തിരുവനന്തപുരം: മൂന്നാം ചാട്ടത്തിലും പിഴച്ച് പുറത്തേക്ക് തിരിച്ചുനടക്കുമ്പോൾ അഭിനവിന്റെ മുഖത്ത് നിരാശയായിരുന്നില്ല, മറിച്ച് ആത്മവിശ്വാസമായിരുന്നു. ഇനിയും കൂടുതൽ ശക്തിയായി പോരാടുമെന്ന പ്രഖ്യാപനം. ഇങ്ങനെയൊരു മടക്കമായിരുന്നില്ല ആഗ്രഹിച്ചതെങ്കിലും തലയുയർത്തി തന്നെയാണ് അഭിനവ് സംസ്ഥാന ഒളിമ്പിക്‌സിലെ പോൾ വോൾട്ട് ട്രാക്കിൽ നിൽക്കുന്നത്. ജിഎച്ച്എസ്എസ് മാനന്തവാടി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അഭിനവ് 2.80 മീറ്റർ ഉയരം താണ്ടാനാവാതെയാണ് പുറത്തായത്.

To advertise here,

കഠിനമായ ജീവിതസാഹചര്യങ്ങളിലൂടെയാണ് അഭിനവ് പോൾ വാൾട്ടിലേക്കെത്തുന്നത്. കൃത്യമായ പരിശീലനം നടത്താനാവശ്യമായ സൗകര്യങ്ങളുണ്ടായിരുന്നില്ല. പണമില്ലാത്തതും വെല്ലുവിളിയായി. ഫൈബർ പോൾ ഉപയോഗിച്ച് പരിശീലനം നടത്താനാവാതെ ഉഴറിയ ആ കൗമാരക്കാരൻ പരിശീലകൻ സജി സാറിനുമൊപ്പം പറമ്പിൽ നിന്ന് മുള വെട്ടിയെടുത്തു. പോളിന്റെ രൂപത്തിലാക്കി. പിന്നാലെ പരിശീലനം ആരംഭിച്ചു. വെല്ലുവിളികൾ ഏറെയുണ്ടായിരുന്നെങ്കിലും മുന്നോട്ട് തന്നെ അഭിനവ് ചാടിക്കൊണ്ടേയിരുന്നു. ആ ചാട്ടം വയനാട് ജില്ലയും കടന്ന് സംസ്ഥാന ഒളിമ്പിക്‌സിലുമെത്തി.

''സ്‌പോർട്‌സിലായിരുന്നു ആദ്യം മുതലേ താത്പര്യം. അത് കണ്ട് സജി സാറാണ് പോൾ വോൾട്ട് ഇനം പരിചയപ്പെടുത്തിയത്. പക്ഷെ പോൾ ഇല്ലാത്തത് പ്രശ്‌നമായി. അതോടെ ഞാനും സജി സാറും സ്‌കൂളിനടുത്തുള്ള പറമ്പിൽ നിന്ന് മുള വെട്ടിയെടുത്തു. പോളിന്റെ രൂപത്തിലാക്കി. അങ്ങനെ രണ്ട് മാസത്തോളം പരിശീലിച്ചു. സബ് ജില്ലയിലും ജില്ലയിലും സ്വർണം നേടി.'' - അഭിനവ് പറഞ്ഞു.

ജില്ലാതലം വരെ മുള ഉപയോഗിച്ചാണ് അഭിനവ് ഉയർന്നു ചാടിയത്. മത്സരിച്ച മറ്റുള്ളവർ ഫൈബർ പോളിൽ ഉയരങ്ങൾ കീഴടക്കുമ്പോൾ നോക്കി നിന്ന അഭിനവ് സംസ്ഥാന തലത്തിൽ എത്തിയപ്പോഴും ആശങ്കയിലായിരുന്നു. എന്നാൽ മന്ത്രി ഒ.ആർ കേളു, പോൾ സമ്മാനിച്ചു. അങ്ങനെയാണ് അഭിനവ് കായിക മേളക്കെത്തുന്നത്. അതേസമയം മുളയിൽ ഉയർന്നു ചാടിയതുപോലെ ഫൈബറിൽ അതിന് സാധിച്ചില്ലെന്ന് അഭിനവ് പറയുന്നു. പരിശീലനത്തിന്റെ അഭാവവും വിലങ്ങുതടിയായി. നേരത്തെ മൂന്നു മീറ്ററും കടന്ന് ചാടിയിട്ടുള്ള അഭിനവിന് പക്ഷെ സംസ്ഥാനത്തലത്തിൽ അതിന് സാധിച്ചില്ല. 2.6 മീറ്റർ കടന്നെങ്കിലും അതിനപ്പുറത്തേക്ക് കടക്കാനായില്ല. എങ്കിലും ഫൈബർ പോളിൽ കൂടുതൽ പരിശീലനം നടത്തി മുന്നേറുമെന്ന ഉറപ്പുമായാണ് പതിനഞ്ചുകാരൻ തിരിച്ചു നടക്കുന്നത്.