തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ കണ്ടെത്തൽ. കായികമേളയിൽ മെഡല്‍ നേടിയ ഉത്തര്‍പ്രദേശുകാരി ജ്യോതി ഉപാധ്യ പ്രായത്തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍ മത്സരങ്ങളില്‍ ജ്യോതി വെള്ളി മെഡല്‍ നേടിയിരുന്നു. ഈ ഇനങ്ങളിൽ നാലാം സ്ഥാനം നേടിയ മത്സരാര്‍ഥികളാണ് നേരത്തേ സംഘാടകര്‍ക്ക് പരാതി നല്‍കിയത്.

To advertise here,

19 വയസ്സ് പ്രായപരിധിയുള്ള മത്സരങ്ങളില്‍ 21 വയസ്സുകാരിയായ ജ്യോതി പങ്കെടുത്തതായി അന്വേഷണത്തിൽ വ്യക്തമായി. സ്കൂൾ പ്രവേശനത്തിന് വ്യാജ ആധാറാണ് നൽകിയത്. ഇതിൽ 2007 ൽ ജനിച്ചതായാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സൈറ്റില്‍ ജ്യോതി ഉപാധ്യ ജനിച്ചത് 2004-ല്‍ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് സെന്റ് ജോസഫ് എച്ച്എസ് പുല്ലൂരാംപാറ സ്കൂൾ വിദ്യാർഥിയാണ്. വിഷയത്തിൽ സ്കൂളിനോട് വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടും. അതിന് ശേഷമായിരിക്കും തുടർനടപടികൾ.

സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ മലപ്പുറത്തിന്റെ ആദിത്യ അജിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫോട്ടോ ഫിനിഷിനൊടുവില്‍ 24.75 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ആദിത്യ സ്വര്‍ണമണിഞ്ഞത്. 24.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കോഴിക്കോടിന്റെ ജ്യോതി ഉപാധ്യ രണ്ടാമതെത്തിയത്. മാത്രമല്ല, 100 മീറ്ററിലും ജ്യോതി വെള്ളി നേടിയിരുന്നു. 12.26 സെക്കന്‍ഡിലാണ് ജ്യോതി ഫിനിഷ് ചെയ്തത്.