ഷൊർണൂർ: മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് തീവണ്ടിയിൽ യാത്രക്കാരി ടി.ടി.ഇ.യെ മർദിച്ചതായി പരാതി. പാലക്കാട് ഡിവിഷനിലെ ഷൊർണൂർ ടീമിലെ ടിക്കറ്റ് പരിശോധകൻ എസ്. സുജിത്താണ് (38) യാത്രക്കാരി പട്ടിത്തറ സ്വദേശിനി ശ്രുതിക്കെതിരേ (30) പരാതി നൽകിയത്.

To advertise here,

തിങ്കളാഴ്ച രാത്രി ഏഴോടെ ഫറോക്കിൽ വെച്ചാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിൽ യാത്ര ചെയ്യാൻ ഫറോക്കിൽനിന്ന് കുറ്റിപ്പുറത്തേക്ക് ജനറൽ കംപാർട്ടുമെന്റിൽ ടിക്കറ്റെടുത്ത യുവതി, റിസർവേഷൻ കോച്ചിൽ കയറിയിരുന്നു. ടി.ടി.ഇ. എസ്. സുജിത്ത് റിസർവേഷൻ കോച്ചാണെന്നും ജനറൽ കോച്ചിലേക്ക് മാറിക്കയറണമെന്നും നിർദേശിച്ചെങ്കിലും യുവതി തർക്കിക്കുകയും തുടർന്ന് മർദിക്കുകയുമായിരുന്നെന്നാണ് പരാതി. ജോലി തടസ്സപ്പെടുത്തിയെന്നും മുഖത്ത് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ചാണ് ടി.ടി.ഇ.യുടെ പരാതി.

അതേസമയം, ടിക്കറ്റ് പരിശോധകൻ തന്നെ അസഭ്യം വിളിച്ചെന്നും മർദിച്ചെന്നും കാണിച്ച് ശ്രുതിയും പോലീസിൽ പരാതിനൽകിയിട്ടുണ്ട്. ടിക്കറ്റ് ചോദിച്ചതിന് ശേഷം അസഭ്യം വിളിച്ചെന്നും ആക്രമിക്കാൻവന്നപ്പോൾ സ്വയംരക്ഷയ്ക്കുവേണ്ടി മുഖത്ത് പിടിച്ച് തള്ളിയതാണെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇരുവർക്കുമെതിരേ ഷൊർണൂർ റെയിൽവേ പോലീസ് കേസെടുത്തു. മർദനമേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. സുജിത്തിന്റെ മുഖത്തും കഴുത്തിലും മുറിവേറ്റിട്ടുണ്ട്.