ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വെബ് സീരീസ് ചിത്രീകരണത്തിനിടെ പോലീസ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുകയും പ്രൊഡക്ഷൻ ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തതായി നടനും മോഡലുമായ കപിൽ ഖാദിവാല ആരോപിച്ചു. എന്നാൽ, പോലീസ് ഈ ആരോപണങ്ങൾ നിഷേധിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച പോലീസ് കപിലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, മൊഴിയെടുപ്പ് നടപടികൾക്കിടയിലും പോലീസ് തന്നെ മാനസികമായി പീഡിപ്പിച്ചതായി കപിൽ ഖാദിവാല ആരോപിച്ചു. 'ഷെയിം ഓൺ ഇൻഡോർ പോലീസ്' എന്ന തലക്കെട്ടോടെ അടുത്തിടെ അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. പോലീസിന്റെ പീഡനം കാരണം ചിത്രീകരണം നിർത്തിവെച്ച് അണിയറപ്രവർത്തകർ മുഴുവൻ മുംബൈയിലേക്ക് മടങ്ങിയെന്നാണ് വീഡിയോയിൽ പറയുന്നത്.
ഇൻഡോർ സ്വദേശിയായ ഖാദിവാല പറയുന്നതനുസരിച്ച്, നവംബർ 14-ന് രാത്രി 11.30-ഓടെ കനാഡിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കഫേയിൽ വെബ് സീരീസിന്റെ ചിത്രീകരണം നടക്കുന്നതിനിടെ എത്തിയ ചില പോലീസുകാർ ഷൂട്ടിങ് തടസ്സപ്പെടുത്തുകയായിരുന്നു. പ്രൊഡക്ഷൻ വിഭാഗത്തിലെ അംഗങ്ങളോട് പോലീസുകാർ കൈക്കൂലി ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.
'ഖാദിവാലയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന് നോട്ടീസ് നൽകുകയും ബുധനാഴ്ച മൊഴി രേഖപ്പെടുത്തുകയും ചെയ്തു,' അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ രാജേഷ് ദണ്ഡോത്തിയ പറഞ്ഞു. തനിക്ക് നേരിട്ട് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും പ്രൊഡക്ഷൻ മാനേജർ പ്രകാശ് ത്രിപാഠിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ നിർമിച്ചതെന്നുമാണ് നടൻ മൊഴി നൽകിയിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നവംബർ 14 മുതൽ 20വരെ രാവിലെ 5 മണി മുതൽ രാത്രി 11 മണിവരെ കനാഡിയ പോലീസ് സ്റ്റേഷൻ പരിധിയിൽ ചിത്രീകരണം നടത്തുന്നതിനാണ് പ്രൊഡക്ഷൻ മാനേജർ അപേക്ഷ നൽകിയിരുന്നതെന്നും ഇതിന് അനുമതി നൽകിയിരുന്നതായും ദണ്ഡോത്തിയ പറഞ്ഞു. പ്രൊഡക്ഷൻ മാനേജരെയും മൊഴി രേഖപ്പെടുത്താനായി വിളിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നഗരത്തിൽ രാത്രി 11 മണിക്കുശേഷം ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങൾ സിനിമാ-സീരീസ് ചിത്രീകരണങ്ങൾക്കും ബാധകമാണെന്ന് അഡീഷണൽ ഡി.സി.പി വ്യക്തമാക്കി. ചിത്രീകരണവുമായി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നിയമലംഘനം ഉണ്ടായതായി അന്വേഷണത്തിൽ തെളിഞ്ഞാൽ, ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 223 (അധികാരികളുടെ ഉത്തരവ് ലംഘിക്കൽ) പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വീഡിയോയിൽ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി കപിൽ ഖാദിവാല വ്യക്തമാക്കി. മൊഴി രേഖപ്പെടുത്താനെന്ന പേരിൽ കനാഡിയ പോലീസ് സ്റ്റേഷനിൽ മൂന്നര മണിക്കൂറോളം തന്നെ ഇരുത്തി പോലീസ് ബുദ്ധിമുട്ടിച്ചതായി അദ്ദേഹം ആരോപിച്ചു. 'പോലീസ് രേഖപ്പെടുത്തിയ മൊഴിയിൽ എനിക്ക് തൃപ്തിയില്ല, വീണ്ടും മൊഴി രേഖപ്പെടുത്തണം,' അദ്ദേഹം ആവശ്യപ്പെട്ടു. വെബ് സീരീസ് ചിത്രീകരണത്തിനായി പോലീസ് നൽകിയ അനുമതി പത്രത്തിൽ സമയപരിധി കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
Published: 26 Nov 2026, 11:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented