ആവേശത്തോടെ തുടങ്ങിയ ഡേറ്റിങ് ആപ്പ് ഉപയോഗം ഇന്ന് പലർക്കും മാനസികമായ തളർച്ചയും മടുപ്പുമാണ് സമ്മാനിക്കുന്നത്. ഇതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത് ബയോ-ബെയ്റ്റിങ് എന്ന പുതിയ പ്രവണതയെയാണ്. മറ്റുള്ളവരെ ആകർഷിക്കുന്നതിനായി സ്വന്തം വ്യക്തിത്വത്തെയും താല്പര്യങ്ങളെയും കുറിച്ച് ഡേറ്റിങ് പ്രൊഫൈലുകളിൽ അതിശയോക്തി കലർത്തി അവതരിപ്പിക്കുന്ന രീതിയാണിത്.

To advertise here,

Read Also: 

പൂർണ്ണമായും വ്യാജമായ ഒരു വ്യക്തിത്വം സൃഷ്ടിക്കുന്ന ക്യാറ്റ്ഫിഷിങ്ങിൽനിന്ന് വ്യത്യസ്തമാണ് ബയോ-ബെയ്റ്റിങ്. ഇവിടെ ഒരാൾ യഥാർത്ഥത്തിലുള്ളതിന്റെ അത്യധികം ആകർഷകമായ, യാഥാർത്ഥ്യവുമായി വലിയ ബന്ധമില്ലാത്ത വ്യക്തിത്വമാണ്‌ അവതരിപ്പിക്കുന്നത്. വല്ലപ്പോഴും മാത്രം പുസ്തകം വായിക്കുന്നതോ യാത്ര ചെയ്യുന്നതോ പാചകം ചെയ്യുന്നതോ ആയ ഒരാൾ, താനൊരു കടുത്ത പുസ്തകപ്രേമിയാണെന്നും എല്ലാ മാസവും യാത്ര ചെയ്യുന്ന ആളാണെന്നും പ്രൊഫൈലിൽ എഴുതിച്ചേർക്കുന്നു. യഥാർത്ഥ ജീവിതത്തിൽ കണ്ടുമുട്ടുമ്പോഴോ സംസാരിക്കുമ്പോഴോ ഈ പൊരുത്തക്കേടുകൾ പുറത്തുവരികയും അത് വലിയ നിരാശയിലേക്കും വിശ്വാസമില്ലായ്മയിലേക്കും നയിക്കുകയും ചെയ്യുന്നു.

പുറമേനിന്നുള്ള അംഗീകാരത്തിന് അമിതപ്രാധാന്യം നൽകുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് സൈക്കോതെറാപ്പിസ്റ്റുകൾ പറയുന്നു. സ്വന്തം കുറവുകളെ അംഗീകരിക്കാൻ മടിക്കുന്നവരും മറ്റുള്ളവരുടെ മുന്നിൽ 'പെർഫെക്റ്റ്' ആയി നിന്നാൽ മാത്രമേ തനിക്ക് മൂല്യമുണ്ടാകൂ എന്ന് വിശ്വസിക്കുന്നവരുമാണ് ഇത്തരത്തിൽ പ്രൊഫൈലുകൾ കൃത്രിമമായി മോടിപിടിപ്പിക്കുന്നത്. സാധാരണയായി പ്രൊഫൈലിൽ നല്ല കാര്യങ്ങൾ എടുത്തുപറയുന്നതിനപ്പുറം, മറ്റുള്ളവരുടെ ആരാധനയോ സഹതാപമോ പിടിച്ചുപറ്റാൻ ബോധപൂർവ്വം തയ്യാറാക്കിയതുപോലുള്ള വാചകങ്ങൾ ബയോ-ബെയ്റ്റിങ്ങിന്റെ ലക്ഷണമാണ്.

Read Also: 

സംസാരിച്ചു തുടങ്ങുമ്പോൾ അഭിപ്രായങ്ങളെ അമിതമായി അനുകരിക്കുക, ആഴത്തിലുള്ള ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുക, ശ്രദ്ധ കുറയുമ്പോൾ പെരുമാറ്റത്തിൽ പെട്ടെന്ന് മാറ്റം വരിക എന്നിവയെല്ലാം ഇവരുടെ സ്വഭാവസവിശേഷതകളായിരിക്കും. യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തുന്നവർ തങ്ങളുടെ കുറവുകളും സ്വാഭാവികതയും മറച്ചുവെക്കില്ല. എന്നാൽ, മറുവിഭാഗത്തിൽപ്പെട്ടവർ എപ്പോഴും മുൻകൂട്ടി തയ്യാറാക്കിയ പ്രതിച്ഛായ നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കും.

തുടർച്ചയായി ഇത്തരം വ്യാജപ്രതീക്ഷകളിൽ വീഴുന്നത് ഡേറ്റിങ് ആപ്പുകളോടുതന്നെ വെറുപ്പും അവിശ്വാസവും ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇതിൽനിന്ന് രക്ഷപ്പെടാൻ ഡേറ്റിങ് ആപ്പുകളിൽനിന്ന് കുറച്ചുകാലം വിട്ടുനിൽക്കുകയും സ്വന്തം മൂല്യത്തെ ആപ്പിലെ അനുഭവങ്ങളുമായി കൂട്ടിക്കുഴയ്ക്കാതിരിക്കുകയും വേണം. യഥാർത്ഥ ജീവിതത്തിലെ സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും പ്രാധാന്യം നൽകാനും യാഥാർത്ഥ്യബോധത്തോടെയുള്ള പ്രതീക്ഷകളുമായി ഓൺലൈൻ ഡേറ്റിങ്ങിനെ സമീപിക്കാനും ശ്രദ്ധിക്കണമെന്ന് മനഃശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു.