ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ പ്രസിഡന്റ് പി.ടി. ഉഷ മത്സരിക്കില്ല. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിനമായ ചൊവ്വാഴ്ച ഉഷ പത്രിക നൽകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സമർപ്പിച്ചില്ല. മലയാളി ലോങ് ജംപ് താരം അഞ്ജു ബോബി ജോർജ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
വോട്ടർപട്ടികയിലേക്ക് ഉഷയെ ഐസ് ഹോക്കി അസോസിയേഷൻ നാമനിർദേശം ചെയ്തതിനെ ചോദ്യംചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. പിന്നാലെ ഉഷ പത്രിക നൽകുമെന്നാണ് കരുതിയതെങ്കിലും അവർ മത്സരരംഗത്തുനിന്ന് പിന്മാറി. ഇതോടെ, ത്രികോണ പോരാട്ടമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്നത്. 2012 ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കലമെഡൽ ജേതാവ് റൈഫിൾ ഷൂട്ടർ ഗഗൻ നരംഗാണ് മുൻനിരയിൽ.
ഇന്ത്യൻ ആർച്ചറി അസോസിയേഷൻ സെക്രട്ടറി ജനറൽ കൂടിയായ ബി.ജെ.പി. നേതാവ് വീരേന്ദ്ര സച്ച്‌ദേവ, ഐ.ഒ.എ. മുൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത എന്നിവരും മത്സരിക്കുന്നു. മുൻ ലോകചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് ലോങ് ജംപ് താരം അഞ്ജു ബോബി ജോർജ്, 2008 ബീജിങ് ഒളിമ്പിക്സ് മെഡൽ ജേതാവ് ബോക്സർ വിജേന്ദർ സിങ് എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. നേരത്തേ, സ്പോർട്സ് പേഴ്‌സൺ ഓഫ് മെറിറ്റ് ആയി ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള മത്സരത്തിൽ അഞ്ചാംസ്ഥാനത്തായി പരാജയപ്പെട്ടതിനെത്തുടർന്ന് ഉഷയ്ക്ക് വീണ്ടും ഐ.ഒ.എ. പ്രസിഡന്റാകാനുള്ള സാധ്യത കുറഞ്ഞിരുന്നു.
Content Highlights: PT Usha decided not to contest the Indian Olympic Association (IOA) presidential election
Published: 25 Nov 2026, 07:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented