ഗ്രേറ്റ് ബ്രിട്ടനിലെ മുതിർന്നവരിൽ ലൈംഗികബന്ധത്തിന്റെ തോത് സമീപ പതിറ്റാണ്ടുകളിൽ ഗണ്യമായി കുറഞ്ഞതായി പുതിയ സർവേ റിപ്പോർട്ട്. 1990-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 45 വയസ്സിൽ താഴെയുള്ളവരിൽ ലൈംഗികബന്ധത്തിന്റെ നിരക്ക് പകുതിയായി കുറഞ്ഞതായും, 25 വയസ്സിൽ താഴെയുള്ളവരിൽ മൂന്നിൽ ഒരാൾക്ക് പോലും ഇതുവരെ ലൈംഗികാനുഭവം ഉണ്ടായിട്ടില്ലെന്നുമാണ് 'ദ ലാൻസെറ്റ്' മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ നാലാമത് നാഷണൽ സർവേ ഓഫ് സെക്ഷ്വൽ ആറ്റിറ്റിയൂഡ്‌സ് ആൻഡ് ലൈഫ്‌സ്‌റ്റൈൽസ് റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ.

To advertise here,

Read Also: തമ്മിൽ 20 വയസ്സിന്റെ വ്യത്യാസം, അമ്മയ്ക്ക് ശേഷം പ്രതിസന്ധികളിൽ പാറപോലെ ഉറച്ചുനിന്നവൾ; ഭാര്യയെക്കുറിച്ച് സഞ്ജയ് ദത്ത് 

ഇംഗ്ലണ്ട്, സ്‌കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 16 മുതൽ 59 വയസ്സുവരെയുള്ള ഏകദേശം 6,700 പേരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.45 വയസ്സിൽ താഴെയുള്ളവരിൽ മാസത്തിൽ ശരാശരി രണ്ട് തവണയാണ് ഇപ്പോൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. 1990-ൽ ഇത് മാസത്തിൽ നാല് തവണയും, 2010-ൽ മൂന്ന് തവണയുമായിരുന്നു. 25 വയസ്സിൽ താഴെയുള്ളവരിൽ ഇതുവരെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്തവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി. 2010-ൽ അഞ്ചിലൊന്നിൽ താഴെയായിരുന്ന ഇത്, ഇപ്പോൾ പുരുഷന്മാരിൽ 28 ശതമാനമായും സ്ത്രീകളിൽ 38 ശതമാനമായും ഉയർന്നു. ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ശരാശരി പ്രായം 2010-ലെ 16-ൽ നിന്ന് 18 ആയി ഉയർന്നു.

Read Also:എക്സ്ട്രാ മാരിറ്റൽ ലൈഫ് പെയിൻ കില്ലേഴ്സ് ആണോ? 

ഈ കുറവിന് പിന്നിലെ കൃത്യമായ കാരണങ്ങൾ സർവേ പൂർണ്ണമായി പരിശോധിക്കുന്നില്ലെങ്കിലും, സാമൂഹികവും സാങ്കേതികവുമായ നിരവധി ഘടകങ്ങൾ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. നേരിട്ടുള്ള സാമൂഹിക ഒത്തുചേരലുകൾ കുറഞ്ഞതും, മദ്യപാന ശീലത്തിലെ മാറ്റങ്ങളും, ഡിജിറ്റൽ ഉപകരണങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും അമിതോപയോഗവും, യുവാക്കൾ കൂടുതൽ കാലം മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നതും, മാനസികാരോഗ്യ പ്രശ്‌നങ്ങളുമെല്ലാം ഇതിന് കാരണമാകാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പങ്കാളിയെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ഇത്തരം കാര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ ഇന്നത്തെ യുവതികൾ തയ്യാറല്ലെന്ന കാഴ്ചപ്പാടും വിദഗ്ധർ പങ്കുവെക്കുന്നു.

ലൈംഗികബന്ധത്തിന്റെ നിരക്ക് കുറയുമ്പോഴും ഓൺലൈൻ തലങ്ങളിലെ ലൈംഗിക പെരുമാറ്റങ്ങൾ വർധിച്ചുവരികയാണ്. 16 മുതൽ 24 വയസ്സുവരെയുള്ളവരിൽ പകുതി പേരും കഴിഞ്ഞ ഒരു വർഷത്തിനിടെ 'സെക്സ്റ്റിങ്ങിൽ' (സന്ദേശങ്ങളിലൂടെയുള്ള ലൈംഗിക സംഭാഷണങ്ങൾ) ഏർപ്പെട്ടിട്ടുണ്ട്. യുവാക്കളിൽ 90 ശതമാനവും യുവതികളിൽ പകുതി പേരും പോൺ വീഡിയോകൾ കാണുന്നതായി സർവേ പറയുന്നു.

ഇതിനൊപ്പം, കുട്ടികൾ വേണ്ടെന്ന് തീർച്ചപ്പെടുത്തിയ സ്ത്രീകളുടെ എണ്ണം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ 8 ശതമാനത്തിൽ നിന്ന് 17 ശതമാനമായി ഇരട്ടിയായതും ശ്രദ്ധേയമാണ്. കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിലെ പോരായ്മകളും വ്യക്തികേന്ദ്രീകൃതമായ സാമൂഹിക സാഹചര്യങ്ങളും കുട്ടികളെ വളർത്തുന്നതിൽ നിന്ന് ആളുകളെ പിന്നോട്ട് വലിപ്പിക്കുന്നുണ്ടാകാമെന്ന് മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അതേസമയം, സ്വവർഗ്ഗ ലൈംഗികാനുഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതായും, എച്ച്.പി.വി വാക്‌സിനേഷനിലൂടെ ഗർഭാശയമുഖ അർബുദത്തിന് കാരണമാകുന്ന അണുബാധ നിരക്ക് 86 ശതമാനം കുറഞ്ഞതായും സർവേ ചൂണ്ടിക്കാണിക്കുന്നു.