ഗുരുഗ്രാം: ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ ഹെലികോപ്റ്റർ, മൈതാനമധ്യത്ത് പാർക്ക് ചെയ്തതോടെ ബുദ്ധിമുട്ടിലായി കായികതാരങ്ങൾ. ഹരിയാനയിലെ തൗ ദേവി ലാൽ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ നിർത്തിയിട്ടത്. അതോടെ കായിക താരങ്ങൾക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചു. നാല് ദിവസത്തോളം താരങ്ങൾക്ക് ഇവിടെ പരിശീലനം നടത്താനായില്ല. മൂന്ന് ദിവസത്തെ സിംഗപ്പൂർ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ ചണ്ഡീഗഡിലേക്ക് മടങ്ങിയതിനെത്തുടർന്ന് ബുധനാഴ്ച മാത്രമാണ് കായിക താരങ്ങൾക്ക് വീണ്ടും ട്രാക്കിൽ പ്രവേശനം ലഭിച്ചത്.

To advertise here,

ഹെലികോപ്റ്റർ നിശ്ചിത സ്ഥാനത്ത് പാർക്ക് ചെയ്തു കഴിഞ്ഞാൽ ബാസ്കറ്റ്ബോൾ, വോളിബോൾ കോർട്ടുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് പ്രശ്നമില്ല. എന്നാൽ അത്ലറ്റിക്സ് ട്രാക്കിലെ സ്ഥിതി അതല്ല. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി ഗ്രൗണ്ടിലും ട്രാക്കിലും പ്രവേശിക്കാനാവില്ല. ഇത് തങ്ങളുടെ പതിവ് പരിശീലനത്തെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് കായിക താരങ്ങൾ വ്യക്തമാക്കുന്നു. മത്സരങ്ങൾക്കായി നിരന്തരം പരിശീലനം നടത്തുന്ന കായിക താരങ്ങളെ സംബന്ധിച്ച്, ഒന്നോ രണ്ടോ ദിവസത്തെ പരിശീലനം നഷ്ടപ്പെടുന്നത് പോലും വലിയ നഷ്ടമാണെന്നും അവർ പറയുന്നു.

അത്‌ലറ്റിക്സ് ട്രാക്കിന് സമീപം പാർക്ക് ചെയ്തിരിക്കുന്ന ഹെലികോപ്റ്ററിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതോടെ വലിയ വിമർശനങ്ങളും ഉയർന്നു. വിഐപി സൗകര്യങ്ങൾക്കായി കായിക താരങ്ങളുടെ പരിശീലനവും ലക്ഷ്യങ്ങളും എന്തിനാണ് ബലിയാടാക്കുന്നതെന്ന് സാമൂഹികമാധ്യമങ്ങളിൽ വിമർശനമുയർന്നു. മാത്രമല്ല, കായിക താരങ്ങളുടെ പരിശീലനം തടസ്സപ്പെടാതിരിക്കാൻ ഹെലികോപ്റ്റർ പാർക്ക് ചെയ്യാൻ വേറെ സ്ഥലം കണ്ടെത്തണമെന്ന ആവശ്യങ്ങളും ഉയരുന്നുണ്ട്.

ഈ സ്റ്റേഡിയത്തിൽ പരിശീലന സമയം തടസ്സപ്പെടുന്നത് ഇതാദ്യമായല്ല. ഏതാണ്ട് എല്ലാ മാസവും ഒന്നോ രണ്ടോ ദിവസത്തേക്ക് ഹെലികോപ്റ്റർ ഇവിടെ പാർക്ക് ചെയ്യാറുണ്ടെന്ന് കായിക താരങ്ങൾ പറയുന്നു. സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറക്കുന്നത് പുതിയ കാര്യമല്ല. 2020 മാർച്ചിൽ, അന്നത്തെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുടെ ഹെലികോപ്റ്റർ ഇറങ്ങേണ്ടതിനാൽ പരിശീലനത്തിനിടെ സ്റ്റേഡിയത്തിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഒഴിപ്പിച്ചിരുന്നു. പ്രത്യേക ഹെലിപാഡിനായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകൂടത്തിന് കത്തുകൂട്ടിയിട്ടുണ്ടെന്ന് അന്ന് സ്റ്റേഡിയം മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു.