വിവിധ മേഖലകളിൽ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന നൂറ് പ്രമുഖ വ്യക്തികളെ ആദരിക്കുന്നതിനായി 'ടൈം' ആദ്യമായി പുറത്തിറക്കിയ 'ടൈം 100 നെക്സ്റ്റ്: ഇന്ത്യ' (TIME100 Next: India) പട്ടികയിൽ ഒൻപത് ഇന്ത്യൻ കായികതാരങ്ങൾ ഇടംനേടി. നിലവിൽ കളിക്കളത്തിൽ സജീവമായ താരങ്ങളും വിരമിച്ച ഇതിഹാസതാരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

To advertise here,

ക്രിക്കറ്റ് രംഗത്തുനിന്ന് മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുമാണ് പട്ടികയിൽ ഇടംപിടിച്ചത്. 2025-ൽ ഇന്ത്യയ്ക്ക് കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്ത മികവാണ് ഹർമൻപ്രീതിന് അംഗീകാരം നേടിക്കൊടുത്തത്. 2025 ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി 35 പന്തിൽ സെഞ്ച്വറി നേടി ചരിത്രം കുറിച്ച പ്രകടനമാണ് യുവതാരം വൈഭവ് സൂര്യവംശിയെ പട്ടികയിലെത്തിച്ചത്.

ചെസ്സ് ലോകത്തുനിന്ന് നിലവിലെ ലോക ചാമ്പ്യൻ ഡി. ഗുകേഷും പട്ടികയിലുണ്ട്. ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായ ഗുകേഷ്, വിശ്വനാഥൻ ആനന്ദിനുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്.

ഭാരോദ്വഹന താരം മീരാഭായ് ചാനുവാണ് പട്ടികയിലെ മറ്റൊരു പ്രമുഖ സാന്നിധ്യം. 2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ ആകെ 190 കിലോഗ്രാം ഉയർത്തി ഗെയിംസ് റെക്കാഡോടെ തുടർച്ചയായ മൂന്നാം സ്വർണവും, തുടർന്ന് 2026 ഏഷ്യൻ ഗെയിംസിൽ കരിയറിലെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലായ വെള്ളിയും മീരാഭായ് ചാനു സ്വന്തമാക്കിയിരുന്നു.

മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരവും ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ ഉടമയുമായ ടെന്നീസ് താരം സാനിയ മിർസയും പ്രഥമ പട്ടികയിൽ ഇടംപിടിച്ചു.

പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ കായികതാരങ്ങൾ

വൈഭവ് സൂര്യവംശി-ക്രിക്കറ്റ്
ഹർമൻപ്രീത് കൗർ-ക്രിക്കറ്റ്
ഡി. ഗുകേഷ്-ചെസ്സ്

മീരാഭായ് ചാനു-ഭാരോദ്വഹനം

ലവ്​ലിന ബോർഗോഹെയ്ൻ-ബോക്‌സിങ്

സവിത പുനിയ-ഹോക്കി

വിത്ത്യ രാംരാജ്-അത്​ലറ്റിക്‌സ്

കുംകും മൊഹോദ്-അമ്പെയ്ത്ത്

സാനിയ മിർസ-ടെന്നീസ്