മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിന്റെ മുൻ കാമുകിയെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിട്ടുള്ള കണ്ടന്റ് ക്രിയേറ്ററും റേഡിയോ ജോക്കിയുമായ ആർ.ജെ മഹ്‌വാഷ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ചർച്ചയാകുന്നു. തന്റെ മുൻ കാമുകനെ രൂക്ഷമായി പരിഹസിച്ചുള്ള വീഡിയോയാണ് അവർ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹ്‌വാഷ് പേര് പരാമർശിക്കുന്നില്ലെങ്കിലും അത് ചാഹലിനെ ഉദ്ദേശിച്ചാണെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.

To advertise here,

അപരിചിതരായ സ്ത്രീകൾ അയാൾക്ക് സന്ദേശങ്ങൾ അയക്കാറുണ്ടെന്നും ഇത് പിടികൂടുമ്പോഴെല്ലാം ആ സ്ത്രീകളാണ് തനിക്ക് ആദ്യം സന്ദേശം അയച്ചതെന്ന് പറഞ്ഞ് നിഷകളങ്കനായി അഭിനയിക്കുമെന്നും മഹ്‌വാഷ് വീഡിയോയിൽ പറയുന്നു. പിടിക്കപ്പെട്ടാൽ പാനിക്ക് അറ്റാക്ക് വന്നതുപോലെയോ ആസ്ത്മയുള്ളതുപോലെ ശ്വാസം മുട്ടുന്നതു പോലെയോ അഭിനയിക്കുമായിരുന്നെന്നും നെഞ്ചിൽ കൈവെച്ച് നിലവിളിച്ച് വെള്ളം ആവശ്യപ്പെടുകയും ചെയ്യുമായിരുന്നെന്നും അവർ പറയുന്നു. വീഡിയോയിൽ മഹ്‌വാഷ് മുൻ കാമുകനെ അഭിനയിച്ചു കാണിക്കുന്നുമുണ്ട്.

തുടക്കത്തിൽ ഇതെല്ലാം സത്യമാണെന്ന് കരുതിയെന്നും പിന്നീടാണ് അഭിനയമാണെന്ന് തിരിച്ചറിഞ്ഞതെന്നും മഹ്‌വാഷ് കൂട്ടിച്ചേർത്തു. ഒരിക്കൽ അയാൾക്ക് വെള്ളമെടുക്കാൻ മുറിയിൽ നിന്ന് പുറത്തുപോയപ്പോൾ കണ്ണാടിയിലെ പ്രതിബിംബത്തിലൂടെ കണ്ട കാഴ്ച്ചയാണ് സത്യം മനസിലാക്കാൻ സഹായിച്ചത്. അയാൾ ആ സമയത്ത് കരച്ചിൽ നിർത്തി ഫോണിൽ സ്‌ക്രോൾ ചെയ്യുകയായിരുന്നു. വെള്ളവുമായി തിരിച്ചെത്തിയപ്പോൾ വീണ്ടും കടുത്ത അസ്വസ്ഥത അനുഭവിക്കുന്നതുപോലെ അഭിനയിച്ചെന്നും മഹ്‌വാഷ് കൂട്ടിച്ചേർത്തു.

ബന്ധം അവസാനിപ്പിക്കുമ്പോൾ അയാൾ പറഞ്ഞ കാര്യങ്ങളും മഹ്‌വാഷ് വീഡിയോയിൽ പറയുന്നുണ്ട്. 'നിന്നെപ്പോലെ ഒരാൾക്ക് എന്നെപ്പോലൊരു പുരുഷനെ ഇനി ഒരിക്കലും കണ്ടെത്താനാകില്ല' എന്നാണ് അയാൾ പറഞ്ഞതെന്നും മഹ്‌വാഷ് പറയുന്നു.

ധനശ്രീ വർമയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ചാഹലും മഹ്‌വാഷും അടുത്ത സുഹൃത്തുക്കളാകുന്നത്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായി. ചാഹലിന്റെ മത്സരങ്ങൾ കാണാൻ മഹ് വാഷും സ്‌റ്റേഡിയത്തിലെത്താറുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇരുവരും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്യുകയായിരുന്നു.