ന്യൂയോർക്ക്: സിങ്കപ്പൂർ ഗ്രാൻഡ്പ്രീയിൽ മൂന്നാം സ്ഥാനം നേടിയതോടെ മേഴ്സിഡസ് ഡ്രൈവർ കിമി ആന്റോണല്ലി ഫോർമുല വൺ ലോക കിരീടത്തിനും ഒരു ചരിത്ര നേട്ടത്തിന് തൊട്ടടുത്താണ്. സിങ്കപ്പൂരിലെ പ്രകടനത്തോടെ മേഴ്സിഡസിലെ ടീമംഗമായ ജോർജ്ജ് റസ്സലിനേക്കാൾ 102 പോയന്റുകളുടെ മുൻതൂക്കം നേടാൻ ആന്റോണല്ലിക്ക് സാധിച്ചു. 2026 സീസണിൽ ആറ് റേസുകൾ മാത്രം ബാക്കിനിൽക്കെ, സെബാസ്റ്റ്യൻ വെറ്റലിന്റെ റെക്കോർഡ് മറികടന്ന് ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാകാനുള്ള അവസരമാണ് 20-കാരനായ ഈ ഇറ്റാലിയൻ താരത്തെ കാത്തിരിക്കുന്നത്.

To advertise here,

സിങ്കപ്പൂരിൽ എഞ്ചിൻ പെനാൽറ്റി ലഭിച്ചതിനെ തുടർന്ന് ഗ്രിഡിന്റെ പിന്നിൽ നിന്ന് മത്സരം ആരംഭിച്ച റസ്സൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെ റസ്സൽ ആദ്യമായി ആന്റോണല്ലിയേക്കാൾ 100 പോയിന്റിലധികം പിന്നിലായി. ലൂയിസ് ഹാമിൽട്ടൺ പോയിന്റ് പട്ടികയിൽ 111 പോയിന്റ് പിന്നിൽ മൂന്നാം സ്ഥാനത്തും, മാക്‌സ് വെസ്റ്റാപ്പൻ 119 പോയന്റും, ചാൾസ് ലെക്ലർക്ക് 125 പോയന്റും, ലാൻഡോ നോറിസ് 139 പോയന്റും പിന്നിലാണ്. നിലവിലെ ലീഡർബോർഡ് അനുസരിച്ച് ആന്റോണല്ലി 340 പോയിന്റോടെ ഒന്നാം സ്ഥാനത്തും, റസ്സൽ 238 പോയിന്റോടെ രണ്ടാം സ്ഥാനത്തും, ഹാമിൽട്ടൺ 229 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്.

ഒക്ടോബർ 25-ന് നടക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് (ഓസ്റ്റിൻ) ഗ്രാൻഡ്പ്രീയിൽ 2026 സീസണിലെ കിരീടം ഉറപ്പിക്കാൻ ആന്റോണല്ലിക്ക് ആദ്യ അവസരം ലഭിക്കും. സർക്യൂട്ട് ഓഫ് ദി അമേരിക്കാസിൽ വെച്ച് കിരീടം സ്വന്തമാക്കണമെങ്കിൽ ആന്റോണല്ലി തന്റെ ലീഡ് 23 പോയിന്റുകൾ കൂടി വർധിപ്പിക്കേണ്ടതുണ്ട്. ഇതിനായി ആന്റോണല്ലി ആദ്യം റേസ് വിജയിക്കണം. ഒപ്പം ജോർജ്ജ് റസ്സൽ ഒൻപതാമതോ അതിൽ താഴെയോ (2 പോയിന്റോ അതിൽ കുറവോ) ഫിനിഷ് ചെയ്യണം. ലൂയിസ് ഹാമിൽട്ടൺ അഞ്ചാമതോ അതിൽ താഴെയോ (10 പോയിന്റോ അതിൽ കുറവോ) ഫിനിഷ് ചെയ്യണം.

ആന്റോണല്ലി വിജയിക്കുകയും റസ്സൽ ഒൻപതാം സ്ഥാനത്ത് എത്തുകയും ചെയ്താൽ, ആന്റോണല്ലിക്ക് 125 പോയന്റുകളുടെ മുൻതൂക്കം ലഭിക്കും. ബാക്കി റേസുകളിൽ നിന്ന് നേടാൻ 125 പോയന്റുകൾ ബാക്കിനിൽക്കെ, സീസണിലെ തന്റെ ഒൻപതാം ജയം സ്വന്തമാക്കുന്ന ആന്റോണല്ലിക്ക് ടൈബ്രേക്കറായ കൗണ്ട്ബാക്ക് നിയമപ്രകാരം കിരീടം ഉറപ്പിക്കാനാകും. കൂടാതെ, ഓസ്റ്റിനിലെ ആന്റോണല്ലിയുടെ വിജയം വെസ്റ്റാപ്പൻ, ലെക്ലർക്ക്, നോറിസ് എന്നിവരെ മറ്റ് ഫലങ്ങൾ നോക്കാതെ തന്നെ ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യും.