ന്യൂഡൽഹി: ജനപ്രിയ വെബ് സീരീസായ 'പഞ്ചായത്തിന്റെ' അഞ്ചാം സീസണിന് മുന്നോടിയായി ഫുലേര ഗ്രാമത്തിലെത്തി മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ. ഡിസംബർ മൂന്ന് മുതൽ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്ന സീസൺ 5-ന്റെ പ്രത്യേക പ്രൊമോ വീഡിയോയിലാണ് പീറ്റേഴ്‌സൺ രസകരമായ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. കുർത്തയും പൈജാമയും ധരിച്ച് തലയിൽ ഗംഛ കെട്ടി, ഫുലേരയിലെ നാട്ടുകാരനായി മാറിയ താരത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

To advertise here,

ലണ്ടൻ മുതൽ സിഡ്നിവരെ ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഫുലേര പോലൊരു സ്ഥലം വേറെയില്ലെന്ന് പറഞ്ഞാണ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോ തുടങ്ങുന്നത്. പല്ല് തേക്കാൻ ദാതൂൺ ഉപയോഗിക്കുന്നതും പ്രശസ്തമായ വാട്ടർ ടാങ്കിന് സമീപത്തിരുന്ന് 'ഭൂത്കുൻ കി ചായ്' കുടിക്കുന്നതും, സോസറിൽ നിന്ന് ചായ നുണയുന്നതുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫുലേരയിലെ വാട്ടർ ടാങ്കിനെ ഈഫൽ ടവറുമായി താരതമ്യം ചെയ്യുന്ന പീറ്റേഴ്‌സൺ, നാട്ടിലെ പ്രാദേശിക കളികളിലും കുടത്തിൽ വെള്ളം ചുമക്കുന്നതിലുമെല്ലാം കൈവയ്ക്കുന്നുണ്ട്.

പഞ്ചായത്ത് ഓഫീസിലെ യോഗത്തിൽ പങ്കെടുക്കുന്ന പീറ്റേഴ്‌സൺ, ഫുലേരയിൽ 'ചായ് ടീ ലാറ്റെ' എന്നൊന്നും പറയാറില്ലെന്നും നാട്ടുകാർ തന്നെ 'ടീം ഇംഗ്ലണ്ട് കാ ഏക് മർദ്' എന്നാണ് വിളിക്കുന്നതെന്നും തമാശരൂപേണ പറയുന്നുണ്ട്. 'ദേഖ് രഹാ ഹേ ബിനോദ്, കെവിൻ പീറ്റേഴ്‌സൺജി കിത്‌ന പ്യാർ കർത്തെ ഹേൻ ഫുലേര സേ' എന്ന കുറിപ്പോടെയാണ് പ്രൈം വീഡിയോ വീഡിയോ പങ്കുവെച്ചത്. ബൻരാകസ് (ദുർഗേഷ് കുമാർ), ബിനോദ് (അശോക് പാഠക്) എന്നിവർക്കൊപ്പമുള്ള ഷൂട്ടിംഗ് ചിത്രങ്ങളും പീറ്റേഴ്‌സൺ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

പുതിയ സീസൺ കാണാൻ ആരാധകരോട് അഭ്യർഥിച്ച് വീഡിയോ അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് പുതിയ പ്രധാനായ ക്രാന്തി ദേവി (സുനിത രാജ്വാർ) അദ്ദേഹത്തെ തടയുന്നത്. മടങ്ങുന്നതിന് മുൻപ് തനിക്കൊപ്പം കുറച്ച് റീൽസ് കൂടി ചിത്രീകരിക്കണമെന്ന് അവർ നിർബന്ധിക്കുന്നതോടെയാണ് പ്രൊമോ അവസാനിക്കുന്നത്.

ദീപക് കുമാർ മിശ്ര സംവിധാനം ചെയ്ത് ദ വൈറൽ ഫീവർ നിർമിക്കുന്ന 'പഞ്ചായത്ത് സീസൺ 5'-ൽ ഫുലേരയിലെ അധികാരസമവാക്യങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുന്നത്. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മഞ്ജു ദേവിയെ (നീന ഗുപ്ത) പരാജയപ്പെടുത്തി ക്രാന്തി ദേവി പുതിയ പ്രധാനായി ചുമതലയേൽക്കുന്നതാണ് പുതിയ സീസണിന്റെ പ്രധാന പ്രമേയം. ദീർഘകാലം ഗ്രാമത്തലവനായിരുന്ന ബ്രിജ് ഭൂഷൺ ദുബെക്ക് (രഘുബീർ യാദവ്) അധികാരത്തിന് പുറത്തുനിൽക്കേണ്ടി വരുമ്പോൾ, സെക്രട്ടറിജി (ജിതേന്ദ്ര കുമാർ) നേരിടുന്ന പുതിയ വെല്ലുവിളികളും റിങ്കിയുമായുള്ള (സൻവിക) ബന്ധത്തിലെ സങ്കീർണതകളും ട്രെയിലറിൽ സൂചനയായി നൽകിയിട്ടുണ്ട്.