ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു. ബിജെപിയുടെ അദർ ബാക്ക്വേർഡ് ക്ലാസസ് (ഒബിസി) മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി അദ്ദേഹത്തെ പാർട്ടി നിയമിച്ചു. ഇതിന് മുന്നോടിയായി ചാഹൽ ഒബിസി മോർച്ച ദേശീയ പ്രസിഡന്റ് അമർപാൽ മൗര്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

To advertise here,

തനിക്ക് ബിജെപി കുടുംബത്തിൽ സ്ഥാനവും ആദരവും നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നവീൻ, ഒബിസി മോർച്ച ദേശീയ പ്രസിഡന്റ് അമർപാൽ മൗര്യ എന്നിവർക്ക് ചാഹൽ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു. ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നവീന്റെ നിർദേശപ്രകാരമാണ് ഈ നിയമനം ഉടനടി പ്രാബല്യത്തിൽ വന്നതെന്ന് അമർപാൽ മൗര്യ വ്യക്തമാക്കി. കൂടാതെ, ഒബിസി മോർച്ചയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭാരവാഹികളെയും ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കായി ഇതുവരെ 72 ഏകദിന മത്സരങ്ങളിലും 80 ട്വന്റി20 മത്സരങ്ങളിലും കളിച്ച ചാഹൽ യഥാക്രമം 121, 96 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. കൂടാതെ, വിവിധ ഫ്രാഞ്ചൈസികൾക്കായി കളിച്ച 188 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 233 വിക്കറ്റുകളും ഈ ലെഗ് സ്പിന്നർ സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റിലേക്ക് എത്തുന്നതിന് മുമ്പ് അറിയപ്പെടുന്ന ഒരു ചെസ്സ് താരം കൂടിയായിരുന്നു ചാഹൽ. മാത്രമല്ല ടി20 ക്രിക്കറ്റിൽ 400 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ എന്ന നേട്ടവും ചാഹലിന്റെ പേരിലാണ്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 2025 സീസണിന് മുന്നോടിയായി 18 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് ചാഹലിനെ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാനയെ പ്രതിനിധീകരിക്കുന്ന അദ്ദേഹം ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ കെന്റ്, നോർത്താംപ്ടൺഷയർ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്.