
ആംസ്റ്റൽവീൻ: ഡച്ച്പടയുടെ തുടർച്ചയായ കുതിപ്പിന് വിരാമമിട്ട് അർജന്റീന വനിതാ ലോകഹോക്കി കിരീടം തിരിച്ചുപിടിച്ചു. കഴിഞ്ഞ ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായി അവർക്ക് ഈ ജയം. 2021 ഒളിമ്പിക്‌സ് ഫൈനൽ, 2024 ഒളിമ്പിക്‌സ് സെമി എന്നിവയിലും നെതർലൻഡ്‌സിനോടാണ് അർജന്റീന തോറ്റത്.
ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന നെതർലൻഡ്‌സിനെ മറികടന്ന് ലോകകിരീടം സ്വന്തമാക്കിയത്. സ്‌കോർ:3-1. നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. മുപ്പതാം മിനിറ്റിൽ യിബ്ബി യാൻസെന്റെ ഗോളിൽ നെതർലൻഡ്‌സാണ് ആദ്യം ലീഡ് നേടിയത്. ഒന്നാന്തരമൊരു പെനാൽറ്റി കോർണറാണ് യാൻസെൻ വലയിലാക്കിയത്. യാൻസെന്റെ ഈ ലോകകപ്പിലെ എട്ടാം ഗോളായിരുന്നു ഇത്.
അമ്പത്തിനാലാം മിനിറ്റിൽ ക്യാപ്റ്റൻ മരിയോ ഗ്രാനറ്റോ അർജന്റീനയെ ഒപ്പമെത്തിച്ചു. എട്ട് പെനാൽറ്റി കോർണറുകൾ പാഴാക്കിയശേഷമായിരുന്നു അർജന്റീന ലക്ഷ്യം കണ്ടത്. അഗസ്റ്റിന ഗ്രോസ്‌ലെനിയുടെ ഫ്‌ളിക്ക് ആദ്യം തടഞ്ഞെങ്കിലും പിന്നീട് ഗ്രാനറ്റോ ആ റീബൗണ്ട് പിടിച്ചെടുത്ത് ഗോളാക്കുകയായിരുന്നു.
ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കുവേണ്ടി ഗ്രാനറ്റോ, ബ്രഗ്ഗസ്സെർ, കയ്‌റോ എന്നിവർ ലക്ഷ്യംകണ്ടപ്പോൾ ഡിയസിന്റെ ഷോട്ട് പാഴായി. നെതർലൻഡ്‌സിന്റെ മൂന്ന് ഷോട്ടുകൾ പാഴായപ്പോൾ വീനിനു മാത്രമാണ് ലക്ഷ്യം കാണാനായത്.
നിരവധി അവസരങ്ങൾ തുലച്ചെങ്കിലും മികച്ച രീതിയിൽ ഡച്ച് ആക്രമണത്തെ ചെറുത്താണ് ഇക്കുറി ഫൈനലിൽ അർജന്റീന മത്സരം ഷൂട്ടൗട്ട് വരെ കൊണ്ടെത്തിച്ചത്. രണ്ടാം പകുതിയിൽ കൂടുതൽ തവണ എതിർ സർക്കിളിൽ എത്തിയതും പെനാൽറ്റി കോർണറുകൾ ലഭിച്ചതുമെല്ലാം അർജന്റീനയ്ക്കായിരുന്നു. എന്നാൽ അതൊന്നും ഫലപ്രാപ്തിയിലെത്തിക്കാൻ അവർക്കായില്ല.
മുൻ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തോൽപിച്ച്് ബെൽജിയം വെങ്കല മെഡൽ സ്വന്തമാക്കി. സ്‌കോർ: 1-0.
അർജന്റീനയുടെ മൂന്നാം ലോകകിരീടമാണിത്. 2002, 2010 വർഷങ്ങളിലാണ് അവർ ഇതിനു മുൻപ് ലോകചാമ്പ്യനായത്. ഈ മൂന്ന് തവണയും നെതർലൻഡ്‌സിനെതാണ് ഫൈനലിൽ അവർ മറികടന്നത്. 2010നുശേഷം കിരീടവഴിയിൽ തിരിച്ചെത്തിയ നെതർലൻഡ്‌സ് ഹാട്രിക് നേടി. തുടർച്ചയായ നാലാം കിരീടം എന്ന അപൂർവ റെക്കോഡാണ് ഇക്കുറി അർജന്റീനയുടെ കണക്കുതീർക്കലിന് മുന്നിൽ തകർന്നടിഞ്ഞത്. 2004ലും അവർ ഈ നേട്ടത്തിന് അരികെത്തിയെത്തിയിരുന്നെങ്കിലും അന്ന് ഓസ്‌ട്രേലിയയാണ് ആ സ്വപ്‌നം തകർത്തത്.
2016 ലോകകപ്പ് ഫൈനലിനുശേഷം ഒരു കലാശപ്പോരിൽ നെതർലൻഡ്‌സ് നേരിടുന്ന ആദ്യ തോൽവി കൂടിയാണിത്.
Content Highlights: Argentina defeated the Netherlands in a penalty shootout (3-1) after a 1-1 draw., This victory marks Argentina's third Women's Hockey World Cup title., The win avenges previous losses to the Netherlands in the 2021 and 2024 Olympics., Belgium secured the bronze medal by defeating Australia 1-0.
Published: 30 Aug 2026, 08:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented