ന്യൂഡൽഹി: ഈ മാസം ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർ കളിക്കില്ല. ഏകദിന ടീമിന്റെ ഉപനായകനാണെങ്കിലും ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നതിനാൽ ശ്രേയസ് അയ്യർക്ക് പരമ്പരയുടെ ഭാഗമാകാൻ സാധിക്കില്ല. ടി20 ഫോർമാറ്റിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.

To advertise here,

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ നേരിട്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. അതിനാൽ സെപ്റ്റംബർ 28 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 1 ന് സെമിയും 3 ന് ശേഷിക്കുന്ന മെഡൽ പോരാട്ടങ്ങളും നടക്കും. ഇതേ തീയതികളിലാണ് വിൻഡീസ് പരമ്പരയും നടക്കുന്നത്. സെപ്റ്റംബർ 27, 30, ഒക്ടോബർ 3 തീയതികളിലാണ് വിൻഡീസിനെതിരായ മത്സരങ്ങൾ. മത്സരങ്ങൾ ഒരേസമയം നടക്കുന്നതിനാൽ അയ്യർക്ക് വിൻഡീസ് പരമ്പര നഷ്ടമാകും. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് അയ്യരാണ്.

2022-ൽ ചൈനയിലെ ഹാങ്ചൗവിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനെതിരെയുള്ള ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്ന് ഉയർന്ന സീഡിങ്ങിന്റെ ആനുകൂല്യത്തിലാണ് ഇന്ത്യ അന്ന് വിജയികളായത്. ഇത്തവണ ശക്തമായ നിരയാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നീ പേസർമാരും അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ എന്നീ പ്രമുഖ ഇടംകൈയ്യൻ ബാറ്റർമാരും ടീമിലുണ്ട്. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ടീമിലും സീനിയർ തലത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.

ഇന്ത്യൻ പുരുഷ ടി20 ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, ജസ്പ്രീത് ബുംറ.