ന്യൂഡൽഹി: ഫോർമുല വൺ റേസിങ് മത്സരങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിൽ അദാനി ഗ്രൂപ്പ് പ്രധാന പങ്കുവഹിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഒരു പുതിയ ഇന്ത്യൻ ഗ്രാൻപ്രീ നടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങൾ കായികപ്രേമികളിൽ വലിയ പ്രതീക്ഷ ഉണർത്തിയിട്ടുണ്ട്.

To advertise here,

എഫ്‌ഐഎയുടെ വ്യക്തിപരമായ ക്ഷണം സ്വീകരിച്ച് പ്രണവ് അദാനി സിങ്കപ്പൂർ ഗ്രാൻപ്രീയിൽ പങ്കെടുത്തതായി പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയെ എഫ് വൺ കലണ്ടറിൽ ഉൾപ്പെടുത്തുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്ന വേളയിലാണ് ഈ സന്ദർശനം നടന്നത്.

Also Read: ഫോർമുല വൺ ഇന്ത്യയിലേക്ക് തിരിച്ചെത്തുമോ? 2028-ൽ ഗ്രാൻഡ്പ്രീ നടത്താൻ ലക്ഷ്യമിട്ട് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് കേന്ദ്രം

ഗ്രേറ്റർ നോയിഡയിലുള്ള ഇന്ത്യയിലെ ഏക ഫോർമുല വൺ വേദിയായ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് ഉൾപ്പെടുന്ന ജെപി ഗ്രൂപ്പിന്റെ സ്വത്തുക്കൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. 2011 മുതൽ 2013വരെ ഇന്ത്യൻ ഗ്രാൻപ്രീക്ക് വേദിയായത് ഈ സർക്യൂട്ടായിരുന്നു. എന്നാൽ നികുതി, ലോജിസ്റ്റിക്‌സ്, വാണിജ്യപരമായ വെല്ലുവിളികൾ എന്നിവ കാരണമാണ് മൂന്ന് പതിപ്പുകൾക്കുശേഷം ഫോർമുല വൺ ഇന്ത്യയിൽ നിന്ന് പിന്മാറിയത്.

അതേസമയം ഫോർമുല വൺ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിൽ കരൺ അദാനി താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ഫോർമുല വൺ മാനേജ്മെന്റും തമ്മിൽ മത്സരം നടത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയതായും വിവരമുണ്ട്.

ഫോർമുല വൺ റേസിങ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാരും നേരത്തേ നീക്കം തുടങ്ങിയിരുന്നു. ഫോർമുല വൺ റേസിങ് തിരികെ കൊണ്ടുവരുന്നതിനും രാജ്യത്തെ മോട്ടോർ സ്പോർട്സ് മേഖലയ്ക്ക് ഉണർവ് നൽകുന്നതിനുമായി കേന്ദ്ര കായിക മന്ത്രാലയം 10 അംഗ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. കായികമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽ വീണ്ടും എഫ് വൺ ഗ്രാൻപ്രീ സംഘടിപ്പിക്കുന്നതിന്റെ സാധ്യതകളും നേരിടേണ്ടി വരുന്ന വെല്ലുവിളികളും ഈ സമിതി വിശദമായി പരിശോധിക്കും. ഇന്ത്യയിൽ മോട്ടോർ സ്പോർട്സിന്റെ സുസ്ഥിരമായ വളർച്ചയ്ക്ക് ആവശ്യമായ മാർഗങ്ങൾ നിർദേശിക്കുക, 2028-ൽ റേസ് സംഘടിപ്പിക്കാൻ പ്രാപ്തമാക്കുന്ന ഏകോപിതമായ റോഡ് മാപ്പ് തയ്യാറാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. മുമ്പ് 2013-ൽ റെഡ് ബുള്ളിന്റെ സെബാസ്റ്റ്യൻ വെറ്റൽ വിജയിച്ച മത്സരമാണ് ഇന്ത്യയിൽ നടന്ന അവസാന ഫോർമുല വൺ റേസ്.