
നാലു കിടക്കകൾ, രണ്ട് എ.സി., ഒരു വാഷിങ് മെഷീൻ, ഒരു റഫ്രിജറേറ്റർ, ചെറിയ അടുക്കള, ഒരു ശൗചാലയം... നാലുപേർക്ക് താമസിക്കാവുന്ന, കണ്ടെയ്നർകൊണ്ടു തയ്യാറാക്കിയ പാർപ്പിടത്തിന്റെ ഉൾവശത്തെ സൗകര്യങ്ങളാണിവ. ഏഷ്യൻ ഗെയിംസിനു വേദിയാകുന്ന ജപ്പാനിലെ ഐച്ചി-നഗോയയിൽ കായികതാരങ്ങൾക്കു താമസിക്കാൻ കണ്ടെയ്നർ മുറികളാണ് ഒരുക്കിയിരിക്കുന്നത്. അതിനുമുൻപുതന്നെ കണ്ടെയ്നർ മുറികളിലെ താമസം പരിചയിക്കുകയാണ് ഇന്ത്യൻ കായികതാരങ്ങൾ.
തങ്ങളുടെ ഇനങ്ങളിലെ പരിശീലനത്തിനൊപ്പം കണ്ടെയ്നർ മുറികളിലെ താമസത്തിനും താരങ്ങൾക്ക് അവസരമൊരുക്കിയിരിക്കുകയാണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്). ഏഷ്യൻ ഗെയിംസിനു മുന്നോടിയായുള്ള പരിശീലന ക്യാമ്പുകൾ നടക്കുന്ന പട്യാലയിലും ബെംഗളൂരുവിലുമാണ് സായ് കണ്ടെയ്നർ മുറികൾ ഒരുക്കിയിരിക്കുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ രണ്ട് കണ്ടെയ്നർ പാർപ്പിടങ്ങളാണ് സായ് ഒരുക്കിയിരിക്കുന്നത്. ഒന്ന് പുരുഷന്മാർക്കും ഒന്ന് സ്ത്രീകൾക്കും. സാധാരണയിൽനിന്നു വ്യത്യസ്തമായ സാഹചര്യം കാരണം കായികതാരങ്ങളുടെ സ്വാഭാവിക പ്രകടനത്തിന് കോട്ടംതട്ടാതിരിക്കാനാണിത്.
ഇത്തവണ ഏഷ്യൻ ഗെയിംസിനായി ജപ്പാനിൽ ഗെയിംസ് വില്ലേജ് തയ്യാറാക്കുന്നില്ല. ചെലവുകുറയ്ക്കാൻ ഇറ്റാലിയൻ യാത്രാക്കപ്പലായ കോസ്റ്റ സെറീന, കണ്ടെയ്നർ മുറികൾ, ഹോട്ടലുകൾ എന്നിവയിലാണ് താമസസൗകര്യം ഒരുക്കുന്നത്. ഓരോ കായികതാരവും ചുരുങ്ങിയത് ഒരു രാത്രിയെങ്കിലും കണ്ടെയ്നർ വീടുകളിൽ താമസിച്ച് പരിചയിക്കുകയാണിവിടെ. ജപ്പാനിൽ കായികതാരങ്ങളെ കാത്തിരിക്കുന്നത് കണ്ടെയ്നർ പാർപ്പിടമാണെന്ന സൂചന രണ്ടുവർഷം മുൻപ് ലഭിച്ചപ്പോൾത്തന്നെ ഇവിടെ ഇത്തരത്തിൽ മുറികളൊരുക്കാൻ തുടങ്ങിയെന്ന് സായ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിനീത് കുമാർ പറയുന്നു. ജപ്പാനിൽ സന്ദർശനം നടത്തിയ സായ് സംഘത്തിന്റെ നിർദേശപ്രകാരമാണ് ഇവ തയ്യാറാക്കിയത്.
കണ്ടെയ്നർ മുറികൾ പുറമേനിന്നു നോക്കുമ്പോൾ ചെറുതാണെന്നു തോന്നുമെങ്കിലും ഉള്ളിൽ അത്യാവശ്യം സൗകര്യങ്ങളുണ്ടെന്ന് ഷോട്ട്പുട്ട് താരവും രണ്ടുതവണ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവുമായ തേജീന്ദർപാൽ സിങ് ടൂർ പറയുന്നു. ഈ മുറിയിൽ താൻ രണ്ടുരാത്രി താമസിച്ചതായി കോമൺവെൽത്ത് ഗെയിംസിൽ ഡിസ്‌കസ് ത്രോ വെങ്കലം നേടിയ സീമാ കാളിരമണ പറയുന്നു. മുറിയിൽ ആവശ്യത്തിനു സ്ഥലമില്ലെന്നാണ് സീമയുടെ അഭിപ്രായം. 40 അടി നീളവും എട്ടടി വീതിയുമുള്ള മുറിയിൽ കട്ടിലിനടിയിലാണ് താരങ്ങളുടെ കിറ്റുകൾ വെക്കാനുള്ള സ്ഥലം.
Content Highlights: SAI sets up container rooms in Patiala and Bengaluru for Asian Games prep., Container housing replicates the unique accommodation style in Aichi-Nagoya, Japan
Published: 05 Sept 2026, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented