ഹൈദരാബാദ്: 'ഒളിംപിക് മെഡൽ ജേതാവായാലും ലോക ചാമ്പ്യനായാലും അയാളിലെ പ്രതിഭ ആദ്യം തിരിച്ചറിയുന്നത് ഒരു കായികാധ്യാപകൻ ആയിരിക്കും. കോച്ചും ഹൈപെർഫോമെൻസ് ഡയറക്ടറുമൊക്കെ പിന്നീടാണ് ഒപ്പം ചേരുക'. നാഷണൽ അസോസിയേഷൻ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് ചീഫ് പേട്രൻ ഡോ.പി. ചിന്നപ്പ റെഡ്ഡി പറഞ്ഞു. യങ് ഇന്ത്യ ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റിയും ഫിസിക്കൽ എജ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും ഖേലോ ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച പ്രീ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് സ്പോർട്സ് സയൻസ് കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
'ഒരു രാജ്യം കായികരംഗത്ത് മികവുകാട്ടണമെങ്കിൽ സ്ക്കൂൾ തലം തൊട്ട് കായിക വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കണം. പക്ഷേ, ഇന്ത്യയിൽ കായികാധ്യാപകർ എന്നും അവഗണിക്കപ്പെടുകയാണ്.' ഡോ.ചിന്നപ്പ റെഡ്ഡി പറഞ്ഞു. കായിക വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരനാണ് ആന്ധ്ര സർക്കാരിന്റെ മുൻ സ്പോർട്സ് ഉപദേഷ്ടാവ് കൂടിയായ ചിന്നപ്പ റെഡ്ഡി.
ഒരു വർഷത്തിനുള്ളിൽ കായിക വിദ്യാഭ്യാസത്തിന് വേണ്ട അംഗീകാരം കിട്ടുമെന്നും കേന്ദ്ര സർക്കാർ, സ്ക്കൂൾ തലത്തിൽ കായിക വിദ്യാഭ്യാസം നിർബന്ധമാക്കാൻ വേണ്ട നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും ഫിസിക്കൽ എജ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ഡോ.പിയൂഷ് ജയിൻ അറിയിച്ചു. തെലങ്കാന സ്പോർട്സ് മന്ത്രി വാകിതി ശ്രീഹരി ഉദ്ഘാടനം ചെയ്തു. യങ് ഇന്ത്യ ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കിഷോർ ഗോപിനാഥൻ, ഖേലോ ഇന്ത്യ ഡയറക്ടർ അമർ ജ്യോതി, സ്പോർട്സ് അതോരിറ്റി ഓഫ് തെലങ്കാന ചെയർമാൻ ശിവസേന റെഡ്ഡി സർക്കാരിന്റെ സ്പോർട്സ് ഉപദേശകൻ ജിതേന്ദ്ര റെഡ്ഢി എന്നിവർ പ്രസംഗിച്ചു.
ഫിഫ ഫിസിക്കൽ ഫിറ്റ്നസ് വിദഗ്ധൻ ഡോ.പ്രദീപ് ദത്ത, ഡോ.നിതിൻ കുമാർ ബെജങ്കി, ഡോ.മുരളീധർ ബാബി, ഡോ.നരേഷ് കുമാർ പജിദിമല്ലി, കാർത്തിക് യാനമന്ദ്ര തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. എട്ടാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഹൈദരാബാദിലും തെലങ്കാനയിലെ ഇതര വേദികളിലുമായി ഡിസംബർ 11-നു തുടങ്ങും.
Published: 27 Nov 2026, 02:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented