മുംബൈ: സ്വന്തം ബയോപിക്കിൽ അഭിനയിക്കാൻ ഓഡിഷനിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അണിയറപ്രവർത്തകർ അത് നിരസിച്ചതായി ക്രിക്കറ്റ്താരം യുവരാജ് സിങ്. തമാശരൂപേണയായിരുന്നു യുവിയുടെ വെളിപ്പെടുത്തൽ. ബയോപിക്കിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും യുവരാജ് പറഞ്ഞു.

To advertise here,

സ്വകാര്യ ജീവിതത്തിലെ എത്രത്തോളം കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ തയ്യാറാകുമെന്ന ചോദ്യത്തിന്, താനൊരു സാധാരണ മനുഷ്യനായിത്തന്നെ സ്‌ക്രീനിൽ വരാനാണ് ആഗ്രഹിക്കുന്നതെന്ന് യുവരാജ് മറുപടി നൽകി. 'ഞാൻ വളരെ സത്യസന്ധനായ ഒരാളാണ്. എന്റെ നേട്ടങ്ങൾക്കായി ഒരു 'നല്ലവനായ നായകൻ' പരിവേഷം എനിക്ക് വേണ്ട. ഒരു സാധാരണ മനുഷ്യനായി അറിയപ്പെടാനാണ് എനിക്കിഷ്ടം. എന്റെ ജീവിതയാത്ര ഒരുപാട് ആളുകൾക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യർക്ക് തെറ്റുകൾ സംഭവിക്കാം; ആരും പൂർണരല്ല, പക്ഷേ നമുക്ക് കൂടുതൽ മെച്ചപ്പെടാൻ സാധിക്കും. ജീവിതത്തെ ഞാൻ അങ്ങനെയാണ് കാണുന്നത്,' അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ യഥാർഥ സംഭവങ്ങൾ സിനിമയാക്കുമ്പോൾ മറ്റുള്ളവരുടെ വികാരങ്ങളെയും മാനിക്കേണ്ടതുണ്ടെന്ന് യുവരാജ് ഓർമിപ്പിച്ചു. കുടുംബം, ക്രിക്കറ്റ് യാത്ര, ജീവിതത്തിൽ ഒപ്പമുണ്ടായിരുന്നവർ എന്നിങ്ങനെ നിരവധി പേർ ഇതിൽ ഉൾപ്പെടുന്നുണ്ട്. അവരോട് ആദരവ് പുലർത്തേണ്ടതുണ്ട്. അതേസമയം, ക്രിക്കറ്റിലൂടെയും രോഗാവസ്ഥയിലൂടെയുമുള്ള തന്റെ യാത്രയും തിരിച്ചുവരവും യുവാക്കൾക്ക് പ്രചോദനമാകണമെന്നും, 'ഇയാൾക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ എനിക്കും സാധിക്കും' എന്ന് അവർക്ക് ചിന്തിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌ക്രീനിൽ തന്റെ വേഷം ആര് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് രൺബീർ കപൂറിന്റെയും വിക്കി കൗശലിന്റെയും പേരുകളാണ് യുവരാജ് മുന്നോട്ടുവെച്ചത്. 'മികച്ച നിരവധി അഭിനേതാക്കളുണ്ട്. രൺബീർ കപൂർ മികച്ച നടനാണ്, അതുപോലെ വിക്കി കൗശലും. ഒരു യുവതാരത്തെയോ പരിചയസമ്പന്നനായ നടനെയോ കാസ്റ്റ് ചെയ്യാം... അത് സ്റ്റുഡിയോയുടെയും സംവിധായകന്റെയും തീരുമാനമാണ്. എന്റെ ബയോപിക്കിൽ അഭിനയിക്കാൻ ഓഡിഷൻ നൽകാൻ പോലും ഞാൻ ആഗ്രഹിച്ചു, പക്ഷേ അവർ നിരസിച്ചു,' യുവരാജ് ചിരിച്ചുകൊണ്ട് പറഞ്ഞു.

'എനിക്ക് ഷോബിസിനോട് താല്പര്യമുണ്ടായിരുന്നു. എന്നാൽ ക്രിക്കറ്റ് കരിയറിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കുകയും സ്വന്തമായി ഒരു പേരുണ്ടാക്കാൻ വർഷങ്ങളോളം കഷ്ടപ്പെടുകയും ചെയ്തശേഷം എടുക്കുന്ന ഒരു തെറ്റായ തീരുമാനം ആ സൽപ്പേരിനെ തന്നെ ബാധിച്ചേക്കാം. ഇന്ന് സമൂഹത്തിന് സംഭാവന നൽകാനും ഈ തലമുറയെ മെച്ചപ്പെടുത്താൻ സഹായിക്കാനും കഴിയുന്ന ഇടത്താണ് ഞാൻ നിൽക്കുന്നത്. മുൻപ് ചില അഭിനയ അവസരങ്ങൾ വന്നിരുന്നെങ്കിലും അവ മുന്നോട്ട് പോയില്ല,' അദ്ദേഹം വ്യക്തമാക്കി.

നിലവിൽ സംരംഭകത്വ മേഖലയിലും യുവരാജ് സജീവമാണ്. 32-ാം വയസ്സ് മുതൽ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും, ഒരു ഹെൽത്ത് അംബാസഡർ എന്ന നിലയിൽ ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യമേഖലയിൽ നിക്ഷേപം നടത്താനാണ് താൽപ്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ഹെയ്‌സൽ കീച്ച് സിംഗിനും മക്കളായ ഓറിയനും ഔറയ്ക്കുമൊപ്പമുള്ള കുടുംബജീവിതവും അദ്ദേഹം പങ്കുവെച്ചു.