
ബെംഗളൂരു: കൈയിൽ പോൾ കരുതിയ പോൾട്ട് വോൾട്ട് താരങ്ങളെ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ദേശീയ പോൾവാൾട്ട് താരങ്ങളായ ദേവ് മീനക്കും കുൽദീപ് യാദവിനുമാണ് ദുരനുഭവം നേരിടേണ്ടിവന്നത്. കൈയിൽ കരുതിയിരുന്ന പോളിനെ ചൊല്ലി ടിടിഇ സംശയം ഉന്നയിക്കുകയും ഇരുവരേയും ട്രെയിനിൽ നിന്ന് പുറത്തിറക്കുകയും ചെയ്തുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ-യൂണിവേഴ്സിറ്റി അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. വിഷയം വിമർശനങ്ങൾക്ക് വഴിവെച്ചു.
പോളുകൾ അനധികൃത ലഗേജാണെന്ന് പറഞ്ഞുകൊണ്ട് ടിടിഇ ചോദ്യംചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. താരങ്ങളുടെ വിശദീകരണങ്ങളൊന്നും ചെവികൊള്ളാൻ തയ്യാറായതുമില്ല. പോളുകൾ അത്യാവശ്യമാണെന്നും വളരെ പ്രത്യേകതയുള്ള ഉപകരണങ്ങളാണെന്ന് പറഞ്ഞിട്ടും അധികൃതർ കേൾക്കാൻ തയ്യാറായില്ല. ഏകദേശം 5 മീറ്റർ നീളമുള്ള പോളുകൾക്ക് ഓരോന്നിനും 2 ലക്ഷത്തോളം രൂപ വിലയുണ്ട്. ഇതാണ് അനധികൃത ലഗേജാണെന്ന് ടിടിഇ വിധിച്ചത്.
പൻവേൽ സ്റ്റേഷനിൽ വെച്ച് താരങ്ങളോട് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കണമെന്ന് പറഞ്ഞതും പിഴ അടയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചതുമെല്ലാം അധികൃതർ തള്ളിയെന്ന് താരങ്ങൾ പറയുന്നു. "ഇവിടെ നാല് മുതൽ അഞ്ച് മണിക്കൂറുകളായി ഞങ്ങൾ കാത്തിരിക്കുന്നു. ഞങ്ങൾക്ക് ഇത് സംഭവിക്കുമ്പോൾ ജൂനിയർതാരങ്ങൾ എന്താണ് പ്രതീക്ഷിക്കേണ്ടത്?. ഇത്തരം കാര്യങ്ങൾ ഇപ്പോഴും ഇന്ത്യയിലെ ഒരു അന്താരാഷ്ട്ര താരത്തിന് സംഭവിക്കുമ്പോൾ എന്തുപറയാനാണ്?."- ദേവ് മീന പറഞ്ഞു. ദേശീയ റെക്കോഡ് ഹോൾഡറാണ് മീന.
വിശദമായ ചർച്ചകൾക്കും പിഴയടച്ചതിനും ശേഷം മറ്റൊരു ട്രെയിനിൽ കയറാൻ അവർക്ക് അനുമതി നൽകുകയായിരുന്നു. എന്നാൽ, ഈ അനുമതി ഒരു നിബന്ധനയോടെയാണ് ലഭിച്ചത്. പോളുകൾ വെക്കുന്ന സ്ഥലം സംബന്ധിച്ച് ഏതെങ്കിലും യാത്രക്കാരൻ പരാതിപ്പെട്ടാൽ അവർക്കെതിരെ കൂടുതൽ നടപടിയെടുക്കുമെന്നാണ് അറിയിച്ചത്.
വിമാനയാത്രകളിലും സമാനമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് കുൽദീപ് പറഞ്ഞു. ബെംഗളൂരു മീറ്റിൽ 5.10 മീറ്റർ ചാടി സ്വർണം നേടിയ താരമാണ് കുൽദീപ് യാദവ്. "ട്രെയിനുകളിൽ മാത്രമല്ല, വിമാനങ്ങളിലും ഇതേ പ്രശ്നം ഉണ്ടാകുന്നു. കായികതാരങ്ങൾ എവിടെ പോകാനാണ്? ഞങ്ങൾക്ക് യാത്ര ചെയ്യാൻ സ്ഥലം ആവശ്യമാണ്. പണം നൽകേണ്ടി വന്നാൽ പോലും ഞങ്ങൾ നൽകും, പക്ഷേ ഞങ്ങളുടെ ഉപകരണങ്ങൾ ശരിയായി കൊണ്ടുപോകണം."- അദ്ദേഹം പറഞ്ഞു.
Content Highlights: India's Top Pole Vaulters Forced To Deboard Train
Published: 20 Jan 2026, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented