മുംബൈ: തന്റെ താരപദവിക്ക് പിന്നിൽ പ്രതിഭയേക്കാളുപരി ഭാഗ്യമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ജിതേന്ദ്ര. 1964-ൽ പുറത്തിറങ്ങിയ 'ഗീത് ഗായാ പത്ഥരോം നേ' എന്ന ചിത്രത്തിലൂടെ പ്രശസ്ത ചലച്ചിത്രകാരൻ വി. ശാന്താറാം നൽകിയ അവസരമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് 'വെറൈറ്റി ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിൽ ജിതേന്ദ്ര പറഞ്ഞു. മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയാതെ പോയതിലെ കുറ്റബോധവും സങ്കടവും ജീവിതകാലം മുഴുവൻ വേട്ടയാടുമെന്നും ജിതേന്ദ്ര പറഞ്ഞു.
തന്റെ തുടക്കകാലത്തെ അപേക്ഷിച്ച് മകനും നടനുമായ തുഷാർ കപൂർ കൂടുതൽ കഠിനാധ്വാനിയും കഴിവുള്ളവനുമാണെന്നും ജിതേന്ദ്ര പറഞ്ഞു. ഒരു അച്ഛൻ മകനെ പുകഴ്ത്തുന്നതല്ല, മറിച്ച് തുഷാറിന്റെ അർപ്പണബോധം നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തിലുള്ള ആത്മാർത്ഥമായ അഭിപ്രായമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞാൻ ആയിരുന്നതിനേക്കാൾ എത്രയോ മികച്ചതും അർപ്പണബോധവുമുള്ള നടനാണ് തുഷാർ. എന്റെ മകനായതുകൊണ്ടല്ല ഞാൻ ഇത് പറയുന്നത്. കൃത്യസമയത്ത് കൃത്യമായ സ്ഥലത്ത് എത്തിപ്പെടാനുള്ള ഭാഗ്യം മാത്രമാണ് എനിക്കുണ്ടായിരുന്നത്. മഹാനായ വി. ശാന്താറാംജി എന്നെ കണ്ടെത്തി നായകനാക്കിയില്ലായിരുന്നുവെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നുവെന്ന് ആലോചിച്ചുനോക്കൂ. എനിക്ക് മുൻപരിചയമോ കഴിവോ ഒന്നും ഉണ്ടായിരുന്നില്ല, ഭാഗ്യം മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്,' ജിതേന്ദ്ര പറഞ്ഞു. 'ഹംജോലി', 'ജീനേ കി രാഹ്', 'കാരവാൻ', 'ഖുശ്ബു', 'ഹിമ്മത്വാല', 'ധരം വീർ', 'ജുദായ്', 'ഖുദ്ഗർസ്', 'ജാനി ദുശ്മൻ' തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിൽ നിറഞ്ഞുനിന്ന താരമാണ് ജിതേന്ദ്ര.
തന്റെ പഴയകാല ജീവിതശൈലിയെയും മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയാതെ പോയതിനെയും കുറിച്ച് ജിതേന്ദ്ര തുറന്നുപറഞ്ഞു. താൻ പണ്ട് പുകവലിക്കുകയും മദ്യപിക്കുകയും രാത്രി വൈകിയും പുറത്തുപോവുകയും ചെയ്യുമായിരുന്നുവെന്നും, എന്നാൽ തുഷാർ ഇത്തരം ശീലങ്ങളിൽ നിന്നെല്ലാം അകന്നുനിൽക്കുകയും ഒഴിവുസമയങ്ങൾ മകനോടൊപ്പം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ന് തുഷാർ തന്റെ മകനോടൊപ്പം ഇത്രയധികം സമയം ചെലവഴിക്കുന്നത് കാണുമ്പോൾ, അവന്റെ ജീവിതത്തിൽ എനിക്ക് ഉണ്ടാകാതെ പോയ സാന്നിധ്യത്തെക്കുറിച്ച് ഞാൻ വല്ലാതെ ഖേദിക്കുന്നു. മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയാതെ പോയതിൽ എനിക്ക് എത്രത്തോളം വിഷമമുണ്ടെന്ന് വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയില്ല. ജോലിത്തിരക്ക് ഒരു ഒഴികഴിവല്ല. ജീവിതകാലം മുഴുവൻ എന്നെ വേട്ടയാടുന്ന കുറ്റബോധവും സങ്കടവുമാണത്,' ജിതേന്ദ്ര കൂട്ടിച്ചേർത്തു.
തുഷാർ എപ്പോഴും തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും തന്നോട് ഒരിക്കലും ഉപദേശം തേടിയിട്ടില്ലെന്നും ജിതേന്ദ്ര വ്യക്തമാക്കി. മകൾ ഏക്താ കപൂറിന്റെ വളർച്ചയെയും അദ്ദേഹം പ്രശംസിച്ചു. വൃദ്ധസദനം നടത്തുന്നതുൾപ്പെടെ യാതൊരു പ്രശസ്തിയും ആഗ്രഹിക്കാതെ ഏക്ത നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന 'ഗോൽമാൽ 5' ആണ് തുഷാർ കപൂറിന്റെ വരാനിരിക്കുന്ന ചിത്രം. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, അർഷാദ് വാർസി, ശർമാൻ ജോഷി, ശ്രേയസ് തൽപഡെ എന്നിവർ അണിനിരക്കുന്ന ചിത്രം 2027 ജനുവരി എട്ടിന് തിയേറ്ററുകളിലെത്തും.
Published: 24 Nov 2026, 04:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented