എത്രകാലം വേണമെങ്കിലും കളിച്ചോളൂ, ഞാൻ കൂടെയുണ്ടാകും.' തന്റെ കായികജീവിതത്തിലെ വിജയങ്ങളിലും പരാജയങ്ങളിലും ഭർത്താവ് നൽകുന്ന പിന്തുണയെക്കുറിച്ച് തുറന്നുപറഞ്ഞ് ബാഡ്മിന്റൺ താരം പി.വി. സിന്ധു. ഒരു കായികതാരത്തിന്റെ ജീവിതവും അതിലെ സമ്മർദങ്ങളും മനസ്സിലാക്കുന്ന പങ്കാളിയുണ്ടാകേണ്ടതിന്റെ പ്രാധാന്യവും താരം പങ്കുവച്ചു.

To advertise here,

ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന്റെ ജീവിതത്തിൽ ഭർത്താവ് വെങ്കട ദത്ത സായിക്കുള്ള സ്ഥാനത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2024 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷവും തന്റെ കായികജീവിതത്തിന് യാതൊരു തടസ്സവുമില്ലാതെ മുന്നോട്ടുപോകാൻ ഭർത്താവ് നൽകുന്ന പിന്തുണയെക്കുറിച്ചാണ് താരം സംസാരിച്ചത്. സോഹ അലി ഖാന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

ഒരു കായികതാരത്തെ വിവാഹം കഴിക്കുന്ന വ്യക്തിക്ക് അവരുടെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കാൻ കഴിയണമെന്നാണ് സിന്ധുവിന്റെ അഭിപ്രായം. നിരന്തരമായ യാത്രകൾ, മത്സരങ്ങളുടെ സമ്മർദം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, പൊതുജനശ്രദ്ധ എന്നിവയെല്ലാം ഒരു കായികതാരത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്.'

എന്നെ മനസ്സിലാക്കുന്ന ഒരാളായിരിക്കണം ജീവിതപങ്കാളിയെന്ന് എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. കായികരംഗത്തുള്ള ഒരാളുടെ ജീവിതം അത്ര എളുപ്പമല്ല. വിവാഹം കഴിക്കുന്ന വ്യക്തി നിങ്ങളുടെ യാത്രകളും മാനസികാവസ്ഥയിലെ മാറ്റങ്ങളും മനസ്സിലാക്കണം. നിങ്ങൾ പൊതുജനശ്രദ്ധയിൽ നിൽക്കുന്ന വ്യക്തിയായതിനാൽ ചില സാഹചര്യങ്ങൾ അവർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായേക്കാം', സിന്ധു പറഞ്ഞു.

പ്രശസ്തിയുടെ നിഴലിൽ പങ്കാളിക്ക് ഏകാന്തത തോന്നരുത്

ഒരു കായികതാരത്തിന്റെ പങ്കാളിയാകുമ്പോൾ അവരുടെ പ്രശസ്തിയും പൊതുജനശ്രദ്ധയും അംഗീകരിക്കാൻ കഴിയണം. അതേസമയം, താരത്തിന്റെ നിഴലിൽ താൻ ഒതുങ്ങിപ്പോകുന്നു എന്ന തോന്നൽ പങ്കാളിക്ക് ഉണ്ടാകരുതെന്നും സിന്ധു പറയുന്നു. ഇരുവർക്കുമിടയിലെ പൊരുത്തം വളരെ പ്രധാനമാണ്. അവൾക്ക് ഇത്രയും പ്രശസ്തി ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് ഭർത്താവ് ചിന്തിക്കരുത്.

അതുപോലെ, അവൾക്കൊപ്പം പൊതുവേദികളിൽ എത്തുമ്പോൾ ആളുകൾ ആരാണ് ഇയാൾ എന്ന് ചോദിക്കുന്ന സാഹചര്യമുണ്ടായാലും അയാൾക്ക് ഒറ്റപ്പെട്ടതായി തോന്നരുത്', താരം വ്യക്തമാക്കി. തന്റെ ജീവിതരീതിയും ജോലിയിലെ സമ്മർദങ്ങളും ഭർത്താവ് നന്നായി മനസ്സിലാക്കുന്നുണ്ടെന്നും സിന്ധു കൂട്ടിച്ചേർത്തു. കായികരംഗത്തെക്കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയാണ് വെങ്കട ദത്ത സായി. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ബോർഡിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് വിവിധ കായികമേഖലകളെക്കുറിച്ചും പുറംലോകത്തെക്കുറിച്ചും അറിവുണ്ടെന്നും അത് തനിക്ക് വലിയ ഗുണമാണെന്നും താരം പറഞ്ഞു.

‘ഞാൻ കൂടെയുണ്ടാകും'

വിവാഹശേഷം തന്റെ കായികജീവിതം തുടരുന്നതിന് ഭർത്താവ് നൽകുന്ന പ്രോത്സാഹനത്തെക്കുറിച്ച് പറയുമ്പോൾ സിന്ധുവിന്റെ വാക്കുകളിൽ സന്തോഷം പ്രകടമായിരുന്നു.'ഞാൻ അദ്ദേഹത്തെ തിരഞ്ഞെടുക്കുമ്പോഴും സംസാരിക്കുമ്പോഴും വിവാഹിതരായപ്പോഴും അദ്ദേഹം പറഞ്ഞത് ഇതാണ്: നിനക്ക് ഇഷ്ടമുള്ളത് ചെയ്‌തോളൂ. എന്തുതന്നെയായാലും ഞാൻ നിന്നെ പിന്തുണയ്ക്കും. എത്ര വർഷം വേണമെങ്കിലും കളിക്കണമെങ്കിൽ കളിച്ചോളൂ. കായികരംഗത്ത് തുടരൂ. ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും.' സിന്ധു ഓർത്തെടുത്തു.

കായികജീവിതത്തിന്റെ തുടക്കത്തിൽ മാതാപിതാക്കളുടെ പിന്തുണയാണ് താരങ്ങൾക്ക് പ്രധാനമാകുന്നത്. എന്നാൽ വിവാഹശേഷവും അതേ പ്രോത്സാഹനവും ആത്മവിശ്വാസവും ജീവിതപങ്കാളിയിൽനിന്ന് ലഭിക്കേണ്ടതുണ്ടെന്നാണ് സിന്ധുവിന്റെ പക്ഷം.

തോൽവിക്ക് ശേഷം കാത്തുനിൽക്കുന്ന ഭർത്താവ്

വിവാഹജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങളും വിഷമങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനും സിന്ധു രസകരമായ മറുപടി നൽകി. സങ്കടമോ ദേഷ്യമോ തോന്നിയാൽ ഭർത്താവിനോട് തുറന്നുപറയുന്ന സ്വഭാവമാണ് തന്റേതെന്ന് താരം വ്യക്തമാക്കി. മത്സരത്തിൽ തോറ്റുകഴിഞ്ഞാൽ ഉടൻ തന്നെ തന്നോട് സംസാരിക്കാൻ ഭർത്താവ് എത്താറില്ലെന്നും അതിന് പിന്നിൽ ഒരു കാരണമുണ്ടെന്നും സിന്ധു പറഞ്ഞു.

'ഞാൻ തോൽക്കുകയും ദേഷ്യപ്പെടുകയും ചെയ്താൽ ആദ്യത്തെ അഞ്ച് മിനിറ്റ് അദ്ദേഹം എന്റെ അടുത്തേക്ക് വരില്ല. അഞ്ച് മിനിറ്റ് കഴിഞ്ഞാണ് സംസാരിക്കുക. അപ്പോൾ എന്താണ് ചെയ്യേണ്ടിയിരുന്നതെന്നും എവിടെയാണ് തെറ്റ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞുതരും. ഇങ്ങനെ ചെയ്യാമായിരുന്നില്ലേ, അങ്ങനെ ചെയ്യാമായിരുന്നില്ലേ എന്നൊക്കെ ചോദിക്കും.' സിന്ധു പറഞ്ഞു.

തന്റെ വിഷമങ്ങൾ ഉള്ളിലൊതുക്കുന്നതിനു പകരം ഭർത്താവിനോട് തുറന്നുപറയാനാണ് ഇഷ്ടമെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം, തെറ്റുകൾ ചൂണ്ടിക്കാട്ടാനും അവ തിരുത്താൻ സഹായിക്കാനും ഭർത്താവിന് കഴിയണമെന്നും സിന്ധു കരുതുന്നു.