ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാനെതിരേ കടുത്ത വിമര്‍ശനങ്ങളുമായി സഹതാരവും മുന്‍ ക്യാപ്റ്റനുമായിരുന്ന ജാവേദ് മിയാന്‍ദാദ്. പാകിസ്താന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണം ഇമ്രാന്‍ ഖാനാണെന്ന് ആരോപിച്ച മിയാന്‍ദാദ്, നിലവില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ആര്‍ക്കും ക്രിക്കറ്റിന്റെ 'എബിസിഡി' അറിയില്ലെന്നും തുറന്നടിച്ചു.
തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു മിയാന്‍ദാദിന്റെ പ്രതികരണം. ഇമ്രാന്‍ ഖാനെ പാകിസ്താന്‍ പ്രധാനമന്ത്രിയാക്കിയത് താനാണെന്നും മിയാന്‍ദാദ് പറഞ്ഞു. തന്റെ വീട്ടിലേക്കുവന്ന ഇമ്രാന്‍ പ്രധാനമന്ത്രിയായാണ് പുറത്തേക്ക് പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് ഇമ്രാന്‍ പ്രതിഷ്ടിച്ചിരിക്കുന്നവരില്‍ ആര്‍ക്കും തന്നെ ക്രിക്കറ്റിന്റെ 'എബിസിഡി' അറിയില്ല. പാക് ക്രിക്കറ്റിന്റെ നിലവിലെ ദുരവസ്ഥയെ കുറിച്ച് ഇമ്രാനുമായി വ്യക്തിപരമായി സംസാരിക്കുന്നുണ്ട്. രാജ്യത്തിന്റെ നല്ലതിനായി അല്ലാതെ പ്രവര്‍ത്തിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും മിയാന്‍ദാദ് ക്ഷുഭിതനായി പറഞ്ഞു.
ഏറെ വൈകാരികമായാണ് മിയാന്‍ദാദ് തന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ചത്. ക്രിക്കറ്റിലെ പോലെ തന്നെ രാഷ്ട്രീയത്തിലും ഇമ്രാന്‍ ഖാനെ എതിര്‍ക്കുമെന്നും ഇതിനായി വേണമെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് വിദേശത്തു നിന്ന് കൊണ്ടുവന്ന് പ്രതിഷ്ടിച്ചിട്ടുള്ളയാള്‍ എന്തെങ്കിലും അഴിമതി കാണിച്ച് മുങ്ങിയാല്‍ എവിടെ പോയി പിടികൂടുമെന്നും മിയാന്‍ദാദ് ചോദിക്കുന്നു.
''ഞാന്‍ നിങ്ങളുടെ ക്യാപ്റ്റനായിരുന്നു. അല്ലാതെ നിങ്ങള്‍ എന്റെ ക്യാപ്റ്റനായിരുന്നില്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷം നിങ്ങളുമായി സംസാരിക്കുന്നുണ്ട്. ഞാനായിരുന്നു നിങ്ങളെ എപ്പോഴും നയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വയം ദൈവമാണെന്ന തോന്നലാണ്. രാജ്യത്തെ ഏറ്റവും ബുദ്ധിമാനായ വ്യക്തി നിങ്ങളാണെന്നാണോ കരുതുന്നത്. നിങ്ങള്‍ക്ക് രാജ്യത്തെ കുറിച്ച് ചിന്തയില്ല.'' - മിയാന്‍ദാദ് പറഞ്ഞു.
Content Highlights: Javed Miandad lashes out at PM Imran Khan for ruining cricket in Pakistan