വർഷങ്ങളായി 'മിർസാപുർ' ടീമിനൊപ്പം പ്രവർത്തിച്ചതിലൂടെ അഭിനേതാക്കളും അണിയറപ്രവർത്തകരും തമ്മിൽ വലിയൊരു പരസ്പര വിശ്വാസം രൂപപ്പെട്ടിട്ടുണ്ടെന്ന് ഗുർമീത് സിംഗ് ചൂണ്ടിക്കാണിച്ചു.

ചലച്ചിത്ര രംഗത്ത് സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന രീതികളെക്കുറിച്ചും ക്യാമറ ആംഗിളുകളെക്കുറിച്ചുമുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പ്രശസ്ത വെബ് സീരീസായ 'മിർസാപുർ' (Mirzapur) സംവിധായകൻ ഗുർമീത് സിങ് (Gurmmeet Singh). സെൻസിറ്റീവായതും സ്വകാര്യവുമായ രംഗങ്ങൾ (intimate scenes) ചിത്രീകരിക്കുമ്പോൾ അഭിനേതാക്കളുടെ സമ്മതത്തിനും സുരക്ഷിതത്വത്തിനും മുൻഗണന നൽകുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അഭിനേതാക്കളുടെ കംഫർട്ടും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സുതാര്യതയും പരസ്പര ധാരണയുമാണ് തങ്ങൾ പിന്തുടരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി 'മിർസാപുർ' ടീമിനൊപ്പം പ്രവർത്തിച്ചതിലൂടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും തമ്മിൽ വലിയൊരു പരസ്പര വിശ്വാസം രൂപപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗുർമീത് സിങ് ചൂണ്ടിക്കാണിച്ചു. സിനിമയിലോ സീരീസിലോ കഥയ്ക്കും വികാരങ്ങൾക്കുമാണ് (story-first, emotion-first) എപ്പോഴും പ്രഥമ പരിഗണന നൽകുന്നത്. രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ സൗന്ദര്യശാസ്ത്രപരമായി നിശ്ചിത നിലവാരം പുലർത്തുന്നുണ്ടെന്നും കഥാപാത്രങ്ങളെ മോശമായി ചിത്രീകരിക്കില്ലെന്ന് അഭിനേതാക്കൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സെൻസിറ്റീവായ രംഗങ്ങൾ ചിത്രീകരിക്കുന്നതിന് മുൻപ് അഭിനേതാക്കളുമായി കൃത്യമായ ആശയവിനിമയം നടത്താറുണ്ടെന്ന് സംവിധായകൻ വെളിപ്പെടുത്തി.
"നിങ്ങൾ സെൻസിറ്റീവ് ആയ രംഗങ്ങൾ ചെയ്യുമ്പോൾ, തങ്ങൾക്ക് എന്താണ് അനുയോജ്യം, എന്താണ് അല്ലാത്തതെന്ന് തീരുമാനിക്കുന്നതിൽ അഭിനേതാക്കൾ കൂടി മുൻകൈയെടുക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. എന്തെങ്കിലും തീരുമാനം എടുക്കുന്നതിന് മുമ്പ് അവരെ എല്ലാ കാര്യങ്ങളും അറിയിക്കാറുണ്ട്. ചിത്രീകരണ വേളയിലും ഞങ്ങൾ ഇത് പിന്തുടരുന്നു. ചിത്രീകരണം കഴിഞ്ഞു റിലീസിന് മുമ്പ്, ആ രംഗങ്ങൾ അവർക്ക് കാണിച്ചു കൊടുക്കാറുണ്ട്. അവർക്ക് അതിൽ പൂർണ്ണ സംതൃപ്തി തോന്നിയാൽ മാത്രമേ അത് ഉൾപ്പെടുത്തൂ. കാരണം അതാണ് ഏറ്റവും പ്രധാനമെന്നു ഞാൻ കരുതുന്നു. ഏറ്റവും പ്രധാനമായി, അവരോട് ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്, കൂടുതൽ ഉത്തരവാദിത്തത്തോടെ കഥ പറയാൻ ഇത് ഞങ്ങളെ സഹായിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു." ഗുർമീത് വ്യക്തമാക്കി.
'മിർസാപുർ: ദി മൂവി'യുടെ ഒരു എക്സ്റ്റൻഡഡ് കട്ട് അടുത്തിടെ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തിരുന്നു. പങ്കജ് ത്രിപാഠി, രസിക ദുഗൽ, ദിവ്യേന്ദു, അലി ഫസൽ, ജിതേന്ദ്ര കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
പെദ്ദി-ജാൻവി കപൂർ വിവാദം
അടുത്തിടെ പെദ്ദി (Peddi) എന്ന സിനിമയിലെ ക്യാമറ ആംഗിളുകളെക്കുറിച്ചും കഥാപാത്രങ്ങളുടെ ആവിഷ്കാരത്തെക്കുറിച്ചും നടി ജാൻവി കപൂർ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അച്ചിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉപയോഗിച്ച ലൈംഗികച്ചുവയുള്ള ക്യാമറാ ആംഗിളുകളുടെ പേരിൽ നടി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. തുടർന്ന് സംവിധായകൻ ബുച്ചി ബാബു സനയ്ക്ക് പരസ്യമായി മാപ്പുപറയേണ്ടി വന്നു.
Content Highlights: Amid renewed debate over the male gaze and on-screen consent following Janhvi Kapoor's comments on her portrayal in Peddi, Mirzapur director Gurmmeet Singh explained how his team prioritizes transparency, collaboration, and actors' comfort—both before filming sensitive scenes and by reviewing final cuts with them prior to release.
Published: 23 Nov 2026, 05:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented