മുംബൈ: പാകിസ്താനി അഭിനേതാക്കളായ ഫവാദ് ഖാനും മഹീറ ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്ന സീരീസായ 'ജോ ബചേ ഹേൻ സാങ് സമേത് ലോ' വിവാദം പുതിയ വഴിത്തിരിവിലേക്ക്. സീരീസ് നിരോധിച്ചില്ലെങ്കിൽ ഇന്ത്യയിൽ നെറ്റ്ഫ്ലിക്‌സ് നിർമിക്കുന്ന പ്രോജക്ടുകളിൽ നിന്ന് പ്രവർത്തകരെ പിൻവലിക്കുമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് പ്രസിഡന്റ് ബി.എൻ. തിവാരി മുന്നറിയിപ്പ് നൽകി. ഡിസംബർ നാല് മുതലാണ് സീരീസ് നെറ്റ്ഫ്ലിക്‌സിൽ സ്ട്രീം ചെയ്യുന്നത്.
ഇന്ത്യയുടെ നയങ്ങൾക്കോ ദേശീയ താത്പര്യങ്ങൾക്കോ എതിരായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന് നെറ്റ്ഫ്ലിക്‌സ് നേരത്തെ സമ്മതിച്ചിരുന്നതായി എ.എൻ.ഐയോട് സംസാരിക്കവെ തിവാരി പറഞ്ഞു. അതൊക്കെയാണെങ്കിലും അവർ ഇപ്പോൾ ഒരു പാകിസ്താനി സീരീസിന്റെ പ്രൊമോ പുറത്തുവിട്ടിരിക്കുന്നു; ഷോ ഉടൻ റിലീസ് ചെയ്യുകയും ചെയ്യും. അവരുടെ നിയന്ത്രണം അമേരിക്കയിൽ നിന്നാണെന്നും അവിടെ നിന്നാണ് സംപ്രേഷണം നടക്കുന്നതെന്നും എനിക്കറിയാം. അല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ഏതെങ്കിലും കോണിലായിരുന്നെങ്കിൽ ഞങ്ങൾ ഇതിനകം തന്നെ അത് തടയുമായിരുന്നു അദ്ദേഹം പറഞ്ഞു.
പാകിസ്താനി ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് ഇന്ത്യാ ഗവൺമെന്റ് നേരത്തെ തന്നെ ഇവിടെ പ്രവർത്തിക്കുന്ന എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾക്കും നിർദ്ദേശം നൽകിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. 'ജോ ബചേ ഹേൻ സാങ് സമേത് ലോ' എന്ന സീരീസ് നെറ്റ്ഫ്ലിക്‌സ് നിരോധിക്കാത്തപക്ഷം കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
'നെറ്റ്ഫ്ലിക്‌സ് ഇതുവരെ ഞങ്ങളുടെ നല്ല പട്ടികയിലായിരുന്നു. അവർ ഇത് നിർത്തുന്നില്ലെങ്കിൽ, അവരുടെ ഷൂട്ടിംഗ് എവിടെ നടക്കുന്നുണ്ടോ അവിടെ നിന്നെല്ലാം ഞാൻ ഞങ്ങളുടെ ആളുകളെ പിൻവലിക്കും; എല്ലാ ലൊക്കേഷനുകളിലെയും ഷൂട്ടിങ് തടയും,' തിവാരി വാർത്താ ഏജൻസിയോട് പറഞ്ഞു. പാകിസ്താനി കലാകാരന്മാർക്കൊപ്പം തങ്ങൾ പ്രവർത്തിക്കില്ലെന്നും അംഗങ്ങളെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാ മേഖലയിലെ ഏകദേശം 95 ശതമാനം തൊഴിലാളികളെയും കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും തങ്ങളുടെ സംഘടന പ്രതിനിധീകരിക്കുന്നുണ്ടെന്ന് തിവാരി അവകാശപ്പെട്ടു. നെറ്റ്ഫ്ലിക്‌സിന്റെ തീരുമാനം ഇന്ത്യൻ സിനിമാ വ്യവസായവുമായുള്ള അവരുടെ പ്രവർത്തനബന്ധത്തെ നേരിട്ട് ബാധിക്കുമെന്നും 'നമ്മുടെ രാജ്യത്തിനൊപ്പം നിൽക്കാത്തവർ ഞങ്ങൾക്കൊപ്പവുമില്ല' എന്നും അദ്ദേഹം വ്യക്തമാക്കി.
മൊമിന ദുരൈദാണ് 'ജോ ബചേ ഹേൻ സാങ് സമേത് ലോ' നിർമിക്കുന്നതും സംവിധാനം ചെയ്യുന്നതും. ഫവാദ് ഖാനും മഹീറ ഖാനും പുറമേ സനം സയീദ്, അഹദ് റാസ മിർ, ഇക്ര അസീസ്, ഹനിയ ആമിർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആറ് പ്രണയകഥകൾ കോർത്തിണക്കിയ നെറ്റ്ഫ്ലിക്‌സിന്റെ ആദ്യ പാകിസ്താനി സീരീസാണിത്. പാകിസ്താനി നോവലിസ്റ്റ് ഫർഹത് ഇഷ്തിയാഖിന്റെ ഇതേ പേരിലുള്ള 2013-ലെ നോവലിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. കറാച്ചിയിൽ നടന്ന ചടങ്ങിലാണ് ട്രെയിലർ പുറത്തിറക്കിയത്.
Published: 27 Nov 2026, 02:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented