കൊച്ചി: മാവേലി എക്‌സ്പ്രസ് ട്രെയിനിൽ ടിക്കറ്റില്ലാതെ മദ്യപിച്ചു കയറി ടി.ടി.ഇ.യോട് അപമര്യാദയായി പെരുമാറുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്ത പ്രതി പോലീസ് പിടിയിൽ. മട്ടാഞ്ചേരി ചെറിയപുരക്കൽ വീട്ടിൽ ഷാഹിൽ (24) ആണ് അറസ്റ്റിലായത്.

To advertise here,

മാവേലി എക്‌സ്പ്രസ് ആലപ്പുഴ തുറവൂർ പിന്നിട്ട സമയത്തായിരുന്നു സംഭവം. ഞായറാഴ്ച രാത്രിയാണ് ഷാഹിൽ സ്ലീപ്പർ കോച്ചിൽ ടിക്കറ്റില്ലാതെ കയറിയത്. ഇയാളോട് ടിക്കറ്റ് ചോദിച്ചപ്പോൾ ട്രെയിനിന് ഉള്ളിൽ വെച്ച് ടി.ടി.ഇ.യെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് ടി.ടി.ഇ. ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വിവരം അറിയിച്ചു. ആക്രമണം തടയാൻ എത്തിയ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർക്ക് നേരേയും പ്രതി അതിക്രമം നടത്തി. സിവിൽ പോലീസ് ഓഫീസർമാരായ കെ.വി. വിനേഷ് കുമാറിന്റെയും അനീഷിന്റെയും മുഖത്തും കൈയിലും പരിക്കുണ്ട്.

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ കേസെടുത്തിട്ടുള്ളത്. എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത ഷാഹിലിനെ റിമാൻഡ് ചെയ്തു.