സ്‌നേഹത്തോടെയും സന്തോഷത്തോടെയും തുടങ്ങിയ ബന്ധങ്ങളിൽ കാലക്രമേണ അകൽച്ചയും നീരസവും വളരാം. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും തുറന്നുപറയാതെ ഉള്ളിലൊതുക്കുമ്പോൾ അത് പിന്നീട് വലിയ വൈകാരിക പ്രശ്‌നങ്ങളായി മാറും. പങ്കാളിയോട് ഉള്ളിൽ ഇഷ്ടക്കേട് തോന്നിയിട്ടും അത് തുറന്നുപറയാതെ മുന്നോട്ടുപോകുന്നവർ നിരവധിയാണെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.ടോക്ക്‌ഫൈ നടത്തിയ പഠനമനുസരിച്ച്, ദീർഘകാല പ്രണയബന്ധങ്ങളിലും ദാമ്പത്യബന്ധങ്ങളിലും കഴിയുന്നവരിൽ 37 ശതമാനം പേർ പങ്കാളിയോട് പരിഹരിക്കപ്പെടാത്ത നീരസം മനസ്സിൽ സൂക്ഷിക്കുന്നവരാണ്. എന്നാൽ ഇവരിൽ പലരും ഇക്കാര്യം പങ്കാളിയോട് തുറന്നുപറഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം.നീരസം മനസ്സിൽ കൊണ്ടുനടക്കുന്നവരിൽ 68 ശതമാനത്തോളം പേർ ഒരു വർഷത്തിലേറെയായി ഈ വികാരം അനുഭവിക്കുന്നവരാണ്. ഏകദേശം 18 മാസമാണ് പലരും ഇത്തരം വിഷമങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

To advertise here,

ചെറിയ പ്രശ്‌നങ്ങൾ വലിയ അകൽച്ചയിലേക്ക്

ബന്ധങ്ങളിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങളാണ് കാലക്രമേണ നീരസത്തിന് കാരണമാകുന്നത്. ടോക്ക്‌ഫൈയുടെ പഠനമനുസരിച്ച്, ബന്ധം അവസാനിപ്പിച്ചവരിൽ 84 ശതമാനം പേരും പരിഹരിക്കപ്പെടാത്തതോ തുറന്നുപറയാത്തതോ ആയ പ്രശ്‌നങ്ങൾ വേർപിരിയലിന് കാരണമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.ആവശ്യങ്ങളും ആശങ്കകളും പങ്കാളിയോട് പറയാതെ ഉള്ളിലൊതുക്കുമ്പോൾ പരസ്പരമുള്ള വിശ്വാസത്തിലും അടുപ്പത്തിലും വിള്ളലുണ്ടാകാം. ഇതോടെ ഒരാൾക്ക് മറ്റൊരാളിൽനിന്ന് വേണ്ടത്ര പരിഗണനയോ സ്‌നേഹമോ ലഭിക്കുന്നില്ലെന്ന തോന്നൽ ശക്തമാകുകയും ചെയ്യും.ക്ലിനിക്കൽ സോഷ്യൽ വർക്കറായ ക്രിസ്റ്റ വാക്കറുടെ അഭിപ്രായത്തിൽ, കാലക്രമേണ പരിഹരിക്കപ്പെടാതെ പോകുന്ന പ്രശ്‌നങ്ങളാണ് ബന്ധങ്ങളിൽ നീരസം വളരാനുള്ള പ്രധാന കാരണം.പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കാതിരിക്കുമ്പോൾ പങ്കാളി തന്നെ കാണുന്നില്ലെന്നും മനസ്സിലാക്കുന്നില്ലെന്നും വിലമതിക്കുന്നില്ലെന്നും ഒരാൾക്ക് തോന്നിത്തുടങ്ങും.

നീരസത്തിന് പിന്നിൽ പല കാരണങ്ങൾ

ഒരു സംഭവത്തിന്റെ പേരിൽ മാത്രം ബന്ധങ്ങളിൽ നീരസം ഉണ്ടാകണമെന്നില്ല. പരസ്പരമുള്ള പ്രതീക്ഷകൾ നിറവേറാത്തതും ഉത്തരവാദിത്തങ്ങൾ ഒരാൾ മാത്രം ഏറ്റെടുക്കുന്നതും ജീവിതമൂല്യങ്ങളിലെ വ്യത്യാസങ്ങളുമെല്ലാം ഇതിന് കാരണമാകാം.ബന്ധത്തിൽ ഒരാൾ മാത്രമാണ് കൂടുതൽ പരിശ്രമിക്കുന്നതെന്ന തോന്നൽ നീരസത്തിന് വഴിയൊരുക്കും. തനിക്ക് ആവശ്യമായ സ്‌നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന തോന്നലുണ്ടായിട്ടും അത് പങ്കാളിയോട് പറയാൻ കഴിയാത്തതും പ്രശ്‌നങ്ങൾ സങ്കീർണമാക്കും.വഞ്ചന പോലുള്ള ഗുരുതരമായ സംഭവങ്ങൾക്കുശേഷം പരസ്പരവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകാത്തതും ബന്ധത്തിൽ നീരസം വർധിപ്പിക്കാം.

ബന്ധത്തിൽ നീരസം വളരുന്നതിന്റെ ലക്ഷണങ്ങൾ

പങ്കാളിയോടുള്ള നീരസം എല്ലായ്‌പ്പോഴും വഴക്കുകളിലൂടെയോ തുറന്ന തർക്കങ്ങളിലൂടെയോ ആയിരിക്കണമെന്നില്ല. ചിലപ്പോൾ വളരെ നിശ്ശബ്ദമായ മാറ്റങ്ങളിലൂടെയാകും അത് പ്രകടമാകുക.പഠനമനുസരിച്ച്, ദീർഘകാല ബന്ധങ്ങളിലുള്ളവരിൽ 22 ശതമാനം പേർ അഞ്ച് വർഷത്തിലേറെയായി ഒരേ പ്രശ്‌നം പങ്കാളിയോട് പറയാതെ മനസ്സിൽ സൂക്ഷിക്കുന്നവരാണ്. നീരസം എങ്ങനെ പങ്കുവെക്കണമെന്ന് അറിയാത്തതിനാൽ താൽപര്യമില്ലാത്ത സാഹചര്യങ്ങളിൽ തുടരേണ്ടിവന്നവരും നിരവധിയാണ്. ഇത്തരക്കാരുടെ എണ്ണം 62 ശതമാനമാണെന്നും പഠനം പറയുന്നു.നീരസം മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തി ബന്ധത്തിൽനിന്ന് വൈകാരികമായി പിൻവാങ്ങാൻ തുടങ്ങുമെന്നും ക്രമേണ പങ്കാളിയുമായുള്ള ഇടപെടലുകൾ കുറയുമെന്നും ക്രിസ്റ്റ വാക്കർ ചൂണ്ടിക്കാട്ടുന്നു.

ബന്ധത്തിൽ നീരസം വളരുന്നതിന്റെ ചില പ്രധാന ലക്ഷണങ്ങൾ ഇവയാണ്

*പങ്കാളിയോട് സംസാരിക്കാനും കാര്യങ്ങൾ പങ്കുവെക്കാനുമുള്ള താൽപര്യം കുറയുന്നു.

*മുമ്പുണ്ടായിരുന്ന അടുപ്പവും കരുതലും ക്രമേണ ഇല്ലാതാകുന്നു.

*ചെറിയ കാര്യങ്ങളിൽ പോലും പങ്കാളിയെ താഴ്ത്തിക്കെട്ടുകയോ പരിഹസിക്കുകയോ ചെയ്യുന്നു.

*നേരിട്ട് പ്രശ്‌നം പറയാതെ പരിഹാസത്തിലൂടെയും കുത്തുവാക്കുകളിലൂടെയും അതൃപ്തി പ്രകടിപ്പിക്കുന്നു.

*സ്വന്തം ആവശ്യങ്ങളും വിഷമങ്ങളും പങ്കാളിയുമായി പങ്കുവെക്കുന്നത് ഒഴിവാക്കുന്നു.

പങ്കാളി അറിയാതെ പോകുന്ന പ്രശ്‌നങ്ങൾ

ബന്ധത്തിൽ ഒരാൾ അനുഭവിക്കുന്ന വിഷമങ്ങൾ മറ്റേയാൾ തിരിച്ചറിയണമെന്നില്ല. സ്വന്തം ആവശ്യങ്ങളും അതൃപ്തികളും തുറന്നുപറയാത്ത സാഹചര്യത്തിൽ പങ്കാളിക്ക് പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകാതെ പോകാം.ബന്ധം അവസാനിപ്പിച്ചവരിൽ 47 ശതമാനം പേരുടെയും പങ്കാളികൾ വേർപിരിയൽ അപ്രതീക്ഷിതമായിരുന്നുവെന്നാണ് കരുതിയിരുന്നതെന്നും പഠനം വ്യക്തമാക്കുന്നു. അതായത്, ഒരാൾ ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന പ്രശ്‌നങ്ങൾ മറ്റേയാൾ തിരിച്ചറിയാതെ പോകാം.

നീരസം വളരുന്നതിന് മുമ്പ് സംസാരിക്കാം

പങ്കാളിയോടുള്ള നീരസം ബന്ധത്തിന്റെ അവസാനമാണെന്ന് കരുതേണ്ടതില്ല. എന്നാൽ പ്രശ്‌നങ്ങൾ തുടർച്ചയായി അവഗണിക്കുന്നത് ബന്ധത്തെ കൂടുതൽ ദുർബലമാക്കും. ചെറിയ പ്രശ്‌നങ്ങൾ പോലും തുടക്കത്തിൽ തന്നെ തുറന്നുപറഞ്ഞ് പരിഹരിക്കാൻ ശ്രമിക്കണം.പരസ്പരം പറയുന്നത് കേൾക്കുക, ആവശ്യങ്ങൾ മനസ്സിലാക്കുക, തെറ്റുകൾ സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കുക, തകർന്ന വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുക എന്നിവയെല്ലാം ബന്ധത്തിലെ വൈകാരിക അടുപ്പം നിലനിർത്താൻ സഹായിക്കും.