടാണ് ഒളിമ്പിക്‌സ് മെഡലുകള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുകയും അവ നേടിയവര്‍ വലിയ ആഘോഷത്തോടെ സ്വീകരിക്കപ്പെടുകയും ചെയ്യുന്നത്. 

To advertise here,

ഷൂട്ടിങ്ങില്‍ ഇരട്ട വെങ്കലം നേടിയ മനു ഭാക്കര്‍, ജാവലിനില്‍ വെള്ളി നേടിയ നീരജ് ചോപ്ര തുടങ്ങി ഭാരക്കൂടുതലിന്റെ പേരില്‍ ഉറപ്പായ മെഡല്‍ നഷ്ടപ്പെട്ട വിനേഷ് ഫോഗട്ടിനെ വരെ ഇന്ത്യക്കാര്‍ സ്വീകരിച്ച് ആഘോഷിച്ച വിധം നമ്മുടെ മുന്നിലുണ്ട്. ഒളിമ്പിക്‌സ് മെഡലിന് നാം വകവെച്ചുനല്‍കുന്ന പ്രാധാന്യമാണത്. 

ആ വിധത്തില്‍ സ്വീകരണങ്ങള്‍ കണ്ട നമ്മില്‍, ചൈനീസ് ജിംനാസ്റ്റായ ജോ യഖിന്റെ അനുഭവം കൗതുകം നിറയ്ക്കും. പാരീസ് ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ വെള്ളി മെഡല്‍ നേടിയ പതിനെട്ടുകാരി, നാട്ടിലെത്തിയ ഉടനെത്തന്നെ തന്റെ തിരക്കുകളിലേക്ക് മടങ്ങുകയാണ് ചെയ്തത്. ഒളിമ്പിക് പോഡിയത്തില്‍ വെള്ളി മെഡല്‍ അണിഞ്ഞു കണ്ട ജോയെ നാട്ടുകാര്‍ പിന്നെ കണ്ടത് പ്രദേശത്തെ ഹോട്ടലിലാണ്. പാരീസില്‍നിന്ന് ചൈനയില്‍ തിരികെയെത്തിയതിനു പിന്നാലെ അച്ഛനമ്മമാര്‍ നടത്തുന്ന ഹോട്ടലില്‍ സഹായിയായി തുടരുകയായിരുന്നു അവര്‍. 

ജിംനാസ്റ്റിക്‌സില്‍ ഇറ്റലിയുടെ ആലീസ് ഡി അമാറ്റോയ്ക്ക് പിന്നാലെ രണ്ടാംസ്ഥാനത്തായിരുന്നു ജോ യഖിന്‍. ഇറ്റലിയുടെ തന്നെ മനില എസ്‌പോസിറ്റോയാണ് വെങ്കല മെഡല്‍ നേടിയത്. അന്ന് പോഡിയത്തില്‍ മെഡല്‍ നേടിയ ശേഷമുള്ള ഇവരുടെ വീഡിയോ വൈറലായിരുന്നു. സ്വര്‍ണവും വെങ്കലവും നേടിയ ഇറ്റാലിയന്‍ താരങ്ങള്‍ മെഡല്‍ കടിച്ചുപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത് കണ്ട ജോയും അങ്ങനെയൊരു ശ്രമം നടത്തി. അതുകഴിഞ്ഞ് അവര്‍ ചിരിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. 

പിന്നാലെ നാട്ടില്‍ അച്ഛനും അമ്മയും നടത്തുന്ന ഹോട്ടലില്‍ ഭക്ഷണം കൊണ്ടുക്കൊടുക്കുന്ന വീഡിയോ വഴിയും അവര്‍ ഇന്റര്‍നെറ്റില്‍ തരംഗമായി. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഹെങ്യാങ് സിറ്റിയിലാണ് ഇവരുടെ ഹോട്ടല്‍.