നഗോയ: ഏഷ്യൻ ഗെയിംസ് റിലേയിൽ മിന്നിച്ച് ഇന്ത്യ. വനിതകളുടെ 4x400 മീറ്റർ റിലേയിൽ ഇന്ത്യ സ്വർണം നേടി. ഈ ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. കിരൺ, പൂവമ്മ, പ്രാചി, വിത്യാ രാംരാജ് എന്നിവരാണ് ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്. മൂന്ന് മിനിറ്റ് 29.69 സെക്കന്റിൽ ഇന്ത്യ ഓടിയെത്തി. ബഹ്‌റെയ്ൻ വെള്ളിയും ചൈന വെങ്കലവും നേടി.

To advertise here,

അതേസമയം പുരുഷൻമാരുടെ 4x400 മീറ്റർ റിലേയിൽ മലയാളി താരം മനു ഉൾപ്പെട്ട ടീം വെങ്കലം നേടി. മനുവിനെക്കൂടാതെ ധരംവീർ ചൗധരി, വിശാൽ, ജയ് കുമാർ എന്നിവരാണ് റിലേയിൽ മത്സരിച്ചത്.

മൂന്ന് മിനിറ്റ് 01.61 സെക്കന്റിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ജപ്പാൻ സ്വർണവും ഖത്തർ വെള്ളിയും നേടി.

മനുവിന്റെ ഏഷ്യൻ ഗെയിംസിലെ രണ്ടാം മെഡലാണിത്. നേരത്തെ 4x400 മീറ്റർ മിക്‌സഡ് റിലേയിൽ വെള്ളി നേടിയ ടീമിൽ അംഗമായിരുന്നു.

വനിതാ റിലേയിൽ സ്വർണം നേടിയ വിത്യാ രാംരാജിന്റെ ഈ ഏഷ്യൻ ഗെയിംസിലെ മൂന്നാം മെഡലാണിത്. നേരത്തെ 4x400 മീറ്റർ മിക്‌സഡ് റിലേയിൽ വെള്ളിയും 400 മീറ്റർ ഹർഡിൽസിൽ വെങ്കലവും നേടിയിരുന്നു. പി.ടി ഉഷയുടെ പേരിലുള്ള 42 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയായിരുന്നു ഹർഡിൽസിലെ വെങ്കലനേട്ടം.

4x100 മീറ്റർ മിക്‌സഡ് റിലേയിലും ഇന്ത്യൻ ടീം വെങ്കലം നേടി. 41.06 സെക്കന്റിൽ ഓടിയെത്തി പുതിയ ദേശീയ റെക്കോർഡോടെയാണ് ഇന്ത്യ മൂന്നാമതെത്തിയത്. ചൈന സ്വർണവും തായ്‌ലന്റ് വെള്ളിയും നേടി.

ഇന്ത്യക്കായി ഗുരിന്ദർവീർ സിങ്, അനിമേഷ് കുജൂർ, ഹരിത ഭദ്ര, സ്‌നേഹ എസ് എന്നിവർ ട്രാക്കിലിറങ്ങി.

ഗുരിന്ദർവീർ സിങ്ങാണ് ആദ്യ ലാപ്പിൽ ഓടിയത്. മികച്ച തുടക്കത്തിനുശേഷം സ്‌നേഹയും അനിമേഷും അടുത്ത രണ്ട് ലാപ്പിൽ ഓടി. അവസാന ലാപ്പിൽ ഓടിയ ഹരിത ഭദ്രയുടെ കുതിപ്പ് ഇന്ത്യയെ വെങ്കലത്തിലെത്തിച്ചു. നേരത്തെ 200 മീറ്ററിലും ഹരിത വെങ്കലം നേടിയിരുന്നു.

1990-ന് ശേഷം സ്പ്രിന്റ് റിലേയിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ കൂടിയാണിത്. അന്ന് ഇന്ത്യയുടെ വനിതാ ടീം വെള്ളി നേടിയിരുന്നു.