ഒരു ഏഷ്യൻ ഗെയിംസിന് കൂടി ജപ്പാനിലെ നഗോയയിൽ സമാപനം കുറിക്കുകയാണ്. എന്നാൽ 2022 ഹാങ്ചൗ ഏഷ്യൻ ഗെയിംസ് പോലെ അത്ര സുഖകരമല്ല നഗോയയിൽ ഇന്ത്യയുടെ മെഡൽനേട്ടം. അവസാന ദിവസങ്ങളിലെ സ്വർണ മെഡലുകൾ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ പ്രകടനം ഇതിലും ദയനീയമാകുമായിരുന്നു.

To advertise here,

ഇത്തവണ 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവും ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ് എത്തിയത്. ഉസ്‌ബെകിസ്താനും 21 സ്വർണ മെഡലുകൾ ലഭിച്ചെങ്കിലും വെള്ളിയുടെ എണ്ണം കൂടുതലായതിനാൽ ഇന്ത്യ അവരുടെ മുന്നിലെത്തുകയായിരുന്നു. 169 സ്വർണ മെഡലോടെ ചൈന ഒന്നാം സ്ഥാനത്തും 83 സ്വർണത്തോടെ ജപ്പാൻ രണ്ടാം സ്ഥാനത്തും 39 സ്വർണം നേടിയ ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണ്.

കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മെഡലുകളുടെ എണ്ണത്തിൽ ഇന്ത്യ സെഞ്ചുറി പിന്നിട്ടിരുന്നു. അന്നത്തേക്കാൾ 21 മെഡലുകൾ കുറവാണ് ഇന്ത്യയ്ക്ക് ഇത്തവണ ലഭിച്ചത്. സ്വർണമാകട്ടെ ഏഴെണ്ണവും കുറഞ്ഞു. അന്ന് ചരിത്രത്തിൽ ആദ്യമായി 100 മെഡലുകൾ പിന്നിട്ട ആകെ 106 മെഡലുകളാണ് കഴുത്തിലണിഞ്ഞത്.

ഗെയിംസ് അവസാനിക്കാനിരിക്കെയാണ് ഇന്ത്യ സ്വർണമെഡലിൽ കുതിപ്പ് നടത്തിയത്. അമ്പെയ്ത്ത്, ക്രിക്കറ്റ്, ഹോക്കി, ഷൂട്ടിങ്, ബോക്‌സിങ്, ഗുസ്തി എന്നീ ഇനങ്ങളിൽ സ്വർണം നേടിയ ഇന്ത്യ ആദ്യ അഞ്ച് സ്ഥാനങ്ങൾക്കുള്ളിലേക്ക് കുതിക്കുകയായിരുന്നു. അതിന് മുമ്പ് പത്തിന് താഴെയായിരുന്നു ഇന്ത്യയുടെ സ്ഥാനം.

രക്ഷിച്ച അമ്പെയ്ത്ത്, നാണംകെട്ട് ടെന്നീസ്

അമ്പെയ്ത്തിൽ അഞ്ച് സ്വർണമാണ് ഇന്ത്യ നേടിയത്. ഇതിനൊപ്പം രണ്ട് വീതം വെള്ളിയും വെങ്കലവും നേടി. പക്ഷേ അത്‌ലറ്റിക്‌സ് ഇത്തവണ നിരാശപ്പെടുത്തി. വനിതകളുടെ റിലേയിൽ മാത്രമാണ് ഇന്ത്യ സ്വർണം നേടിയത്. ഇതിനൊപ്പം ഒമ്പത് വെള്ളിയും 14 വെങ്കലവും നേടി.

ബാഡ്മിന്റണിൽ ഒരൊറ്റ മെഡലുമായാണ് ഇന്ത്യ നഗോയയിൽ നിന്ന് വിമാനം കയറിയത്. അതും പുരുഷൻമാരുടെ ടീമിനത്തിൽ വെങ്കലം മാത്രം. ഒരൊറ്റ സിംഗിൾസ് സ്വർണം പോലും നേടാൻ കഴിയാതിരുന്നത് വലിയ നാണക്കേടായി. അതോടൊപ്പം ടെന്നീസിലും ഇന്ത്യ പൂർണമായും നിരാശപ്പെടുത്തി. ഒരൊറ്റ മെഡൽ പോലും അക്കൗണ്ടിലെത്തിയില്ല.

ക്രിക്കറ്റിലും ഹോക്കിയിലും കബഡിയിലും പുരുഷ-വനിതാ ടീം ഇന്ത്യക്കായി സ്വർണം നേടി. ബോക്‌സിങ്ങിൽ ഇന്ത്യ മൂന്ന് വീതം സ്വർണവും വെങ്കലവും നേടി. ഗോൾഫിൽ പ്രണവി ചരിത്ര സ്വർണം നേടിയപ്പോൾ വനിതാ ടീമിനത്തിൽ ഇന്ത്യ വെള്ളിയും സ്വന്തമാക്കി. കുറാഷിൽ ഒരൊറ്റ വെങ്കലം മാത്രം. മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ സുചിക ചരിത്ര വെങ്കലം നേടി. തുഴച്ചിലിൽ വെങ്കലമായപ്പോൾ സെയ്‌ലിങ്ങിൽ ഒരു വെള്ളിയും രണ്ട് വെങ്കലവും കഴുത്തിലണിഞ്ഞു. സെപക് തക്രോയിൽ ചരിത്രവെങ്കലവും നേടി.

ഷൂട്ടിങ്ങിൽ നീരു ദണ്ഡയുടെ മികവിൽ ഇന്ത്യ മൂന്ന് സ്വർണമാണ് വെടിവെച്ചിട്ടത്. ഇതിനൊപ്പം എട്ട് വെള്ളിയും നാല് വെങ്കലവും ഇന്ത്യയുടെ അക്കൗണ്ടിലെത്തി. ടേബിൾ ടെന്നീസിൽ ഒരൊറ്റ വെങ്കലത്തിലൊതുങ്ങി. സോഫ്റ്റ് ടെന്നീസിൽ വെങ്കലം നേടി ജയ് മീണ ചരിത്രമെഴുതി.

സ്‌ക്വാഷിൽ ഇന്ത്യയ്ക്ക് സ്വർണത്തിലെത്താൻ കഴിഞ്ഞില്ല. രണ്ട് വെളളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന്റെ ഒരൊറ്റ വെള്ളി മാത്രം. ഗുസ്തിയിൽ രണ്ട് വീതം സ്വർണവും വെള്ളിയും വെങ്കലവും ഇന്ത്യ നേടി. വുഷുവിൽ റോഷിബിന ദേവിയിലൂടെ വെള്ളിയുമെത്തി.

മെഡലിൽ മെലിഞ്ഞ് മലയാളം

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ 28 മലയാളികൾ ഉൾപ്പെട്ടിരുന്നെങ്കിലും മെഡൽ നേടിയത് ഒമ്പത് പേർ മാത്രമാണ്. സഞ്ജു സാംസണ് മാത്രമാണ് സ്വർണമുള്ളത്. ഷൂട്ടിങ്ങിൽ വിദർശ കെ.വിനോദ്, ലോങ് ജമ്പിൽ ശ്രീശങ്കറും ആൻസിയും റിലേയിൽ ടി.എസ് മനു, സെയ്‌ലിങ്ങിൽ പ്രിൻസ് നോബിളും മനു ഫ്രാൻസിസും, ബാഡ്മിന്റണിൽ എംആർ അർജുനും എച്ച്എസ് പ്രണോയിയും-ഇത്രയും പേരാണ് കേരളത്തിൽ നിന്ന് മെഡൽ നേടിയത്.

ഇതിൽ സ്വർണം നേടിയത് സഞ്ജു മാത്രമാണ്. വിദർശ രണ്ട് വെള്ളിയും മനു ഒരു വെള്ളിയും വെങ്കലവും നേടി. സെയ്‌ലിങ്ങിൽ മനു ഫ്രാൻസിസ്-പ്രിൻസ് നോബിൾ എന്നിവർ ഡബിൾസ് ഇനത്തിൽ വെള്ളി നേടി. ലോങ്ജമ്പിൽ ശ്രീശങ്കറും ആൻസിയും വെള്ളി കഴുത്തിലണിഞ്ഞു. ബാഡ്മിന്റൺ ടീം ഇനത്തിലാണ് അർജുന്റേയും പ്രണോയിയുടേയും വെങ്കലം.

എന്നാൽ കഴിഞ്ഞ തവണ ആറ് സ്വർണം ഉൾപ്പെടെ 11 മെഡലുകളാണ് മലയാളി താരങ്ങൾ നേടിയത്. കഴിഞ്ഞ തവണ സ്വർണം നേടിയ വനിതാ ക്രിക്കറ്റ് ടീമിൽ മിന്നു മണിയുമുണ്ടായിരുന്നു.