തിരുവനന്തപുരം: പരമ്പരാഗത ശാസ്ത്രീയ കലകളുടെ വേദിയായ കേരളത്തിന്റെ തലസ്ഥാന നഗരി ഇന്നലെ സാക്ഷ്യം വഹിച്ചത് കായിക ലോകത്തെ ആകാശവിസ്മയങ്ങൾക്ക്. ലോകപ്രശസ്ത സ്ലോവേനിയൻ അക്രോബാറ്റിക് ബാസ്‌ക്കറ്റ്‌ബോൾ സംഘമായ 'ഡങ്കിംഗ് ഡെവിൾസ്' തങ്ങളുടെ തകർപ്പൻ പ്രകടനങ്ങളിലൂടെ തിരുവനന്തപുരത്തെ ആവേശത്തിലാഴ്ത്തി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അന്താരാഷ്ട്ര ഡങ്കിംഗ് ടീം കായികപ്രകടനം നടത്തുന്നത്. കാണികളെ മുൾമുനയിൽ നിർത്തിയ രണ്ട് വമ്പൻ ഷോകളാണ് സംഘം തലസ്ഥാനത്ത് കാഴ്ചവെച്ചത്.

To advertise here,

സംസ്ഥാന കായിക ദിനാചരണത്തോടനുബന്ധിച്ചും, കേരളത്തിന്റെ കായിക വിപ്ലവത്തിന് അടിത്തറയിട്ട ലഫ്റ്റനന്റ് കേണൽ ഗോദവർമ്മ രാജയുടെ (ജി.വി. രാജ) ജന്മവാർഷികത്തോടനുബന്ധിച്ചും സംസ്ഥാന കായിക യുവജന കാര്യ വകുപ്പ് സംഘടിപ്പിച്ച 'സ്‌പോർട്‌സ് നൈറ്റ് 2026'-ന്റെ ഭാഗമായാണ് ഈ വിസ്മയ പരിപാടി അരങ്ങേറിയത്.

ചൊവ്വാഴ്ച രാവിലെ സർവോദയ വിദ്യാലയ സ്‌കൂൾ മൈതാനത്തായിരുന്നു ഡങ്കിംഗ് ഡെവിൾസിന്റെ ആദ്യ പ്രകടനം. ആകാശത്തിലേക്ക് ഉയർന്നുചാടിയും വായുവിൽ കരണം മറിഞ്ഞും ബാസ്‌ക്കറ്റ് റിങ്ങിലേക്ക് പന്തുകൾ പായിച്ച അത്‌ലറ്റുകളുടെ അതിസാഹസിക നീക്കങ്ങൾ ആയിരക്കണക്കിന് സ്‌കൂൾ കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായി. വൈകുന്നേരത്തോടെ ആവേശം കനകക്കുന്ന് കൊട്ടാരവളപ്പിലെ പ്രശസ്തമായ നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്ക് മാറി. പൈതൃക വേദിയായ നിശാഗന്ധിയെ ഒരൊറ്റ രാത്രികൊണ്ട് അത്യാധുനിക കായിക വിനോദ വേദി ആക്കി മാറ്റാൻ ഈ അന്താരാഷ്ട്ര സംഘത്തിന് കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ കോടിക്കണക്കിന് ആരാധകരുള്ള ഈ സംഘം ട്രാംപോളിൻ ലോഞ്ചുകൾ, സ്‌ഫോടനാത്മകമായ ബാസ്‌ക്കറ്റ്‌ബോൾ ഡങ്കുകൾ, അർബൻ ആർട്ട് എന്നിവ കോർത്തിണക്കിയാണ് പ്രകടനം നടത്തിയത്. ജിംനാസ്റ്റിക്‌സും, പാർക്കറും, ഫ്രീസ്‌റ്റൈൽ ഫ്‌ലിപ്പുകളും സമന്വയിപ്പിച്ച പ്രകടനത്തിന് മാറ്റുകൂട്ടാൻ അത്യാധുനിക വെളിച്ച-ശബ്ദ വിന്യാസങ്ങളും ഒരുക്കിയിരുന്നു. തിങ്ങിനിറഞ്ഞ ഗാലറികളെ സാക്ഷിയാക്കി നടന്ന ഈ ഷോ തിരുവനന്തപുരത്തെ കായിക പ്രേമികൾക്ക് ഒരു പുതിയ അനുഭവമായി.

കായിക പ്രകടനങ്ങൾക്ക് പുറമെ, കായിക രംഗത്തെ മികച്ച സംഭാവനകൾക്കുള്ള പ്രശസ്തമായ ജി.വി. രാജ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര മെഡൽ ജേതാക്കളെയും കായിക പരിശീലകരെയും ചടങ്ങിൽ ആദരിച്ചു.

ഏറെ ശ്രദ്ധേയമായ ഈ കായിക വിസ്മയത്തിന് സ്റ്റാർട്ടിംഗ് ഫൈവ് സ്‌പോർട്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പ്, കേരള ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ, ട്രിവാൻഡ്രം ഡിസ്ട്രിക്റ്റ് ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ എന്നീ പ്രമുഖ ബാസ്‌ക്കറ്റ്‌ബോൾ സംഘടനകളാണ് പൂർണ്ണമായ സാങ്കേതികവും നടത്തിപ്പുപരവുമായ പിന്തുണ നൽകിയത്. പരമ്പരാഗത ശൈലികളിൽ നിന്ന് മാറി, ആഗോള നിലവാരത്തിലുള്ള കായിക വിനോദ പരിപാടികൾക്ക് തിരുവനന്തപുരം വേദിയായതോടെ കേരളത്തിലെ സ്‌പോർട്‌സ് എന്റർടൈൻമെന്റ് മേഖലയ്ക്ക് ഇതൊരു പുതിയ തുടക്കമായി മാറി.