
നഗോയ: രണ്ടാഴ്ച ഏഷ്യയിലെ കായികതാരങ്ങൾ മാറ്റുരച്ച ഏഷ്യൻ ഗെയിംസിന് പര്യവസാനം. ഞായറാഴ്ച നടന്ന സമാപന ചടങ്ങുകൾക്ക് ശേഷം ഗെയിംസ് അവസാനിച്ചതായി ഔദ്യോഗികമായി അറിയിച്ചു. ദോഹയിലാണ് 2030-ൽ ഏഷ്യൻ ഗെയിംസ് നടക്കുന്നത്.
സമാപനചടങ്ങിൽവെച്ച് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) പതാകയുടെ കൈമാറ്റം നടന്നതോടെ ഖത്തറിലെ അടുത്ത ഏഷ്യൻ ഗെയിംസിലേക്കുള്ള യാത്രയ്ക്ക് തുടക്കമായി. 1951-ൽ ന്യൂഡൽഹിയിൽ നടന്ന ആദ്യ ഏഷ്യൻ ഗെയിംസിലെ ദീപശിഖയും പതാകയും സ്റ്റേഡിയത്തിലേക്ക് പ്രദർശിപ്പിച്ചതിന് ശേഷം ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിക്ക് കൈമാറി. 2020-ലെ ഒളിമ്പിക് ചാമ്പ്യനും മൂന്ന് തവണ ലോക ചാമ്പ്യനുമായ ഖത്തറിന്റെ ഹൈജമ്പ് താരം മുതാസ് ഐസ ബർഷിമിന് ഒസിഎ പതാക കൈമാറി. പിന്നാലെ ഖത്തറിന്റെ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ ഇന്ത്യൻ ഷൂട്ടിങ് താരം നീരു ദണ്ഡയാണ് ഇന്ത്യയുടെ പതാക വഹിച്ചത്.
ഏഷ്യക്ക് എത്രത്തോളം ഉയരാൻ കഴിയുമെന്ന് നമ്മൾ ഒരുമിച്ച് കണ്ടുവെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി പറഞ്ഞു. ‘ഏഷ്യയിലെ കായികരംഗത്ത് അടുത്ത തലമുറയെ രൂപപ്പെടുത്തുന്ന ഗെയിംസിന് ഞങ്ങൾ തിരശ്ശീലയിടുന്നു. ജപ്പാനിൽ മാത്രമല്ല, അതിനപ്പുറത്തും സ്പർശിക്കുന്ന ഒരു കായിക പാരമ്പര്യമാണ് നിങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. അമ്പതിലധികം ലോക റെക്കോഡുകൾ തകർക്കപ്പെട്ടു, ഇത് നമ്മുടെ ഏഷ്യൻ ഗെയിംസിലെ ഒരു റെക്കോഡാണ്,’ ഒസിഎ പ്രസിഡന്റ് പറഞ്ഞു.
‘അവിശ്വസനീയമായ തിരിച്ചുവരവുകൾക്കും നാടകീയമായ നഷ്ടങ്ങൾക്കും ഞങ്ങൾ സാക്ഷ്യംവഹിച്ചിട്ടുണ്ട്. പുതിയ ചാമ്പ്യന്മാരുടെ ഉദയത്തെ ഞങ്ങൾ ആഘോഷിക്കുകയും പരിചയസമ്പന്നരായ താരങ്ങൾ വീണ്ടും മെഡലുകൾ നേടുന്നത് കാണുകയും ചെയ്തു. പരിധികളില്ലാതെ സ്വപ്നം കാണുമ്പോൾ ഏഷ്യക്ക് എത്രത്തോളം ഉയരാൻ കഴിയുമെന്ന് നമ്മൾ ഒരുമിച്ച് കണ്ടുവെന്നും’, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവും ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ് എത്തിയത്. ഉസ്‌ബെകിസ്താനും 21 സ്വർണ മെഡലുകൾ ലഭിച്ചെങ്കിലും വെള്ളിയുടെ എണ്ണം കൂടുതലായതിനാൽ ഇന്ത്യ മുന്നിലെത്തുകയായിരുന്നു. 169 സ്വർണ മെഡലോടെ ചൈന ഒന്നാം സ്ഥാനത്തും 83 സ്വർണത്തോടെ ജപ്പാൻ രണ്ടാം സ്ഥാനത്തും 39 സ്വർണം നേടിയ ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണ്.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മെഡലുകളുടെ എണ്ണത്തിൽ ഇന്ത്യ സെഞ്ചുറി പിന്നിട്ടിരുന്നു. അന്ന് ചരിത്രത്തിൽ ആദ്യമായി 100 മെഡലുകൾ പിന്നിട്ട ഇന്ത്യ ആകെ 107 മെഡലുകളാണ് കഴുത്തിലണിഞ്ഞത്.
Content Highlights: Asian Games officially concluded with the closing ceremony in Nagoya., The OCA flag was handed over to Qatar for the 2030 Asian Games in Doha
Published: 04 Oct 2026, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented