പ്രോ കബഡി ലീഗിന്റെ എട്ടാം സീസണില്‍ പ്ലേ ഓഫില്‍ കയറിയ ടീമുകളില്‍ കരുത്തു കാട്ടിയത് മൂന്നുതവണ ചാമ്പ്യന്‍മാരായ പട്‌ന പൈറേറ്റ്സ്. പ്രാഥമിക റൗണ്ടിലെ 22 മത്സരങ്ങളില്‍ 16 എണ്ണവും ജയിച്ചാണ് ടീം ഒന്നാം സ്ഥാനവും സെമിഫൈനലും സ്വന്തമാക്കിയത്. രണ്ടാം സ്ഥാനക്കാരായി ദബാങ് ഡല്‍ഹി കെ.സിയും സെമിഫൈനലില്‍ കടന്നു. മൂന്നുമുതല്‍ ആറുവരെ സ്ഥാനക്കാരായി യു.പി. യോദ്ധാ, ഗുജറാത്ത് ജയന്റ്സ്, ബെംഗളൂരു ബുള്‍സ്, പുണേരി പള്‍ട്ടന്‍ ടീമുകള്‍ പ്ലേ ഓഫിലെത്തി.

To advertise here,

തിങ്കളാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങളില്‍ യു.പി. യോദ്ധ, പുണെരി പള്‍ട്ടനുമായും (എലിമിനേറ്റര്‍ ഒന്ന്- രാത്രി 7.30) ബെംഗളൂരു ബുള്‍സ്, ഗുജറാത്ത് ജയന്റ്സുമായും (എലിമിനേറ്റര്‍ രണ്ട്- രാത്രി 8.30) ഏറ്റുമുട്ടും. 23-ന് സെമിയില്‍ പട്‌ന പൈറേറ്റ്സ്, എലിമിനേറ്റര്‍ ഒന്നിലെ വിജയിയെയും ദബാങ് ഡല്‍ഹി, എലിമിനേറ്റര്‍ രണ്ടിലെ വിജയിയെയും നേരിടും. 25-നാണ് ഫൈനല്‍.

തലപ്പൊക്കമുള്ള അധികം താരങ്ങളില്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ ആക്രമണത്തിലും പ്രതിരോധത്തിലും പൈറേറ്റ്സ് കരുത്തുകാട്ടി. റെയ്ഡിങ് ഡിപ്പാര്‍ട്മെന്റില്‍ സച്ചിന്റെയും യുവതാരം ഗുമന്‍സിങിന്റെയും പ്രകടനം ടീമിന് നേട്ടമായി. പ്രതിരോധത്തില്‍ ഇറാന്‍കാരനായ യുവതാരം മൊഹമ്മദ് റെസാ ചിയാനെ സൂപ്പര്‍ പ്രകടനമാണ് നടത്തിയത്. പ്രോ കബഡിയില്‍ 21-കാരനായ ചിയാനെയുടെ ആദ്യ സീസണാണ് ഇത്. പ്രാഥമികഘട്ടം കഴിയുമ്പോള്‍ 81 ടാക്ലിങ് പോയന്റുമായി രണ്ടാംസ്ഥാനത്താണ് താരം. രണ്ടാംസ്ഥാനത്തുള്ള ദബാങ് ഡല്‍ഹിയും (75 പോയന്റ്) ആധിപത്യത്തോടെയാണ് മുന്നേറിയത്. ബാക്കിയുള്ള നാല് പ്ലേ ഓഫ് സ്ഥാനങ്ങള്‍ക്കായി പൊരിഞ്ഞ മത്സരമാണ് നടന്നത്. 

യു.പി. യോദ്ധാ (68 പോയന്റ്), ഗുജറാത്ത് ജയന്റ്സ് (67 പോയന്റ്), ബെംഗളുരു ബുള്‍സ് (66 പോയന്റ്), പുണെരി പള്‍ട്ടന്‍ (66 പോയന്റ്) എന്നിവര്‍ യോഗ്യത നേടിയപ്പോള്‍ ഹരിയാണ സ്റ്റീലേഴ്സിനും (64 പോയന്റ്) ആദ്യ സീസണിലെ ചാമ്പ്യന്‍മാരായ ജയ്പുര്‍ പിങ്ക്പാന്തേഴ്സിനും (63 പോയന്റ്) അവസാന കടമ്പയില്‍ കാലിടറി. നിലവിലെ ചാമ്പ്യന്‍മാരായ ബംഗാള്‍ വാറിയേഴ്സ് (57 പോയന്റ്), മുന്‍ചാമ്പ്യന്‍മാരായ യു മുംബ (55 പോയന്റ് ) എന്നിവരും നിരാശപ്പെടുത്തി. ആറ് മത്സരങ്ങളില്‍ ടൈ വഴങ്ങിയത് തമിഴ് തലൈവാസിനും (47 പോയന്റ്) തിരിച്ചടിയായി. 22 മത്സരങ്ങളില്‍ ഒരു ജയവുമായി തെലുഗു ടൈറ്റന്‍സ് (27 പോയന്റ്) അവസാന സ്ഥാനക്കാരായി.

പൈറേറ്റ്സിനാണ് കിരീടപ്പോരാട്ടത്തില്‍ മുന്‍തൂക്കമെന്ന് മുന്‍ ഇന്ത്യന്‍ കോച്ചും യു.മുംബൈയെ പ്രോ കബഡി ലീഗ് ചാമ്പ്യന്‍മാരാക്കിയ പരിശീലകനുമായ ഇ.ഭാസ്‌കരന്‍ പറയുന്നു.