ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ പി.ടി ഉഷയ്ക്ക് ആശ്വാസം. ഐസ് ഹോക്കി ഫെഡറേഷൻ വഴിയുള്ള നാമനിർദേശം വരണാധികാരി അംഗീകരിച്ചു. പി.ടി. ഉഷയ്ക്ക് ഐസ് ഹോക്കിയുമായി ബന്ധമില്ലെന്നും നാമനിർദേശം തള്ളണമെന്നും കാണിച്ച് നൽകിയ പരാതികൾ അസോസിയേഷൻ തള്ളി. അതോടെ ഉഷയ്ക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുകയും മത്സരിക്കുകയും ചെയ്യാം.

To advertise here,

ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഉഷയെ, ഐസ് ഹോക്കി അസോസിയേഷൻ കൗൺസിലിലേക്ക് നാമനിർദേശം ചെയ്തത്. എന്നാൽ, ഉഷയ്ക്ക് ഐസ് ഹോക്കിയുമായി ബന്ധമില്ലെന്നും അതുകൊണ്ട് നോമിനേഷൻ തള്ളണമെന്നുമാണ് ഐസ് ഹോക്കി അസോസിയേഷൻ (ഐ.എച്ച്.എ.ഐ.) വൈസ് പ്രസിഡന്റെന്ന് അവകാശപ്പെടുന്ന അജിത് കാക്കർ ഇലക്ടറൽ ഓഫീസർ സഞ്ജയ് കുമാർ ശ്രീവാസ്തവയ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്. നാലോളം പരാതികൾ ഉഷയ്ക്കെതിരേ ഉയർന്നു. എന്നാൽ, ഇത് വരണാധികാരി തള്ളി. ഒരു വ്യക്തി ബന്ധപ്പെട്ട കായിക ഇനത്തിൽ പങ്കെടുത്തില്ലെങ്കിൽ ആ ഇനത്തിലെ സംഘനയുടെ പ്രതിനിധിയാകാൻ കഴിയുമോ എന്നുള്ളതായിരുന്നു ഉയർന്നുവന്ന പ്രധാന പ്രശ്നം. അത്തരത്തിൽ ഒരു വിലക്കും ഭരണഘടനയിൽ ഇല്ല എന്ന മറുപടിയാണ് ഐഎഒ നൽകിയത്. പിന്നാലെയാണ് പ്രതിനിധി പട്ടിക അംഗീകരിച്ചതായി വരണാധികാരി അറിയിച്ചത്.

നേരത്തേ ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നാടകീയ നീക്കത്തിലൂടെയാണ് പി.ടി ഉഷ ജനറൽ കൗൺസിൽ അസംബ്ലിയിൽ തിരിച്ചെത്തിയത്. ഐസ് ഹോക്കി ഫെഡറേഷൻ വനിതാ പ്രതിനിധിയായാണ് ഉഷ സ്ഥാനംപിടിച്ചത്. ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള നാല് വനിതാതാര പ്രതിനിധികൾക്കുള്ള തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ ഉഷ അഞ്ചാം സ്ഥാനത്തായിരുന്നു. പിന്നാലെ തന്നെ തോൽപ്പിക്കാൻ വഴിവിട്ട നീക്കങ്ങളുണ്ടായതായി ഉഷ ആരോപിച്ചിരുന്നു. പ്രത്യേക പാനലുണ്ടാക്കിയാണ് ഉഷയെ എതിർചേരി തിരഞ്ഞെടുപ്പിൽ നേരിട്ടിരുന്നത്. ഇതിനെതിരേ ഉഷ പരാതിയും നൽകിയിരുന്നു.

തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതോടെ ഐ.ഒ.എ. കൗൺസിലിൽ തിരിച്ചെത്താനുള്ള ഉഷയുടെ സാധ്യത അടഞ്ഞതായാണ് വിലയിരുത്തപ്പെട്ടത്. തിരിച്ചെത്താൻ ഉഷയെ ഏതെങ്കിലും സ്പോർട്സ് ഫെ‍ഡറേഷനുകൾ നോമിനേറ്റ് ചെയ്യണമായിരുന്നു. മുൻ അത്‌ലറ്റ് എന്നനിലയിൽ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന് ഉഷയെ നാമനിർദേശം ചെയ്യാമായിരുന്നു. എന്നാൽ, എ.എഫ്.ഐ. തങ്ങളുടെ വനിതാ പ്രതിനിധിയായി ബംഗാളി താരം ജ്യോതിർമയി സിക്ദറിനെയാണ് ഉൾപ്പെടുത്തിയത്. ഇതോടെ ഉഷയുടെ സാധ്യത അടഞ്ഞെന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് ഐസ് ഹോക്കി ഫെഡറേഷൻ വനിതാ പ്രതിനിധിയായി ഉഷയെ നാമനിർദേശം ചെയ്തത്.

2030-ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിലെത്തിക്കുന്നതിൽ ഐ.ഒ.എ. പ്രസിഡന്റ് എന്ന നിലയിൽ ഉഷ വലിയ പങ്കാണ് വഹിച്ചത്. ലോകമറിയുന്ന അത്‌ലറ്റ് എന്നനിലയിൽ കായികവൃത്തങ്ങളിൽ ഉഷയ്ക്ക് വലിയ സ്വീകാര്യതയുണ്ട്. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയുടെ ശ്രമങ്ങൾ വിജയിക്കാനും ഉഷയുടെ സാന്നിധ്യം തുണയാവുമെന്ന് ഭരണവൃത്തങ്ങൾക്ക് ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത ഇടപെടലുകളിൽ ഉഷ ഐ.ഒ.എ.യിൽ തിരിച്ചെത്തിയത്.