ന്യൂഡൽഹി: 22 വർഷത്തിനുശേഷം ക്രിമിനൽ കേസിൽ നിന്ന്് കുറ്റവിമുക്തനാക്കപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിൻ. ഡൽഹി പട്യാല ഹൗസ് കോടതിയാണ് മുൻ താരത്തെ കുറ്റവിമുക്തനാക്കിയത്. 2004-ലെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ ഐ.പി.സി. 420, 468, 471, 120ബി വകുപ്പുകളും പാസ്പോർട്ട് നിയമത്തിലെ 12-ാം വകുപ്പും പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

To advertise here,

യുകെ ഇമിഗ്രേഷൻ വ്യാജ സ്റ്റാമ്പിങ്, യാത്രാ ക്രമീകരണങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജേക്കബിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ല. സാമ്പത്തിക ഇടപാടുകളെ കുറിച്ചും അജ് വ സ്‌പോർട്‌സ് ക്ലബ്ബിന്റെ ഉടമസ്ഥതയോ നിയന്ത്രണമോ സംബന്ധിച്ചും വിശ്വസനീയമായ തെളിവുകൾ ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികൾക്കൊന്നും ആരോപണങ്ങളെ സാധൂകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറ്റവിമുക്തനായ ശേഷം ജേക്കബ് മാർട്ടിൻ മാധ്യമങ്ങളോട് സംസാരിച്ചു. 2004-ൽ തന്റെ ടീമിലെ ഒരംഗം യുകെ വിസയുടെ കാലാവധി കഴിഞ്ഞിട്ടും അവിടെ തങ്ങുകയും വ്യാജ സ്റ്റാമ്പിങ്ങിലൂടെ ഇന്ത്യയിലേക്ക് മടങ്ങിയെന്നും തുടർന്നാണ് കേസ് തനിക്കെതിരെ വന്നതെന്നും ജേക്കബ് മാർട്ടിൻ വ്യക്തമാക്കി. '2004-ൽ എന്റെ നേതൃത്വത്തിൽ ഒരു ടീം യുകെയിൽ ക്രിക്കറ്റ് മത്സരങ്ങൾക്കായി പോയിരുന്നു. ആ ടീമിലെ എല്ലാവരും മത്സരശേഷം നാട്ടിലെത്തി. എന്നാൽ ഒരു താരം മാത്രം യുകെയിൽ തുടർന്നു. അദ്ദേഹത്തിന്റെ വിസയ്ക്ക് ആറു മാസത്തെ കാലാവധിയുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ആറ് മാസത്തിനുശേഷവും അവിടെ തങ്ങി. മറ്റൊരാളുടെ സഹായത്തോടെ വ്യാജ സ്റ്റാമ്പിങ്ങും നടത്തി. പിന്നീട് ഈ വിസയുമായി ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ നിന്ന് പിടികൂടി ചോദ്യം ചെയ്തു.

അന്വേഷണത്തിന്റെ തുടക്കത്തിൽ എന്റെ പേര് എഫ്‌ഐആറിൽ ഇല്ലായിരുന്നു. ആ താരത്തെ ചോദ്യം ചെയ്ത ശേഷമാണ് ഞാനും അതിൽ അകപ്പെട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലയിൽ അവർ എന്നെ ഈ കേസിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നു. ഈ 22 വർഷത്തിനിടയിൽ ബിസിസിഐയിൽ നിന്നുപോലും ഒരു മറുപടിയും എനിക്ക് കിട്ടിയില്ല. റെയിൽവേയിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ ഈ വിധി വന്നത് എന്റെ ജീവിതത്തിലെ വഴിത്തിരിവാണ്.'-ജേക്കബ് മാർട്ടിൻ വ്യക്തമാക്കി.

വലങ്കയ്യൻ ബാറ്ററായ ജേക്കബ് മാർട്ടിൻ ഇന്ത്യക്കായി 10 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. 22.57 ശരാശരിയിൽ 158 റൺസും നേടി.