പാലക്കാട്: ആത്മാര്‍ഥമായ ഇടപെടലായിരുന്നു എസ്.എസ്. കൈമള്‍ എന്ന കായിക പരിശീലകന്റെ മുഖമുദ്ര. ഏട്ടന്‍ എസ്. ഹരിദാസിന്റെ പരിശീലകന്‍ എന്ന നിലയ്ക്കാണ് കൈമള്‍സാറിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഒളിമ്പ്യന്‍ ശ്രീശങ്കറിന്റെ പിതാവും പരിശീലകനുമായ എസ്. മുരളി പറഞ്ഞു.

To advertise here,

കായികരംഗത്ത് തുടക്കക്കാരെ കണ്ടാല്‍പ്പോലും അവരുടെ പ്രതിഭ തിരിച്ചറിഞ്ഞ പരിശീലകന്‍. കാലിക്കറ്റ് സര്‍വകലാശാലാ ടീമിലെത്തിയപ്പോള്‍ എസ്. മുരളിയുടെ പരിശീലകനായിരുന്നു കൈമള്‍. ഇന്ത്യന്‍ സര്‍വകലാശാലാ ടീമിന്റെ ഭാഗമായപ്പോള്‍ മുരളിയുടെ ഭാര്യ കെ.എസ്. ബിജിമോളും കൈമളുടെ ശിഷ്യരുടെ പട്ടികയിലെത്തി.

''ശങ്കു പ്രധാനമീറ്റുകള്‍ക്കെല്ലാം പോകുംമുന്‍പേ സാറിനെപ്പോയി കാണുമായിരുന്നു. പലപ്പോഴും അവന്റെ പരിശീലനംകാണാന്‍ സാറെത്തിയത് വലിയ ഭാഗ്യമായി കരുതുന്നു'' - എസ്. മരുളി പറഞ്ഞു. ശ്രീശങ്കറിന്റെ റണ്ണപ്പില്‍ മാറ്റം വരുത്തേണ്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ കേരളടീമിന്റെ ഭാഗമായപ്പോഴാണ് കൈമള്‍സാറിനെ അടുത്തറിയുന്നതെന്ന് കേരള അത്ലറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റും പാലക്കാട് സ്‌പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ സി. ഹരിദാസ് ഓര്‍ത്തു. മീറ്റുകള്‍ക്ക് കുട്ടികളുമായി പോകുമ്പോള്‍ നല്ല അവലും ഉണക്ക തേങ്ങയും ശര്‍ക്കരയും അദ്ദേഹം കരുതും. ഈ സവിശേഷ ഭക്ഷണം കുട്ടികളുടെ സ്റ്റാമിനയ്ക്ക് സഹായിക്കുമെന്ന് അദ്ദേഹം പരീക്ഷിച്ചറിഞ്ഞിരുന്നെന്നും സി. ഹരിദാസ് ഓര്‍ക്കുന്നു.

അദ്ദേഹം ആരെയും നിരാശപ്പെടുത്തിയില്ല. ഒരു മത്സരത്തില്‍ ഏറ്റവും പിന്നിലായി എത്തുന്ന കായികതാരത്തില്‍പ്പോലും അദ്ദേഹത്തിന്റെ ശ്രദ്ധപതിഞ്ഞു. അവരെ പ്രോത്സാഹിപ്പിച്ചു. മികച്ചപ്രകടനം നടത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കി. മത്സരത്തിനിറങ്ങുംമുന്‍പ് ആദ്യം ചൂടുവെള്ളത്തിലും പിന്നീട് തണുത്തവെള്ളത്തിലും കുളിക്കാനുള്ള നിര്‍ദേശം നല്‍കിയതും കൈമള്‍സാറാണ്. ഇത് മസിലുകള്‍ക്ക് അയവും ഉന്മേഷവും നല്‍കിയിരുന്നു. ശിഷ്യരുടെ വീടുകളിലെത്തി അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍പ്പോലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിപ്പിച്ചിരുന്നു. വിരമിച്ചശേഷവും അദ്ദേഹം ഗ്രൗണ്ടിലിറങ്ങി. യോഗപരിശീലനത്തിന്റെ ഗുണങ്ങളും അദ്ദേഹം പുതിയ കുട്ടികളോട് പറഞ്ഞിരുന്നു.