ജനീവ (സ്വിറ്റ്‌സർലൻഡ്): ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തുടരെ മൂന്നാംസമനില. നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ ഡി. ഗുകേഷും ചാലഞ്ചർ ഉസ്‌ബെക്കിസ്താന്റെ ജാവോഹിർ സിന്ദ്രോവും 60 നീക്കങ്ങൾക്കുശേഷമാണ് സമനില അംഗീകരിച്ചത്. ഇതോടെ 14 ഗെയിമുകളുടെ ചാമ്പ്യൻഷിപ്പിൽ ഇരുവർക്കും ഒന്നര പോയിന്റ് വീതമായി. വെള്ളിയാഴ്ച വിശ്രമദിനമാണ്. ശനിയാഴ്ച നാലാം ഗെയിം നടക്കും.

To advertise here,

കറുത്ത കരുക്കളുമായി കളിച്ച ഗുകേഷ് മത്സരത്തിന്റെ ഭൂരിഭാഗം സമയവും വ്യക്തമായ മേധാവിത്വം പുലർത്തിയെങ്കിലും, അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന 60 നീക്കങ്ങളുടെ പോരാട്ടത്തിനൊടുവിൽ ഇരുവരും സമനില അംഗീകരിക്കുകയായിരുന്നു.

വ്യാഴാഴ്ച നടന്ന മൂന്നാം ഗെയിമിൽ ബർലിൻ ഡിഫൻസ് ഓപ്പണിങ് തന്നെയാണ് ഇരു കളിക്കാരും തിരഞ്ഞെടുത്തത്. എന്നാൽ ഒന്നാം ഗെയിമിൽ നിന്ന് വ്യത്യസ്തമായി അഞ്ചാം നീക്കത്തിൽ എൻഡി6-ന് പകരം ബിഇ7 എന്ന തന്ത്രപരമായ മാറ്റം ഗുകേഷ് വരുത്തി. തന്റെ ഓപ്പണിങ് തയ്യാറെടുപ്പുകളിലെ മികവുറ്റ ആത്മവിശ്വാസത്തിൽ ആദ്യ 15 നീക്കങ്ങൾ വെറും 132 സെക്കൻഡിനുള്ളിൽ ഗുകേഷ് പൂർത്തിയാക്കി സിന്ദ്രോവിനെ കടുത്ത സമ്മർദത്തിലാക്കി. 17-ാം നീക്കത്തിൽ ക്വീനുകൾ ബോർഡിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും, തന്റെ രാജാവിനെ കെഡി7-ലേക്ക് നീക്കിയ ഗുകേഷ് ജി5, എച്ച്5 എന്നീ പട നീക്കങ്ങളിലൂടെ കിങ്സൈഡിൽ മുന്നേറ്റം ശക്തമാക്കി.

ഇരുപത്തിരണ്ടാം നീക്കത്തിൽ സിന്ദ്രോവിന്റെ നൈറ്റും ഗുകേഷിന്റെ ബിഷപ്പും ബോർഡിൽനിന്ന് നീക്കം ചെയ്യപ്പെടുകയും ഇരുവർക്കും എതിർനിര ബിഷപ്പുകൾ നിലവിൽ വരികയുംചെയ്തു. ഇതോടെ കളിയുടെ ദിശസമനിലയിലേക്കായി.