ചെങ്ങന്നൂർ: തിയേറ്ററുകളിൽ ഓളമുണ്ടാക്കി ‘ബൾട്ടി’ മുന്നേറുമ്പോൾ അതിലെ ‘മണി’യുടെ റെയ്ഡിൽ (കബഡിയിൽ ഉപയോഗിക്കുന്ന വാക്ക്) അഭിമാനിക്കുകയാണ് മുളക്കുഴ നികരുംപുറം നിവാസികൾ. മുളക്കുഴ നികരുംപുറം മൈലംതറ ബഥേലിൽ ജെക്‌സൺ ജോൺസൺ (25) ആണ് ചിത്രത്തിൽ മണിയായി വേഷമിട്ടത്. ഷെയ്ൻ നിഗം നായകനായ സ്‌പോർട്‌സ് ആക്‌ഷൻ സിനിമയായ ബൾട്ടി എന്തിനും ഏതിനും പോന്ന കബഡികളിക്കാരായ നാലു കൂട്ടുകാരുടെ കഥയാണ്.

To advertise here,

ഈ നാലുപേരിൽ ഒരാളായിരുന്നു മണിയായി അഭിനിയിച്ച ജെക്‌സൺ. പഠനകാലത്ത് ഫുട്‌ബോളിലും കബഡിയിലും കലാമത്സരങ്ങളിലും പങ്കെടുത്ത ജെക്‌സണ് അഭിനയം വെല്ലുവിളിയായിരുന്നില്ല. എംജി സർവകലാശാലാ കബഡി ടീമംഗമായിരുന്നു ജെക്‌സൺ.

പുത്തൻകാവ് മെട്രപൊളിറ്റൻ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പത്താംക്ലാസ്‌വരെ പഠിച്ചത്. അവിടെ പഠിക്കുമ്പോൾ പരിചമുട്ടു കളിയിൽ സംസ്ഥാന കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധാനം ചെയ്തിരുന്നു. സ്കൂളിലെ ഫുട്‌ബോൾ ടീമിലും അംഗമായിരുന്നു. ഇടയാറന്മുള എഎംഎം എച്ച്എസ്എസിൽ പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് കബഡിയിലേക്ക് കൂടുതൽ ശ്രദ്ധവെച്ചത്.

പിന്നീട്, മൂലമറ്റം സെയ്ന്റ് ജോസഫ് അക്കാദമി ഹയർ എജുക്കേഷൻ ആൻഡ്‌ റിസർച്ചിൽനിന്ന് ഫിസിക്കൽ എജുക്കേഷൻ ബിരുദം നേടി. ഇതിനുശേഷം ആലുവയിലെ സ്കൂളിൽ കായികാധ്യാപകനായി ജോലി നോക്കുമ്പോഴാണ് ബൾട്ടിയിലേക്കുള്ള വിളിയെത്തുന്നത്. ഉള്ളിൽ സിനിമമോഹമുണ്ടായിരുന്നതിനാൽ ഒന്നുരണ്ടു സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. ഇതിനിടയിലാണ് ബൾട്ടിക്കുവേണ്ടി കബഡിയുമായി ബന്ധിപ്പിച്ച ഓഡിഷൻ അയച്ചുകൊടുക്കുന്നത്.

കഴിഞ്ഞവർഷം ദീപാവലിദിവസമാണ് ഓഡിഷൻ ഇഷ്ടപ്പെട്ട സിനിമയുടെ അണിയറ പ്രവർത്തകർ ജെക്‌സണെ സിനിമയിലേക്ക് എടുത്തെന്ന് അറിയിച്ചത്. ഈ ദീപാവലിയായപ്പോേഴക്കും സിനിമ തിയേറ്ററുകളിൽ ഇടിമുഴക്കം തീർക്കുകയാണ്. സിനിമയോടുള്ള ഇഷ്ടംകാരണം കായികാധ്യാപക ജോലി വേണ്ടെന്നുവെച്ചു. മികച്ച വേഷങ്ങൾ തന്നെത്തേടി വരുമെന്ന പ്രതീക്ഷയിലാണ് ജെക്‌സൺ. പാസ്റ്ററായ എം.എം. ജോൺസന്റേയും ലാലി ജോൺസന്റേയും മകനാണ്. സഹോദരൻ ജെഫ്രി ജോൺസൺ.