രാമായണ എന്ന ചിത്രത്തിലെ സണ്ണി ഡിയോൾ അവതരിപ്പിക്കുന്ന ഹനുമാന്റെ കഥാപാത്രത്തേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി നിർമാതാവ് നമിത് മൽഹോത്ര. ഹനുമാനെ ഇന്ത്യയുടെ 'അയൺ മാൻ' (Iron Man) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാമായണയുടെ രണ്ടാം ഭാഗത്തിൽ ഹനുമാൻ എത്തുന്നതോടെ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരും. സണ്ണി ഡിയോളിനെ ഈ വേഷത്തിലേക്ക് തിരഞ്ഞെടുക്കാൻ ഒരു കാരണമുണ്ടെന്നും നമിത് മൽഹോത്ര വ്യക്തമാക്കി. ഗോൾഡ് ഡെർബിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

To advertise here,

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ അയൺ മാനെപ്പോലെ ആരാധകരുടെ പ്രിയങ്കരനായ കഥാപാത്രമാണ് ഹനുമാൻ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രേക്ഷകരിൽ കൗതുകവും ആകാംക്ഷയും നിലനിർത്തിക്കൊണ്ടാണ് ഒന്നാം ഭാഗത്തിൽ ഹനുമാന്റെ ആഗമനം സൂചിപ്പിച്ചിരിക്കുന്നത്. അടുത്ത ഭാഗത്തിൽ ഹനുമാൻ എത്തുന്നതോടെ ചിത്രം പുതിയൊരു തലത്തിലേക്ക് ഉയരും. കോപം വരുമ്പോൾ ഭയം ജനിപ്പിക്കാനുള്ള കഴിവിനൊപ്പം, നിഷ്കളങ്കതയും എല്ലാവർക്കും ഇഷ്ടപ്പെടുന്ന സ്വഭാവവും ആവശ്യമുള്ള ഒരു കഥാപാത്രമായതിനാലാണ് ഹനുമാൻ വേഷത്തിനായി സണ്ണി ഡിയോളിനെ തിരഞ്ഞെടുത്തത്.

മുൻപ് അഭിനയിച്ച ചിത്രങ്ങളിൽ ശാന്തനായ വ്യക്തിത്വത്തിൽ നിന്ന് മലകൾ കുലുക്കാൻ പോന്ന ശക്തിയിലേക്ക് മാറുന്ന വേഷങ്ങൾ സണ്ണി ഡിയോൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു സൂപ്പർഹീറോ വേഷവും ഔദ്യോഗികമായി ചെയ്തിട്ടില്ലെങ്കിലും ഇന്ത്യയുടെ സൂപ്പർഹീറോയായി സണ്ണി ഡിയോൾ ഇതിനകം തന്നെ ആഘോഷിക്കപ്പെട്ടിട്ടുണ്ടെന്ന് നിർമ്മാതാവ് കൂട്ടിച്ചേർത്തു.

Also Read: 20 വർഷംമുൻപ് കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടു, ഇന്ന് 16,000 കോടി ആസ്തി; ആരാണ് ‘രാമായണ’ നിർമാതാവ് നമിത് മൽഹോത്ര

"അവനെ നമ്മുടെ അയൺമാനായി സങ്കൽപ്പിക്കുക, കാരണം അവൻ എല്ലാവരുടെയും പ്രിയങ്കരനാണ്. ഞങ്ങളുടെ പക്കൽ ഹനുമാൻ ഉള്ളതുകൊണ്ട് അടുത്ത ചിത്രം ശരിക്കും ഉയർന്ന നിലവാരമുള്ളതായിരിക്കും; അതൊരു വലിയ ദൃശ്യവിരുന്നായിരിക്കും. ആ ആമുഖം രഹസ്യമായി സൂക്ഷിച്ചത് നന്നായി, കാരണം രാമൻ അടുത്തതായി എന്തുചെയ്യും എന്ന ആകാംക്ഷയിലാണ് ഞങ്ങൾ പ്രേക്ഷകരെ വിട്ടത്. ഇനി ആരാണ് മുന്നിൽ നിന്ന് നയിക്കാൻ പോകുന്നതെന്ന് നിങ്ങൾക്ക് കാണാം.

യഥാർത്ഥത്തിൽ ഒരു സൂപ്പർ ഹീറോ വേഷം ചെയ്യാതെ തന്നെ അദ്ദേഹം ഇന്ത്യയിലെ ഒരു സൂപ്പർ ഹീറോ ആയി ആഘോഷിക്കപ്പെടുന്നു. കഥയുടെ വ്യാപ്തിയുടെ കാര്യത്തിൽ കഥയുടെ അടുത്ത ഭാഗം തികച്ചും പുതിയൊരു തലത്തിലേക്കാണ് പോകുന്നത്. അതിനാൽ രാമനോടൊപ്പം ഹനുമാനെയും അതിൽ ഉൾപ്പെടുത്തുന്നത് മികച്ചതായിരിക്കും. ചില വിധത്തിൽ പറഞ്ഞാൽ, രാമായണ മഹാകാവ്യം ശരിക്കും ഇവിടെയാണ് ആരംഭിക്കുന്നത്." നമിത് മൽഹോത്രയുടെ വാക്കുകൾ.

'രാമായണം: പാർട്ട് 1'-ന്റെ പോസ്റ്റ്-ക്രെഡിറ്റ് രംഗത്തിലാണ് ഹനുമാന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. മുഖം പൂർണ്ണമായി കാണിക്കാതെ, ഗദയേന്തി പറന്നുയരുന്ന ഹനുമാന്റെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. ദിൽജിത് ദോസാഞ്ച് ആലപിച്ച ഹനുമാൻ ചാലിസയാണ് ഈ രംഗത്തിന്റെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയത്.

രൺബീർ കപൂർ (ശ്രീരാമൻ), യാഷ് (രാവണൻ), സായ് പല്ലവി (സീത), രവി ദുബെ (ലക്ഷ്മണൻ) എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത് 18 ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമായി 1700 കോടി രൂപയിലധികം ചിത്രം കളക്റ്റ് ചെയ്തു. ഇന്ത്യയിൽ നിന്ന് മാത്രം 920 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടി ചരിത്രപരമായ വിജയമാണ് ചിത്രം കൈവരിച്ചത്. 2028 ദീപാവലിയോടനുബന്ധിച്ച് പുറത്തിറങ്ങുന്ന രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.