തിരുവനന്തപുരം: സംസ്ഥാന സ്കൂൾ യുവജനോത്സവം വിജയമാക്കിയതിനു പിന്നാലെ, ഈ വർഷം തലസ്ഥാനം വേദിയായ, ഒളിമ്പിക്സ് മാതൃകയിലുള്ള സ്കൂൾ കായികമേളയുടെ സംഘാടനമികവിലും ‘ശിവൻകുട്ടി ടച്ച്’. മേളയിൽ ആദ്യമായി സ്വർണക്കപ്പ് ഏർപ്പെടുത്തിയതു മാത്രമല്ല, നിർധനരായ 50 കായികതാരങ്ങൾക്ക് വീടുവെച്ചു നൽകാനുള്ള പ്രഖ്യാപനവും മേളയിലുണ്ടായി. മേളയുടെ സമാപനച്ചടങ്ങിൽ ഗവർണറെ മുഖ്യാതിഥിയാക്കി, ജൂണിൽ ഭാരതാംബ വിവാദത്തിൽ രാജ്ഭവനിൽനിന്ന്‌ ഇറങ്ങിപ്പോന്നതിന്റെ പിണക്കവും മന്ത്രി അവസാനിപ്പിച്ചു. മികച്ച നിലയിൽ കായികമേള സംഘടിപ്പിച്ചതിന് സമാപനച്ചടങ്ങിൽ ഗവർണർ വിദ്യാഭ്യാസമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.

To advertise here,

ഒരാഴ്ച നീണ്ട കായികമേളയിൽ ഏറക്കുറെ മുഴുവൻ സമയവും മന്ത്രിയുടെ മേൽനോട്ടമുണ്ടായിരുന്നു. ദിവസവും രാവിലെ 10-11 മണിക്കുള്ളിൽ അദ്ദേഹം ശിക്ഷക് സദനിലെ സംഘാടകസമിതി ഓഫീസിലെത്തിയിരുന്നു. രാവിലെയും വൈകീട്ടുമായി ചുരുങ്ങിയത് രണ്ടോ മൂന്നോ അവലോകനയോഗങ്ങൾ ചേരും. ഇതിനിടയിൽ സ്റ്റേഡിയങ്ങളും നേരിട്ടു സന്ദർശിച്ച്‌ വിലയിരുത്തും. മത്സരങ്ങൾ അവസാനിച്ച ശേഷമേ ദിവസവും മന്ത്രി വീട്ടിലേക്കു മടങ്ങിയിരുന്നുള്ളൂ.

സ്കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായി ഗവർണറെ സമാപനച്ചടങ്ങിൽ മുഖ്യാതിഥിയാക്കാനുള്ള തീരുമാനവും മന്ത്രിയുടേതായിരുന്നു. ജൂൺ 19-ന് വിദ്യാഭ്യാസ വകുപ്പ് രാജ്ഭവനിൽ സംഘടിപ്പിച്ച സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ചടങ്ങാണ് മന്ത്രി ബഹിഷ്‌കരിച്ചത്. തുടർന്ന്, ഗവർണറുമായി പരസ്യമായി ഏറ്റുമുട്ടൽ അരങ്ങേറി. ഇടയ്ക്കുവെച്ച് മാസ്‌കറ്റ് ഹോട്ടലിൽ ഗവർണർ പങ്കെടുത്ത ചടങ്ങിൽ മന്ത്രി വരാതിരുന്നതും വിവാദമായി. ഓണം വാരാഘോഷത്തിൽ അതിഥിയായി വന്ന ഗവർണർക്കൊപ്പം മന്ത്രിയും പങ്കെടുത്തെങ്കിലും പിരിമുറുക്കം പൂർണമായി മാറിയിരുന്നില്ല. ഒടുവിൽ, വിദ്യാഭ്യാസവകുപ്പിന്റെതന്നെ കായികമേളയിൽ ഗവർണറെ ക്ഷണിച്ച് ശിവൻകുട്ടി സൗഹൃദത്തിന്റെ പാലം ഉറപ്പിച്ചു.