നഗോയ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ അവസാന ദിവസംവരെ ഒരു സ്വർണം പോലുമില്ലാതിരുന്ന ഇന്ത്യ ഒടുവിൽ വനിതാ റിലേയിൽ സ്വർണം നേടി മാനംകാത്തു. ട്രാക്കിൽ ഇന്ത്യ ഇത്തവണ നേടിയത് ഒരു സ്വർണവും ഒൻപതു വെള്ളിയും 14 വെങ്കലവുമുൾപ്പെടെ 24 മെഡൽ. 2022-ൽ ആറു സ്വർണവും ഒൻപതു വെള്ളിയും പത്തു വെങ്കലവുമടക്കം 29 മെഡൽ കിട്ടിയ സ്ഥാനത്താണിത്.

To advertise here,

പ്രതീക്ഷിച്ച സ്വർണമെല്ലാം വെള്ളിയിലേക്കും വെങ്കലത്തിലേക്കും മാറിയതാണ് ഇന്ത്യൻ ടീമിനു വിനയായത്. നഗോയയിലെ മഴയും തണുപ്പും ഇന്ത്യൻ കായികതാരങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മെഡലെണ്ണം കൂടിയെങ്കിലും സ്വർണത്തിന്റെ കാര്യത്തിൽ 2006-നുശേഷം ആദ്യമായാണ് ഇന്ത്യ ട്രാക്കിൽ ഇത്ര പിന്തള്ളപ്പെടുന്നത്.

കഴിഞ്ഞ തവണ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സ്വർണം നേടിയ അവിനാഷ് സാബ്ലെക്ക് മെഡൽ നേടാനായില്ല. ഷോട്ട്പുട്ടിൽ സ്വർണം നേടിയ തജീന്ദർപാൽ സിങ്ങിന് ഇക്കുറി വെള്ളിമാത്രം. വനിതാ ജാവലിനിൽ കഴിഞ്ഞ തവണ അന്നുറാണി സ്വർണം നേടിയിരുന്നു. ഇത്തവണ അന്നു മത്സരിക്കാനുണ്ടായിരുന്നില്ല. പുരുഷ ജാവലിൻ ത്രോയിലെ സ്വർണവും വെള്ളിയും നീരജ് ചോപ്രയുടെ അഭാവത്തിൽ വെള്ളിയും വെങ്കലവുമായി.