
കൊൽക്കത്ത: ലൈംഗികാതിക്രമണ ആരോപണത്തെത്തുടർന്ന് പശ്ചിമബംഗാളിൽ അധ്യാപകനെ മുട്ടയെറിഞ്ഞും ചെരുപ്പുമാല അണിയിച്ചും ക്യാമ്പസ്സിലൂടെ നടത്തിച്ചു. ഒരു വിദ്യർഥിനിക്ക് സൗജന്യമായി ട്യൂഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് അധ്യാപകൻ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചത്.
ഗോബർഡാംഗ ഹിന്ദുകോളേജിലെ ഭൂമിശാസ്ത്രവിഭാഗം ഗസ്റ്റ് ലക്ചർ ആയിരുന്ന സന്ദീപ് ദത്തയെയാണ് വിദ്യാർഥികൾ കോളേജ് ക്യാമ്പസ്സിലൂടെ നടത്തിച്ച് ചൂലുകൊണ്ടു മർദിക്കുകയും ചെരുപ്പുമാല അണിയിക്കുകയും മുട്ടയെറിയുകയും ചെയ്തത്. തുടർന്ന് വിദ്യാർഥികൾ ഇയാളെ പോലീസിന് കൈമാറി. ഗോബർഡാംഗ പോലീസ് സ്റ്റേഷനിൽ ഔദ്യോഗിക പരാതി രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സന്ദീപ് ദത്തയെ അറസ്റ്റ് ചെയ്തു.
ക്ലാസ്സിൽ പഠിപ്പിക്കുന്നത് മനസ്സിലാകുന്നുണ്ട്, ട്യൂഷന്റെ ആവശ്യമില്ല എന്നറിയിച്ചിട്ടും അധ്യാപകൻ നിരന്തരം ശല്യം ചെയ്യുകയും അനുചിതമായ രീതിയിൽ സമീപിക്കുകയും ചെയ്തെന്നാണ് വിദ്യാർഥിനിയുടെ ആരോപണം. സ്വകാര്യ ട്യൂഷന് വരാൻ വിസമ്മതിച്ചാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി അറിയിച്ചു. ഇതിനെക്കുറിച്ച് മുതിർന്ന വിദ്യാർഥികളെ അറിയിച്ചപ്പോഴാണ് അവർ അധ്യാപകനെ ചോദ്യം ചെയ്ത് ക്യാമ്പസ്സിലൂടെ നടത്തിയത്.
എവിടെ വേണമെങ്കിലും പരാതി നൽകിയ്‌ക്കോ എന്ന് പല വിദ്യാർഥിനികളോടും അധ്യാപകൻ പറഞ്ഞിരുന്നുവെന്നും, എന്നാൽ അത്തരം പരാതികൾ കൊണ്ട് തനിക്ക് യാതൊരു ദോഷവും സംഭവിക്കില്ലെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മറ്റൊരു വിദ്യാർഥിനിയും ആരോപിച്ചു. അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിദ്യാർഥികൾ പോലീസിനോട് ആവശ്യപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിദ്യാർഥിനി ഉന്നയിച്ച ആരോപണങ്ങളും അധ്യാപകനെ പൊതുസ്ഥലത്ത് ആക്രമിച്ച സംഭവത്തിന്റെ സാഹചര്യങ്ങളും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Guest lecturer Sandip Dutta arrested for sexual harassment, Incident occurred at Gobardanga Hindu College, Teacher threatened student with exam failure for refusing private tuition, Students protested by parading the accused on campus, Police investigation currently underway
Published: 25 Jul 2026, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented