ന്യൂഡൽഹി: മകൻ ഇസ്ഹാനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻകൂടിയാണ് താൻ പ്രൊഫഷണൽ ടെന്നീസിൽനിന്ന് വിരമിച്ചതെന്ന് മുൻ ഇന്ത്യൻ താരം സാനിയ മിർസ. അമ്മയായശേഷം തന്റെ മുൻഗണനകൾ മാറിയെന്നും ജീവിതത്തിലെ പ്രധാന പരിഗണന മകനായതിനാൽ കൂടിയാണ് 2023-ൽ വിരമിച്ചതെന്നും സാനിയ കൂട്ടിച്ചേർത്തു. സമീപകാലത്ത് ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തുന്നതായും സാനിയ ‘മിഡ് ഡേ’യോട് പറഞ്ഞു.

To advertise here,

ഒരു അമ്മയെന്ന നിലയിൽ എന്റെ മുൻഗണനകൾ മാറിയിരിക്കുന്നു. മൂന്ന് വർഷം മുമ്പ് ഞാൻ വിരമിച്ചതിന്റെ ഒരു കാരണം, എന്റെ മകൻ ഇസ്ഹാന് എന്നോടൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ടായിരുന്നു എന്നതിനാലാണ്. നിലവിൽ അവനാണ് എന്റെ ജീവിതത്തിന്റെ പ്രധാന കേന്ദ്രം, സാനിയ പറഞ്ഞു. കൗതുകകരമെന്നു പറയട്ടെ, മകൻ ഇതിനകംതന്നെ ടെന്നീസ് റാക്കറ്റ് കൈയിലെടുത്തിട്ടുണ്ട്. വളരെ മികച്ച രീതിയിൽ കളിക്കുകയും ചെയ്യുന്നുണ്ട്. ഇസ്ഹാൻ ഇടംകൈയ്യനാണ്, എങ്കിലും അവന്റെ ആദ്യ പ്രണയം ഫുട്ബോളാണ്. അവൻ മികച്ച സ്ട്രൈക്കറാണ്, സാനിയ കൂട്ടിച്ചേർത്തു.

അതേസമയം, ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിലെ ഇന്ത്യൻ താരങ്ങളുടെ മോശം പ്രകടനത്തേക്കുറിച്ചും സാനിയ പ്രതികരിച്ചു. ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, രോഹൻ ബൊപ്പണ്ണ തുടങ്ങിയവരും താനും വിരമിച്ചതിന് ശേഷം ഗ്രാൻഡ്സ്ലാം തലത്തിൽ സ്ഥിരമായി തിളങ്ങാൻ ഇന്ത്യ പാടുപെടുന്നുണ്ട്. ഈ കായികരംഗത്തിന് കളിക്കാരിൽനിന്നും അവരുടെ കുടുംബങ്ങളിൽനിന്നും വലിയതോതിൽ ആത്മസമർപ്പണവും ത്യാഗവും ആവശ്യമാണ്, അതിന് പകരം മറ്റൊന്നില്ല. നമ്മൾ മുൻ താരങ്ങൾ ചേർന്ന് ഗ്രാൻഡ്സ്ലാം തലത്തിൽ കളിക്കുന്ന കുറച്ച് താരങ്ങളെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ്. എങ്കിലും അതിന് കുറച്ച് സമയം വേണ്ടിവരും, സാനിയ വ്യക്തമാക്കി.

ടെന്നീസിൽ ഇന്ത്യയ്ക്ക് ഒരു വിലാസം ഉണ്ടാക്കിത്തരികയും പറയത്തക്ക വനിതാ ടെന്നീസ് താരങ്ങൾ ഇല്ലാതിരുന്ന കാലത്ത് രാജ്യത്തിന് നിരവധി അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിക്കുകയും ചെയ്ത താരമാണ് സാനിയ മിർസ. ഡബിൾസിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താനും സാനിയക്കായി.

2003-ൽ കരിയർ ആരംഭിച്ച സാനിയക്ക് ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങളുണ്ട്. സ്വിസ് ഇതിഹാസം മാർട്ടിന ഹിംഗിസിനൊപ്പം മൂന്ന് തവണ വനിതാ ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സാനിയ നേടി. മിക്‌സഡ് ഡബിൾസിലായിരുന്നു ബാക്കിയുള്ള കിരീടങ്ങൾ. മഹേഷ് ഭൂപതിക്കൊപ്പം 2009-ൽ ഓസ്‌ട്രേലിയൻ ഓപ്പണും 2012-ൽ ഫ്രഞ്ച് ഓപ്പണും സാനിയ നേടി. ബ്രൂണോ സോറെസിനൊപ്പം ഒരുതവണ യുഎസ് ഓപ്പണും വിജയിച്ചു.